സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ; അന്വേഷണം നിർത്തിവെക്കാൻ ഉത്തരവ്
pinarayi vijayan
പിണറായി വിജയൻഫെയ്സ്ബുക്ക്
Edited By:
Updated on: 
2 min read

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. എഫ്ഐആറിലെ തുടർനടപടികൾ തടഞ്ഞ ഡിവിഷൻ ബെഞ്ച്, അന്വേഷണം നിർത്തിവെക്കാനും ഇടക്കാല ഉത്തരവിട്ടു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ സമർപ്പിച്ച അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന നടപടി. കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരനായ ഷാജഹാനെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. പിണറായിയുടെ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സംസ്ഥാന വിജിലൻസിനും കോടതി നോട്ടീസ് അയച്ചു. ഹർജിയിന്മേൽ നാലാഴ്ചയ്ക്കകം ഇഡിയും വിജിലൻസും വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കണം. ഇതിനുശേഷം നവംബർ 25 മുതൽ ഹർജികളിൽ കോടതി വിശദമായ വാദം കേൾക്കും.

കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരനായ കെ.എം. ഷാജഹാനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. സുപ്രീംകോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ വാദിക്കാൻ ശ്രമിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് ഷാജഹാന് കർശന താക്കീത് നൽകി. സുപ്രീംകോടതി ഉത്തരവിനെതിരെ താൻ റിവിഷൻ ഹർജി നൽകുന്നുണ്ടെന്ന് ഷാജഹാൻ കോടതിയെ അറിയിച്ചപ്പോൾ, എങ്കിൽ സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടുവരൂ എന്നായിരുന്നു ബെഞ്ചിന്റെ പ്രതികരണം.

മാധ്യമങ്ങളും പൊതുസമൂഹവും നിങ്ങളെ പിന്തുണച്ചേക്കാമെന്നും എന്നാൽ അത്തരം കാര്യങ്ങൾ കോടതിക്ക് ബാധകമല്ലെന്നും ഡിവിഷൻ ബെഞ്ച് തുറന്നടിച്ചു. രാജ്യത്തെ നിയമവ്യവസ്ഥയെ ഓർമ്മിപ്പിച്ചുകൊണ്ട് കോടതി ഷാജഹാനോട് മറ്റ് ചില ചോദ്യങ്ങളും ഉന്നയിച്ചു. "നിങ്ങൾ ഇതിൽ പ്രാഥമികമായി പരാതി നൽകിയിട്ടുണ്ടോ? ഏതൊരു കേസിലും ആദ്യം പൊലീസിനാണ് പരാതി നൽകേണ്ടത്. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ ഉന്നത അധികാരിയെ സമീപിക്കണം. അതിനുശേഷമാണ് മജിസ്ട്രേറ്റിനെ സമീപിക്കേണ്ടത്. തുടർന്ന് പ്രസ്തുത പരാതി മജിസ്ട്രേറ്റ് പൊലീസിന് കൈമാറും. ഇതാണ് രാജ്യത്തെ സാധാരണ നിയമനടപടിക്രമം," കോടതി വ്യക്തമാക്കി.

എന്നാൽ ഈ കേസിൽ തനിക്ക് നേരിട്ട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ കഴിയില്ലെന്നും സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നതെന്നുമുള്ള വാദമാണ് ഷാജഹാൻ ഇതിന് മറുപടിയായി ഉന്നയിച്ചത്.

Summary

പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനോട് യോജിപ്പില്ലായിരുന്നെങ്കിലും കോടതി തീരുമാനം അനുസരിച്ചാണ് എഫ്ഐആർ റജിസ്റ്റർ ചെയ്‌തതെന്ന് സർക്കാരിനായി എജി കോടതിയെ ധരിപ്പിച്ചു. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനു മുമ്പായി പ്രാഥമിക അന്വേഷണം വേണമെന്നായിരുന്നു സർക്കാർ നിലപാട്. ഇതിനായാണ് എസ്ഐടി രൂപീകരിച്ചത്. എന്നാൽ കോടതി മറിച്ചൊരു തീരുമാനം എടുത്തപ്പോൾ അതനുസരിച്ച് നീങ്ങുകയായിരുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അന്വേഷണം സ്റ്റേ ചെയ്യരുതെന്നും എജി വാദിച്ചു.

നേരത്തെ, ഇഡിയുടെ കത്ത് മുഖവിലയ്‌ക്കെടുത്ത് കേസെടുത്ത് അന്വേഷിക്കാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് വിധി തങ്ങളുടെ ഭാഗം കേൾക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയനും വീണയും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ ഇവരുടെ ഹർജി പരിഗണിക്കാൻ തയ്യാറാകാതെ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.

തുടർന്ന് ഇരുവരും മുഹമ്മദ് റിയാസിനൊപ്പം സുപ്രീംകോടതിയെ സമീപിച്ചു. കേസ് വിശദമായി പരിശോധിച്ച സുപ്രീംകോടതി, സിംഗിൾ ബെഞ്ച് ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്യുകയും പിണറായി വിജയന്റെയും മറ്റുള്ളവരുടെയും അപ്പീൽ വീണ്ടും പരിശോധിച്ച് തീർപ്പാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട് നിർദ്ദേശിക്കുകയുമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com