

തിരുവനന്തപുരം: മെസിയുടെ സന്ദര്‍ശനത്തിന്റെ മറവില്‍ കേരളത്തില്‍ വന്‍ പിരിവ് നടന്നതായി മുഖ്യമന്ത്രിക്ക് പരാതി. മെസിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓള്‍ കേരള ഗോല്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ ഒരു വിഭാഗം വന്‍ തുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി സ്വര്‍ണവ്യാപാരി സംഘടനയായ എകെജിഎസ്എംഎ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍, ട്രഷറര്‍ സിവി കൃഷ്ണദാസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി.
കായിക മന്ത്രിയെയും, സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്നും ജസ്റ്റിന്‍ പാലത്തറ വിഭാഗം കോടികള്‍ പിരിച്ചെടുത്തെന്നും, തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് സംഘടനയുടെ ആവശ്യം. കായിക മന്ത്രിയോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്ത് തങ്ങളാണ് മെസിയെ കൊണ്ടുവരുന്നത് എന്ന് ജസ്റ്റിന്‍ വിഭാഗം പ്രചരണം നടത്തിയിരുന്നു. മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നത് തങ്ങളാണെന്ന് പ്രചരിപ്പിച്ച് ആറുമാസം നീണ്ടുനില്‍ക്കുന്ന ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 'ഒലോപ്പോ' എന്ന ആപ്പ് നിര്‍മ്മിച്ചു 10000 രൂപ വീതം അംഗത്വ ഫീസ് സ്വീകരിച്ച്, ഒട്ടേറെ ജ്വല്ലറികളില്‍ നിന്നും പണം തട്ടിയതായാണ് പരാതിയില്‍ പറയുന്നു.
സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും, സ്വര്‍ണ്ണ വ്യാപാരികളുടെ ഇടയില്‍ നിന്നും വലിയ തോതില്‍ സംഭാവന സ്വീകരിക്കുകയും,17.5 കിലോ സ്വര്‍ണം സമ്മാനമായി നല്‍കും എന്നൊക്കെ പറഞ്ഞു തട്ടിപ്പ് നടത്തുകയും ചെയ്ത സംഘടനയെക്കുറിച്ച് സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടത്തണമെന്നും ഇവരുടെ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates