

തിരുവനന്തപുരം: ജനങ്ങളോടുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. 'മുഖ്യമന്ത്രി എന്നോടൊപ്പം' അഥവാ 'സിഎം വിത്ത് മി' എന്ന പേരില്‍ സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റ് ആരംഭിക്കുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വെള്ളയമ്പലത്ത് എയര്‍ ഇന്ത്യയില്‍ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലാകും സിറ്റിസണ്‍ കണക്ട് സെന്റര്‍ പ്രവര്‍ത്തിക്കുക.
ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക, സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുക, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊള്ളുക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന സര്‍ക്കാരിന്റെ പ്രതിബദ്ധത സാക്ഷാത്കരിക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ജനങ്ങള്‍ വികസനത്തിലെ ഗുണഭോക്താക്കള്‍ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളുമാണെന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ പദ്ധതിയിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍, ക്ഷേമ പദ്ധതികള്‍, മേഖലാധിഷ്ഠിത സംരംഭങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ നല്‍കുക. പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, കാലതാമസം കുറയ്ക്കുക, ജനങ്ങളുടെ പ്രതികരണം വിശകലനം ചെയ്യുക തുടങ്ങിയ നടപടികളും 'മുഖ്യമന്ത്രി എന്നോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമാകും.
ഭവന നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളില്‍, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളില്‍ നാം ആവിഷ്‌കരിച്ച വിവിധ മിഷനുകള്‍ ജനങ്ങള്‍ നേരിട്ട് ഭാഗഭാക്കായ സംരംഭങ്ങളാണ്. ഇവയെക്കുറിച്ച് ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് വിലയിരുത്തലും. പൊതുജനങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി ഉറപ്പാക്കുക. സ്ഥിരതയുള്ള ജനസമ്പര്‍ക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വര്‍ദ്ധിപ്പിക്കുക. അടിയന്തര ഘട്ടങ്ങളില്‍ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിലൂടെയും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സര്‍ക്കാര്‍ സഹായം വേഗത്തില്‍ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനം ഒരുക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ശക്തമായ ആശയവിനിമയ സംവിധാനം വഴി പൊതുജന-സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ ആഴത്തിലാക്കാനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനമാതൃകയെ ശക്തിപ്പെടുത്താനും പങ്കാളിത്ത ഭരണത്തിന്റെ കേരള മാതൃകയുടെ പ്രശസ്തി കൂടുതല്‍ ശക്തിപ്പെടുത്താനും കഴിയും എന്നാണ് പ്രതീക്ഷ.
പരിചയസമ്പന്നരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തിയാകും പരിപാടി സംഘടിപ്പിക്കുക. കിഫ്ബി, അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കും. പരിപാടിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യ ങ്ങളും മനുഷ്യവിഭവശേഷിയും നല്‍കുന്നതിന് കിഫ്ബിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ കെ.എ.എസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരെയാകും നിയോഗിക്കുക. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കും.
സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായം സ്വരൂപിക്കാനും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സ്വീകരിച്ച നടപടികള്‍ അവരെ അറിയിക്കാനും ഉള്ളടക്ക നിര്‍മ്മാണം, വികസനം, പ്രചരണം എന്നിവയ്ക്കുമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും. പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പ്, മേല്‍നോട്ടം, ഗുണനില വാരം എന്നിവ ഉറപ്പുവരുത്തുന്നതിന് വിവര-പൊതുജന സമ്പര്‍ക്ക വകുപ്പിനെ ചുമതലപ്പെടുത്തി. സിറ്റിസണ്‍ കണക്ട് സെന്റര്‍ ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ റവന്യൂ വകുപ്പായിരിക്കും ഏകോപിപ്പിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates