

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തണമെന്ന് എം പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വന്യജീവി സംരക്ഷണ നിയമം 1972 ലെ 11-ാം വകുപ്പില്‍ നിരവധി തടസ്സങ്ങളുണ്ട്. ഈ തടസ്സങ്ങള്‍ ലഘൂകരിക്കുന്ന നിയമഭേദഗതി 2025 ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്‍ നിയമസഭ പാസ്സാക്കിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തില്‍ വരുവാന്‍ രാഷ്ട്രപതിയുടെ അനുമതി ആവശ്യമാണ്. ഇത് എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴില്‍ 620 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം ലഭ്യമാക്കേണ്ടതുണ്ട്. വന്യജീവി ആക്രമണങ്ങള്‍ നേരിട്ടവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ കേന്ദ്രവിഹിതം അനുവദിച്ചു കിട്ടണം. പ്രധാനമന്ത്രി ആവാസ് യോജന 2.0 പദ്ധതിയുടെ മാര്‍ഗ്ഗരേഖ ഖണ്ഡിക 8.1 പ്രകാരം യൂണിറ്റ് കോസ്റ്റ് 2.5 ലക്ഷമായി ഉയര്‍ത്തിയപ്പോഴും കേന്ദ്രവിഹിതം 1.5 ലക്ഷമായി തുടരുകയാണ്. ഇതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 50,000 ത്തില്‍ നിന്നും ഒരു ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ബാക്കി തുക നഗരസഭകളാണ് വഹിക്കുന്നത്. കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്.
പദ്ധതിയുടെ മാര്‍ഗ്ഗരേഖ പ്രകാരം നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്ക് മുന്നില്‍ പി എം എ വൈ ലോഗോ വെക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അത് ഒഴിവാക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബ്രാന്‍ഡിങ് നിബന്ധന ഒഴിവാക്കുന്ന വിഷയത്തില്‍ അനുകൂല തീരുമാനം ലഭിക്കുന്നതിന് ഇടപെടലല്‍ അനിവാര്യമാണ്.
മേപ്പാടി - ചൂരല്‍മല ദുരന്തബാധിത മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി 2,221.03 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാല്‍ കേന്ദ്രസഹായമായി 260.56 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളൂ. അര്‍ഹമായ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയര്‍ത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലജീവന്‍ മിഷന്റെ രണ്ട് വര്‍ഷത്തെ സംസ്ഥാന വിഹിതത്തിനായി 17,500 കോടി രൂപ കടമെടുപ്പ് പരിധിക്ക് ഉപരിയായി അധിക കടം അനുവദിക്കണം. 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച തുകകളായ 6,757 കോടി രൂപയും, 3,323 കോടി രൂപയും പുനഃസ്ഥാപിക്കണം. സംസ്ഥാനങ്ങളുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ മൂലധന നിക്ഷേപങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക പദ്ധതിയായ എസ് എ എസ് സി ഐയുടെ ഭാഗമായി സംസ്ഥാനത്തിനു ലഭിക്കേണ്ട 300 കോടി രൂപ ലഭ്യമാക്കണം.
ജി എസ് ടി നികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തിന് നികുതി വരുമാനത്തില്‍ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ചരക്ക് സേവന നികുതിയിലും, ഓട്ടോമൊബൈല്‍, സിമന്റ്, ഇലക്ട്രോണിക്‌സ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള നികുതി വരുമാനത്തിലും ഭാഗ്യക്കുറിയുടെ ജി എസ് ടി നിരക്കിലും, കേന്ദ്രം നല്‍കേണ്ട ചരക്കുസേവന നികുതി വിഹിതത്തിലും വലിയ കുറവാണ് വന്നിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന വര്‍ദ്ധനവിനെ പ്രതികൂലമായി ബാധിക്കും. സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഉയര്‍ത്തേണ്ടതുണ്ട്.
എല്ലാ ഖാദി ഉത്പന്നങ്ങളെയും ജി എസ് ടിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ട്. 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മുഴുവന്‍ അവാര്‍ഡ് തുകയും ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തെ ആവര്‍ത്തന ഗ്രാന്റ് ഇനത്തില്‍ കേന്ദ്രവിഹിതത്തില്‍ വരുത്തിയ കുറവ് പരിഹരിച്ച്, തുക എത്രയും വേഗം ലഭ്യമാക്കണം.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി ഗ്ലോബല്‍ സിറ്റി, കൊച്ചി (നോഡ് - 2) പദ്ധതിക്ക് കേന്ദ്രാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ വിഷയം പാര്‍ലമെന്റ് സമ്മേളനത്തില്‍ വീണ്ടും ഉന്നയിക്കണം. ഓഫ്‌ഷോര്‍ ഏരിയാസ് ആറ്റോമിക് മിനറല്‍സ് ഓപ്പറേറ്റിങ് റൈറ്റ് റൂള്‍സ്, 2025 നിയമം നോട്ടിഫൈ ചെയ്തത് സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടാതെയാണ്. ഈ വിഷയത്തില്‍ സംസ്ഥാനത്തിന്റെ ആശങ്കകള്‍ അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിന് ടൈഡ് ഓവര്‍ വിഹിതത്തില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി നല്‍കാന്‍ കത്ത് നല്‍കിയിട്ടുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ഇനങ്ങളില്‍ കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ട തുക ലഭ്യമാക്കണം. സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് സബ്‌സിഡി നിരക്കില്‍ ആവശ്യമായ അളവില്‍ മണ്ണെണ്ണ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനുമേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണം.
സംസ്ഥാനത്തിന് എയിംസ് അനുവദിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതേവരെ കൈക്കൊണ്ടിട്ടില്ല. അതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്. വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസ് നടത്താനുള്ള പോയിന്റ് ഓഫ് കോള്‍ ലഭ്യമാക്കുന്നതിന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിടും ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല.
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ റെയില്‍ യാത്രാ സമയം കുറയ്ക്കാനുള്ള നടപടികള്‍ എടുക്കണം. ഇതിന് തിരുവനന്തപുരം - മംഗലാപുരം സെക്ഷനില്‍ മൂന്നും നാലും ലൈനുകള്‍ക്കുള്ള സര്‍വ്വെ പ്രവര്‍ത്തനം അതിവേഗം നടത്തണം. ഈ റൂട്ടില്‍ നമോ ഭാരത് റാപ്പിഡ് റെയിലും അനുവദിക്കണം. തലശ്ശേരി - മൈസൂര്‍ റെയില്‍ പദ്ധതി, നിലമ്പൂര്‍ - നഞ്ചന്‍ഗുഡ് പദ്ധതി, അങ്കമാലി - ശബരി റെയില്‍പാത തുടങ്ങിയ വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.
അട്ടപ്പാടി ജലസേചന പദ്ധതിയുടെ അംഗീകാരത്തിന് ആവശ്യമായ ഇടപെടല്‍ നടത്തണം. മടങ്ങിവന്ന പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി 1,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ ആവശ്യം എം പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരും കേരളത്തില്‍ നിന്നുള്ള എംപിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates