

കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും. തിങ്കളാഴ്ച വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. മന്ത്രി പി രാജീവ് പ്രഭാഷണം നടത്തും. കളമശേരിയില്‍ 12.63 ഏക്കറില്‍ നാല് ബ്ലോക്കുകളിലായി 6.4 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
ഒമ്പതു നിലകളുള്ള കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ഐസിയു ഉള്‍പ്പെടെ 451 കിടക്കകളാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 100 കിടക്കകളാണ് സജ്ജമാക്കിയത്. അത്യാധുനിക സ്‌കാനിങ്, എക്‌സറേ, റേഡിയേഷന്‍ ഉപകരണം എന്നിവ സജ്ജമാക്കി. 16 ലിഫ്റ്റുകള്‍, അത്യാധുനിക ഓപ്പറേഷന്‍ തിയറ്ററുകള്‍, 550 കാറുകള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ചികിത്സയോടൊപ്പം കാന്‍സര്‍ ഗവേഷണവും ലക്ഷ്യമിടുന്നുണ്ട്.
സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കായി 12 ഓപ്പറേഷൻ തിയേറ്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ ഒരെണ്ണം ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഗവേഷണ ആവശ്യങ്ങൾക്ക് മാത്രമായി കെട്ടിടത്തിൽ 10,000 ചതുരശ്ര അടി സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. കിഫ്ബി വഴി 385 കോടി രൂപ ചിലവഴിച്ചാണ് കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ പൂര്‍ത്തീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates