

തിരുവനന്തപുരം: കീഴ്‌വഴക്കങ്ങളൊക്കെ മാറ്റപ്പെടാനുള്ളതാണെന്നും ഭാവിയില്‍ ഒരുപാട് കീഴ്‌വഴക്കങ്ങള്‍ മാറ്റപ്പെടുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ വേദിയില്‍ ഉണ്ടാവാന്‍ പാടുള്ളൂ എന്ന ലോക്ഭവന്‍ നിര്‍ദേശം നിലനില്‍ക്കെ, വേദിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തതിനെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വി ഡി സതീശന്‍.
'നൂറ് വര്‍ഷം കഴിഞ്ഞാലും 150 വര്‍ഷം മുന്‍പുള്ള കീഴ്‌വഴക്കമാണ് എന്ന് പറയുന്നതില്‍ കാര്യമുണ്ടോ? ഇത് നിങ്ങള്‍ കണ്ടില്ലേ. സത്യപ്രതിജ്ഞ നിങ്ങള്‍ കണ്ടില്ലേ. ഈ സത്യപ്രതിജ്ഞയില്‍ വന്ന അതിഥികള്‍ ആരെല്ലാമായിരുന്നു. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, രണ്ടു സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാര്‍, നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, ഛത്തീസ്ഗഡിലെ മുന്‍ മുഖ്യമന്ത്രി. ഇതിന് മുന്‍പ് ഏതെങ്കിലും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഇത്രയുമധികം നേതാക്കള്‍ ഒരുമിച്ച് വന്ന സമയം ഉണ്ടായിട്ടുണ്ടോ? കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ നേതൃനിരയിലെ ബിജെപി പ്രസിഡന്റ്, സിപിഐ സെക്രട്ടറി, ലീഗിന്റെ നേതാവ് പാണക്കാട് തങ്ങള്‍ അടക്കം വലിയ നിര പങ്കെടുത്തു. അവിടത്തെ തിരക്ക് എന്തായിരുന്നു. നിയന്ത്രിക്കാന്‍ പോലും കഴിയാത്ത തിരക്കായിരുന്നു. അത് നമുക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. സുരക്ഷിതത്വവും മറ്റു കാര്യങ്ങളുമെല്ലാം പരിഗണിച്ച് എല്ലാവരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. കുറച്ച് പേരെ താഴെ ഇരുത്തുകയും കുറച്ച് പേരെ മുകളില്‍ ഇരുത്തുകയുമല്ല ചെയ്തത്.'- വി ഡി സതീശന്‍ പറഞ്ഞു.
'പ്രധാനപ്പെട്ട ആളുകളെയെല്ലാം നേരിട്ട് തന്നെയാണ് വിളിച്ചത്. മുന്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ പോയാണ് വിളിച്ചത്. സ്‌നേഹപൂര്‍വം ക്ഷണം സ്വീകരിച്ച് അദ്ദേഹം എത്തി. ഞാന്‍ പ്രത്യേകം നന്ദി പറയുകയാണ്. ഇത് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു മന്ത്രിസഭയല്ലേ. സത്യപ്രതിജ്ഞ ചെയ്തത് എല്ലാവരുടെയും സാന്നിധ്യത്തിലാണ്. നമ്മള്‍ വരുമ്പോള്‍ ചില സന്ദേശങ്ങള്‍ നല്‍കുമല്ലോ. എപ്പോഴും കീഴ്‌വഴക്കം കീഴ്‌വഴക്കം എന്ന് പറയരുത്. ഒരുപാട് കീഴ് വഴക്കങ്ങള്‍ മാറ്റപ്പെടും'- സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates