

കൊച്ചി: വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ മോശം കാലാവസ്ഥയാണെന്ന് കാണിച്ച് വ്യാജപ്രചാരണം നടത്തിയ സ്പൈസ് ജെറ്റ് എയർലൈൻസിനെതിരെ രൂക്ഷവിമർശനവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ). കൊച്ചിയിൽ വിമാന സർവീസുകളെ ബാധിക്കുന്ന തരത്തിൽ യാതൊരുവിധ പ്രതികൂല കാലാവസ്ഥയും ഉണ്ടായിട്ടില്ലെന്നും, സ്വന്തം ഭാഗത്തുനിന്നുണ്ടായ പ്രവർത്തന വീഴ്ചകൾ മറച്ചുവെക്കാൻ എയർലൈൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സിയാൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കൊച്ചിയിലെ പ്രതികൂല കാലാവസ്ഥ കാരണം വിമാനങ്ങളുടെ പുറപ്പെടലും എത്തിച്ചേരലും തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും കാണിച്ച് സ്പൈസ് ജെറ്റ് സോഷ്യൽ മീഡിയയിലൂടെ അറിയിപ്പ് നൽകിയിരുന്നു. ഇതിനെതിരെയാണ് സിയാൽ ശക്തമായ വിശദീകരണക്കുറിപ്പ് (പാസഞ്ചർ അഡ്വൈസറി) പുറത്തിറക്കിയത്.സ്പൈസ് ജെറ്റിന്റെ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരന്തരം തടസ്സപ്പെടുകയും യാത്രക്കാർ വലിയ പ്രതിസന്ധിയിലാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിന് കാരണം കൊച്ചിയിലെ മോശം കാലാവസ്ഥയാണെന്ന് വരുത്തിതീർക്കാനാണ് എയർലൈൻ ശ്രമിക്കുന്നത്. ഈ സമയത്ത് കൊച്ചിയിൽ നിന്ന് സർവീസ് നടത്തിയ മറ്റ് ഒരു വിമാനക്കമ്പനിയും കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം സർവീസ് തടസ്സപ്പെട്ടതായി അറിയിച്ചിട്ടില്ലെന്നും സിയാൽ ചൂണ്ടിക്കാട്ടി.
വിമാനങ്ങൾ റദ്ദാക്കുന്നതും വൈകുന്നതും കാരണം യാത്രക്കാർ നിരന്തരം പരാതിപ്പെടുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാൻ സ്പൈസ് ജെറ്റ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ല. ഉത്തരവാദിത്തമുള്ള വിമാനത്താവള ഓപ്പറേറ്റർ എന്ന നിലയിൽ ദുരിതത്തിലായ യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സിയാൽ ചെയ്തുകൊടുക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. സ്പൈസ് ജെറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനത്തിന്റെ കൃത്യമായ സമയം ഉറപ്പുവരുത്തണമെന്നും സിയാൽ നിർദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates