

കോഴിക്കോട്: സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്‍പതു ലക്ഷം നഷ്ടപരിഹാരത്തുക വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന്, നക്‌സലൈറ്റ് നേതാവ് എ വര്‍ഗീസിന്റെ ബന്ധുക്കള്‍. കേരളത്തിലെ കീഴാള ജീവിതത്തെക്കുറിച്ചുള്ള ഗവേഷണത്തിനായി കേന്ദ്രം തുടങ്ങുന്നതു പരിഗണനയിലുണ്ടെന്നും ഇതിനൊപ്പം മ്യൂസിയം സ്ഥാപിക്കുമെന്നും വര്‍ഗീസിന്റെ സഹോദരപുത്രന്‍ അഡ്വ. എ വര്‍ഗീസ് പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒരു രൂപ നഷ്ടപരിഹാരം ആണെങ്കില്‍ പോലും അതു സ്വീകരിക്കുമെന്ന് അഡ്വ. വര്‍ഗീസ് പറഞ്ഞു. തുക എത്രയെന്നതല്ല പ്രധാനം. അതൊരു സന്ദേശമാണ്. പൗരന്റെ ജീവന്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ഭരണകൂടം ആ ജീവന്‍ ഇല്ലാതാക്കിയതിന് എതിരായ മുന്നറിയിപ്പ് അതിലുണ്ടെന്ന് അഡ്വ. വര്‍ഗീസ് പറഞ്ഞു.
തുക എങ്ങനെ വിനിയോഗിക്കണം എന്നതില്‍ ട്രസ്റ്റ് യോഗം ചേര്‍ന്നു തീരുമാനമെടുക്കും. വയനാട്ടിലെ ആദിവാസികളുടെ അടിമജീവിതം അവസാനിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വര്‍ഗീസ് വഹിച്ചത്. അതുവരെ വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് ആദിവാസികളെ ലേലം ചെയ്തു വില്‍ക്കുമായിരുന്നു. ആദിവാസികള്‍ക്ക് അധ്വാനത്തിനു കൂലി പണമായി കിട്ടിത്തുടങ്ങിയതും അന്നു മുതല്‍ക്കാണ്.- അദ്ദേഹം പറഞ്ഞു.
വര്‍ഗീസിനെ വെടിവച്ചുകൊന്നതാണെന്ന, പൊലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സഹോദരങ്ങളായ എ ജോസഫ്, മറിയക്കുട്ടി, എ തോമസ്, അന്നമ്മ എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം മാത്രമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഭരണകൂടം നടത്തിയ കൊലയാണെങ്കില്‍ എന്തുകൊണ്ട് നഷ്ടപരിഹാരം ആവശ്യപ്പെടുന്നില്ലെന്ന് അന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. പിന്നീട് 2002ല്‍ ആണ് നഷ്ടപരിഹാരത്തിനായി ഹര്‍ജി നല്‍കിയത്.
രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ ശരിയെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി രാമചന്ദ്രന്‍ നായര്‍ വിചാരണയ്ക്കിടെ മരിച്ചു. രണ്ടാം പ്രതി, മുന്‍ ഐജി കെ ലക്ഷ്മണ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. അന്നു ഡിവൈഎസ്പിയായിരുന്ന ലക്ഷ്ണയുടെ നിര്‍ദേശപ്രകാരം വര്‍ഗീസിനെ വെടിവച്ചുകൊന്നു എന്നായിരുന്നു രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍. മൂന്നാം പ്രതി മുന്‍ ഡിജിപി പി വിജയനെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയയ്ക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates