'മഹേശന്റെ ആത്മഹത്യക്ക് കാരണം വെള്ളാപ്പള്ളി നടേശന്റെ ഭീഷണി'; പുനരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലീസ് കണ്ടെടുത്ത സുപ്രധാനവും പ്രസക്തവുമായ രേഖകള്‍ മിക്കതും തമസ്‌കരിക്കപ്പെടുന്ന ദുസ്ഥിതിയാണുണ്ടായത്.
VM Sudheeran Demands Re-investigation Into SNDP Leader KK Maheshan’s Suicide
കെകെ മഹേശന്‍ - വെള്ളാപ്പള്ളി നടേശന്‍
Author:
Updated on
2 min read

തിരുവനന്തപുരം: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിറ്റ് സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയില്‍ പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിഎം സുധീരന്‍ മുഖ്യമന്ത്രി വിഡി സതീശന് കത്തുനല്‍കി. ഇതോടൊപ്പം മഹേശന്റെ ഭാര്യ ഉഷാദേവിയുടെ കത്തും സുധീരന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് കത്ത് നല്‍കിയെങ്കിലും ഫലപ്രദമായ യാതൊരു നടപടിയും മുന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും മഹേശന്റെ ആത്മഹത്യാക്കുറിപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ ഭീഷണിയുണ്ടായിരുന്നെന്നും ഇക്കാര്യത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സുധീരന്‍ പറയുന്നു.

VM Sudheeran Demands Re-investigation Into SNDP Leader KK Maheshan’s Suicide
എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,

ചേര്‍ത്തല താലൂക്ക് കണിച്ചുകുളങ്ങര കൂട്ടുങ്ങല്‍ വീട്ടില്‍ സ്വയം ജീവനൊടുക്കിയ കെ.കെ.മഹേശന്റെ ഭാര്യ ഉഷാദേവിയുടെ അപേക്ഷ ഇതോടൊപ്പം അയയ്ക്കുന്നു.

എസ്.എന്‍.ഡി.പി. യോഗത്തിന്റെ കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ദേവസ്വം ഖജാന്‍ജിയും മൈക്രോഫിനാന്‍സ് സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ.കെ.മഹേശനെ സ്വയം ജീവന്‍ വെടിയുന്ന സാഹചര്യത്തിലേയ്ക്ക് എത്തിക്കുന്നതിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അപേക്ഷിച്ചുകൊണ്ട് മഹേശന്റെ സഹധര്‍മ്മിണി ശ്രീമതി ഉഷാദേവി അന്നത്തെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചിരുന്നതാണ്.

ഇക്കാര്യം കത്തുമുഖാന്തിരം ഞാനും മുന്‍ മുഖ്യമന്ത്രി ശ്രീ.പിണറായിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഫലപ്രദമായ യാതൊരു നടപടിയും മുന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

സ്വജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് 32 പേജ് വരുന്ന ആത്മഹത്യാകുറിപ്പ് കേരളത്തിലെ എസ്.എന്‍.ഡി.പി. യൂണിയന്‍ നേതാക്കള്‍ക്ക് മഹേശന്‍ അയച്ചു നല്‍കിയതായും പ്രസ്തുത കുറിപ്പില്‍ ശ്രീ.വെള്ളാപ്പള്ളി നടേശനില്‍ നിന്നും താന്‍ അനുഭവിച്ച മാനസിക പീഢനങ്ങളും, കേസ്സുകളില്‍ കുടുക്കി ജയിലിലാക്കുമെന്ന ഭീഷണിയും, മൈക്രോ ഫിനാന്‍സ് ക്രമക്കേടുകളുടെ ഉത്തരവാദിത്തം മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കുമെന്ന ഭീഷണിയുടേയും എസ്.എന്‍.ഡി.പി. യോഗത്തിലും ട്രസ്റ്റിലും നടന്നുവരുന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ മഹേശനില്‍ ചുമത്തുമെന്നുമുള്ള വെള്ളാപ്പള്ളിയുടെ ഭീഷണിയുമാണ് തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കാരണമെന്ന് മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നുവെന്ന് ശ്രീമതി ഉഷാകുമാരിയുടെ ഈ അപേക്ഷയില്‍ പറയുന്നുണ്ട്. മരണ ദിവസം തയ്യാറാക്കി പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മരണ കാരണം വിവരിച്ച മറ്റൊരു ആത്മഹത്യാ കുറിപ്പ് വെള്ളാപ്പള്ളിയുടെ സ്വാധീനം ഉപയോഗിച്ച് പോലീസ് സേന മാറ്റിയതായി ചില ഉദ്യോഗസ്ഥര്‍ തങ്ങളെ അറിയിച്ചതായും ഈ അപേക്ഷയില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലീസ് കണ്ടെടുത്ത സുപ്രധാനവും പ്രസക്തവുമായ രേഖകള്‍ മിക്കതും തമസ്‌കരിക്കപ്പെടുന്ന ദുസ്ഥിതിയാണുണ്ടായത്. മഹേശന്റെ ചരമക്കുറിപ്പുകളില്‍ തുറന്നുപറഞ്ഞിരുന്ന വസ്തുതകളെക്കുറിച്ചൊന്നും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നതാണ് യാഥാര്‍ഥ്യം.

ഇതെല്ലാം കണത്തിലെടുത്ത് ഇനിയെങ്കിലും നാടിനെ നടുക്കിയ ഈ ദാരുണ സംഭവത്തെക്കുറിച്ച് സത്യസന്ധരും, നിഷ്പക്ഷരും, കാര്യപ്രാപ്തിയുള്ളവരായും നല്ല പൂര്‍വ്വകാല പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് കൃത്യമായ അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് നിയമവാഴ്ചക്കുതന്നെ സംഭവിക്കുന്ന അതിഗുരുതരമായ വീഴ്ചതന്നെയായിരിക്കും. നിയമസംവിധാനത്തെ കബളിപ്പിച്ചുകൊണ്ട് ഒരു കുറ്റവാളിപോലും രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഈ വൈകിയവേളയിലെങ്കിലും നീതി നടപ്പാക്കിയേ തീരൂ. അതുകൊണ്ട് ശ്രീമതി ഉഷാദേവിയുടെ അപേക്ഷയില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിനും മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെപിടിയില്‍ കൊണ്ടുവരുന്നതിന് സത്യസന്ധരും സമര്‍ത്ഥരുമായ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍

Summary

Cong Leader VM Sudheeran Demands Re-investigation Into SNDP Leader KK Maheshan’s Suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com