'തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുത് ; മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തുമോ എന്ന് ആശങ്ക' : നിലപാടിലുറച്ച് പാലാ ബിഷപ്പ്

തെറ്റുകള്‍ക്കെതിരെ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോല്‍സാഹിപ്പിക്കുകയാണ്
പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്
പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്
Updated on
1 min read

കോട്ടയം : നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ നിലപാടില്‍ ഉറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്. മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തില്‍ എത്തുമോ എന്ന് ആശങ്കയുണ്ടെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദീപിക ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. 

തിന്മകള്‍ക്കെതിരെ പ്രതികരിച്ചാല്‍ മതമൈത്രി തകരില്ല. തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുത്. കപടമതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നും ലേഖനത്തില്‍ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറയുന്നു. മതേതരത്വത്തിന്റെ വെളിച്ചത്തില്‍ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്ന് ചിലര്‍ ശഠിക്കുന്നു. മതേതരത്വം കൊണ്ട് ആര്‍ക്കാണ് ഗുണം എന്ന ചോദ്യം ഉയരുന്നു. 

സെക്കുലറിസം എങ്ങനെയാണ് തീവ്രവാദത്തിന് ജന്മം നല്‍കുന്നതെന്ന് പാശ്ചാത്യ നാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം. ഇന്ത്യന്‍ സെക്കുലറിസത്തെ അതിന്റെ ഉദാത്ത അര്‍ത്ഥത്തില്‍ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും വ്യത്യസ്തമാവില്ല. 

തെറ്റുകള്‍ക്കെതിരെ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോല്‍സാഹിപ്പിക്കുകയാണ്. തിന്മക്കെതിരെ ഒരുമിച്ച് കൈകോര്‍ക്കുന്നതുകൊണ്ട് മതമൈത്രിയോ മനുഷ്യ മൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. എല്ലാമതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം. കപടമതേതരത്വം ഭാരതത്തെ നശിപ്പിക്കുമെന്നും ബിഷപ്പ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

മതസമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ചു ജീവിക്കാന്‍ പഠിക്കണം. ഏതു സമൂഹത്തിലും തിന്മകളും പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാകാമെങ്കിലും സമൂഹത്തില്‍ അന്തച്ഛിദ്രവും അസ്വസ്ഥതയും അസമാധാനവും വിതയ്ക്കാന്‍ ആരും കാരണമാകരുത്. സാമൂഹിക തിന്മകള്‍ക്കെതിരെ നമുക്കു വേണ്ടത് മൗനമോ തമസ്‌കരണമോ തിരസ്‌കരണമോ വളച്ചൊടിക്കലുകളോ പ്രതിഷേധമോ അല്ല, പഠനങ്ങളും അന്വേഷണങ്ങളും തുറന്ന ചര്‍ച്ചകളും പ്രതിരോധ നടപടികളുമാണ്. 

തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായിരിക്കരുതെന്നും ഉറച്ചു നില്‍ക്കേണ്ടപ്പോള്‍ സത്യവിരുദ്ധമായ വിട്ടുവീഴ്ചക്ക് സന്നദ്ധനാകരുതെന്നും ഗാന്ധിജി നമ്മെ പഠിപ്പിക്കുന്നു. സമാധാനം എന്നത് മാത്സര്യത്തിന്റെ അഭാവമല്ല, പ്രത്യുത അതിനെ വിവേകപൂര്‍വം നേരിടാനുള്ള കഴിവാണെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട് ലേഖനത്തില്‍ വ്യക്തമാക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com