

കൊച്ചി : ഒരു 'ക്രിസ്ത്യന്‍ മുഖ്യമന്ത്രി' ഉണ്ടാകണമെന്ന് സഭ ചിന്തിക്കുന്നില്ലെന്ന് ബിഷപ്പ് ജോസഫ് മാര്‍ പാംപ്ലാനി. ഒരു ക്രിസ്ത്യന്‍ മുഖ്യമന്ത്രി സമുദായത്തിന് ഗുണകരമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കേരളത്തില്‍ മുമ്പ് ക്രിസ്ത്യന്‍ മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇല്ല, ഞങ്ങള്‍ ഒരിക്കലും അത്തരം ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.
അധികാരത്തിലിരിക്കുന്നത് ആരായാലും പൗരന്മാര്‍ എന്ന നിലയില്‍ ക്രൈസ്തവരുടെ നിയമപരമായ അവകാശങ്ങളിലാണ് സഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പാംപ്ലാനി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ വ്യക്തമാക്കി. അധികാരത്തിലിരിക്കുന്നവരുടെ മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല ഞങ്ങളുടെ നിലപാട്. മുമ്പ് എ കെ ആന്റണിയുടെ ഭരണകാലത്തും സഭ വലിയ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
കെ എം മാണിക്കു ശേഷം കേരള കോണ്‍ഗ്രസ് ക്ഷയിച്ചത് ക്രൈസ്തവ സമുദായത്തിന്റെ വിലപേശല്‍ ശേഷിയെ ബാധിച്ചു എന്നത് സത്യമാണ്. വിമോചന സമരത്തിന്റെ (1958-59) കാലം മുതല്‍, ക്രമേണ കേരള കോണ്‍ഗ്രസ് സാമൂഹിക സന്തുലിതാവസ്ഥ ആഗ്രഹിക്കുന്ന ഒരു ശക്തിയായി വളര്‍ന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഭയപ്പെട്ടിരുന്ന ഒരു ശക്തിയായി മാറി. എന്നാല്‍ വ്യക്തിപരമായ അഭിലാഷങ്ങളാലുള്ള പിളര്‍പ്പുകള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി.
പിളരുന്തോറും വളരുന്നു എന്ന ആശയം വിനാശകരമാണെന്ന് തെളിഞ്ഞു... ഇന്ന്, വളരാതെ പിളരുന്നത് തുടരുന്നു. കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ സഭ ഒന്നിപ്പിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അത്തരം രാഷ്ട്രീയ വ്യായാമങ്ങളില്‍ സഭയ്ക്ക് താല്‍പ്പര്യമില്ല. സമാന ചിന്താഗതിക്കാരായ ആളുകള്‍ സ്വന്തം നിലയ്ക്ക് ഒന്നിച്ചാല്‍, അതിനെ സ്വാഗതം ചെയ്യും എന്നല്ലാതെ സഭയായി അതിന് മുന്‍കൈ എടുക്കില്ലെന്ന് ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
'ക്യാംപസ് രാഷ്ട്രീയ നിരോധനത്തെ പിന്തുണയ്ക്കുന്നില്ല'
രാഷ്ട്രീയത്തെ ഗൗരവമേറിയതും മാന്യവുമായ ഒരു തൊഴിലായി കാണാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നതില്‍ സഭ പരാജയപ്പെട്ടു. സഭ നടത്തുന്ന നിരവധി കോളജുകളില്‍ നിന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയം ബോധപൂര്‍വ്വം നീക്കം ചെയ്തിരുന്നു. അത് ക്രിസ്ത്യന്‍ യുവാക്കളെ പൊതുപ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തി. കുടുംബങ്ങള്‍ വിദ്യാഭ്യാസം, ജോലി, സാമ്പത്തിക സ്ഥിരത എന്നിവയ്ക്ക് മുന്‍ഗണന നല്‍കി - പലപ്പോഴും വിദേശത്ത് പോകുന്നതാണ് പരിഗണിച്ചത്.
'മാന്യരായ' കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയം അനുയോജ്യമല്ലെന്നും അത് മടിയന്മാര്‍ക്കു വേണ്ടിയുള്ളതാണെന്നും വ്യാപകമായ ഒരു വിശ്വാസം ഉണ്ടായിരുന്നു. ഇത് പുതിയ തലമുറയില്‍, പ്രത്യേകിച്ച് മധ്യ കേരളത്തില്‍, ഒരു അരാഷ്ട്രീയ മനോഭാവം സൃഷ്ടിച്ചു. എന്നിരുന്നാലും, മലബാറില്‍, ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നതിനെ സഭ പിന്തുണയ്ക്കുന്നില്ല. പൗരബോധവും ജനാധിപത്യ മൂല്യങ്ങളും വികസിപ്പിക്കുന്നതിന് രാഷ്ട്രീയ ഇടപെടല്‍ അത്യാവശ്യമാണ്.
സഭ ഒരിക്കലും കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടുന്നില്ല. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ആശങ്ക ഉന്നയിക്കുകയാണ് ചെയ്യുന്നത്. വിമോചന സമരത്തെ പലപ്പോഴും കമ്മ്യൂണിസ്റ്റ് വിരുദ്ധമായി തെറ്റിദ്ധരിക്കാറുണ്ട്. വാസ്തവത്തില്‍, അത് വിദ്യാഭ്യാസ സ്വയംഭരണത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു. പ്രത്യയശാസ്ത്രപരമായ ശത്രുത ആയിരുന്നില്ല. ചരിത്രപരമായി, കേരളത്തിലെ ക്രിസ്ത്യാനികള്‍ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തൊട്ടുകൂടാത്തവരായി കണക്കാക്കിയിട്ടില്ല. ബിഷപ്പ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates