

തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവ് സമാപന വേദിയിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍ ആണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ് സി / എസ് ടി ആക്ട് പ്രകാരം കുറ്റകരമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എസ് സി / എസ് ടി കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയത് പട്ടികജാതി- പട്ടിക വിഭാഗക്കാര്‍ക്കെതിരെ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശമാണ്. പൊതു വേദിയില്‍ പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അടൂര്‍ ഗോപാലകൃഷ്ണന്റേത്. വിവാദ പ്രസ്താവനയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് കുറഞ്ഞത് മൂന്നുമാസമെങ്കിലും വിദഗ്ധരുടെ കീഴിൽ പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണൻ ഫിലിം കോൺക്ലേവ് വേദിയിൽ ആവശ്യപ്പെട്ടത്. ചലച്ചിത്ര വികസന കോർപ്പറേഷൻ വെറുതെ പണം കളയരുത്. ഒന്നര കോടി നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അടൂർ കൂട്ടിച്ചേര്‍ത്തു. അടൂരിന്റെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
