

തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടന വെറുമൊരു നിയമഗ്രന്ഥമല്ലെന്നും മറിച്ച് വൈവിധ്യങ്ങളെ ആഘോഷിക്കുന്ന തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാനാത്വത്തില്‍ ഏകത്വം എന്ന കാഴ്ചപ്പാട് അട്ടിമറിക്കാനും ഏകശിലാത്മകമായ ഒരു വിചാരധാര അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള ജാഗ്രതയാണ് റിപ്പബ്ലിക്ദിനം നമ്മോട് ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹവും സാഹോദര്യവും കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കണം ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഒരുമിച്ച് മുന്നേറാമെന്നും മുഖ്യമന്ത്രി റിപ്പബ്ലിക്ദിന സന്ദേശത്തില്‍ പറഞ്ഞു.
നമ്മുടെ രാജ്യം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതിന്റെ ഉജ്ജ്വല സ്മരണകള്‍ പുതുക്കുന്ന ഈ റിപ്പബ്ലിക് ദിനത്തില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. നമ്മുടെ ഭരണഘടനയുടെ അന്തസത്തയും ജനാധിപത്യ മൂല്യങ്ങളും മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയും ഫെഡറല്‍ തത്വങ്ങളും തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ ഭരണഘടന വെറുമൊരു നിയമഗ്രന്ഥമല്ല; മറിച്ച് വൈവിധ്യങ്ങളെ ആഘോഷിക്കുന്ന, തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവാണ്. 'നാനാത്വത്തില്‍ ഏകത്വം' എന്ന കാഴ്ചപ്പാട് അട്ടിമറിക്കാനും ഏകശിലാത്മകമായ ഒരു വിചാരധാര അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള ജാഗ്രതയാണ് ഈ ദിനം നമ്മോട് ആവശ്യപ്പെടുന്നത്.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ഫെഡറല്‍ സങ്കല്പം ഇന്ന് വലിയ വെല്ലുവിളിയിലാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരങ്ങള്‍ കവര്‍ന്നെടുത്തും, ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ആയുധങ്ങളാക്കിയും ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ നാം ഒന്നിച്ച് നില്‍ക്കേണ്ടതുണ്ട്. അധികാര വികേന്ദ്രീകരണത്തിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ മാതൃകകള്‍ ഈ പോരാട്ടത്തിന് കരുത്തുപകരുന്നു.
മതനിരപേക്ഷതയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച്, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന ഉറച്ച പ്രതിജ്ഞ നമുക്ക് ഈ ദിനത്തില്‍ പുതുക്കാം. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹവും സാഹോദര്യവും കൊണ്ട് പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കണം. ഇന്ത്യയെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ നമുക്ക് ഒരുമിച്ച് മുന്നേറാം.
നവകേരളത്തിനായി, പുരോഗമന ഇന്ത്യയ്ക്കായി. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി റിപ്പബ്ലിക് ദിനാശംസകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates