

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ നിർണ്ണയിക്കുന്നതിൽ ഒരുകാലത്ത് നിർണായ സ്വാധീനം ചെലുത്തിയിരുന്ന എ ഗ്രൂപ്പ് ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും കളത്തിലേക്ക്. യുവനേതാക്കളായ പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരെ മുൻനിരയിൽ നിർത്തിയൊരു തിരിച്ചുവരവിനാണ് ഗ്രൂപ്പ് കോപ്പുകൂട്ടുന്നത് . ഇതിനു മുന്നോടിയായി നടന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിൽ ഷാഫി പറമ്പിലും മന്ത്രി കൂടിയായ വിഷ്ണുനാഥും അടങ്ങുന്ന നേതാക്കള്‍ പങ്കെടുത്തു. അധികാരത്തിൽ തിരിച്ചെത്തി ആറു മാസത്തിനു ശേഷവും പാർട്ടിക്കകത്ത് വേണ്ടത് കൂടിയാലോചനകളോ അഭിപ്രായ സമന്വയമോ ഇല്ലാത്തതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പഴയ പ്രതാപത്തിലേക്ക് മടങ്ങുന്നതിനുള്ള ആദ്യ പടിയായാണ് ഇതിനെ അണികളും പ്രവർത്തരും കാണുന്നത്
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻമാറി തുടങ്ങിയതോടെയാണ് എ ഗ്രൂപ്പിൻറെയും പ്രവർത്തനത്തിന് ബ്രേക്ക് വീണത്. ഇതിനിടെ ഐ ഗ്രൂപ്പ് ശക്തമാകുകയും ഗ്രൂപ്പിലെ പ്രധാനികളിൽ പലരും നിർണായക സ്ഥാനങ്ങളിൽ എത്തുകയും പാർട്ടിയിലെ സ്വാധീന ശക്തികളായി രൂപാന്തരം പ്രാപിക്കികുകയും ചെയ്തു. വ്യക്തി താത്പര്യങ്ങള്‍ക്കും ഗ്രൂപ്പ് ചിന്തകള്‍ക്കും ഇടവേള നൽകി പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്ന മർമ്മ പ്രധാനമായ ലക്ഷ്യത്തിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും എന്നാൽ അധികാരത്തിൽ തിരിച്ചെത്തി ആറ് മാസങ്ങള്‍ക്കിപ്പുറവും ആവശ്യമായ കൂടിയാലോചനകളോ ചർച്ചകളോ പാർട്ടിയിൽ നടക്കാത്തതാണ് ഇത്തരമൊരു നീക്കത്തിലേക്ക് തങ്ങളെ നയിച്ചതെന്നും ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് പാർട്ടിയെ വീണ്ടും തള്ളിവിടുകയല്ല ലക്ഷ്യമെന്നും മറിച്ച് കൂടുതൽ പങ്കാളിത്തവും ചർച്ചകളും പാർട്ടി തലത്തിൽ ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നം ഒരു എ ഗ്രൂപ്പ് നേതാവ് ചൂണ്ടിക്കാട്ടി. ചാണ്ടി ഉമ്മൻ, മന്ത്രി ടി സിദ്ദിഖ് തുടങ്ങി മറ്റ് നിരവധി യുവനേതാക്കള്‍ ഗ്രൂപ്പിൻറെ ഭാഗമായുണ്ടെന്നും ഇവരാണ് ഭാവിയിൽ പാർട്ടിയെ തന്നെ നയിക്കേണ്ടവരെന്നും നേതാവ് ചൂണ്ടിക്കാട്ടി.
ഉമ്മൻചാണ്ടിക്ക് സംസ്ഥാനത്തൊട്ടാകെ നിരവധി അനുയായികളുണ്ടായിരുന്നെങ്കിലും ഇവരിൽ പലരും ഗ്രൂപ്പ് വിട്ട് പോയി. നിയമസഭ തെരഞ്ഞടുപ്പിന് മുന്നോടിയായി പലരും കെസി വേണുഗോപാൽ ക്യാമ്പിലേക്ക് കൂടുമാറുകയും ചെയ്തും. ഒരുമിച്ച് നിൽക്കേണ്ടത് നിലനിൽ്പ്പിന് അനിവാര്യമാണെന്ന ചിന്ത പല ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലും ശക്തമാണ്. സമീപകാലത്ത് പാർട്ടി പല പ്രശ്നങ്ങളിലൂടെ കടന്നു പോകുകയും ഇതിൻറെ ഫലമായി ആഭ്യന്തര ചർച്ചകള്‍ നടക്കുകയും ചെയ്തെങ്കിലും ഇത് താഴെതട്ടിലേക്ക് എത്തിയിട്ടില്ലെന്നും ചർച്ചകളിൽ ഗ്രൂപ്പിന് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നുമുള്ള വിലയിരുത്തൽ ശക്തമാണ്. അതുകൊണ്ടു തന്നെ പാർട്ടിയും സർക്കാരും തമ്മിൽ കൂടുതൽ മെച്ചപ്പെട്ട ബന്ധം ഉറപ്പിക്കുകയും പാർട്ടിയെ ശക്തമാക്കുകയും ചെയ്യുകയാണ് തങ്ങളുടെ കൂട്ടായ്മയുടെ ലക്ഷ്യമെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ അവകാശവാദം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പല പേരുകളും സജീവമാണെങ്കിലും ഗ്രൂപ്പ് പിന്തുണ ബെന്നി ബെഹനാനാണെന്നും ഇവർ വ്യക്തമാക്കുന്നു.
ഔദ്യോഗികമായി ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വഴിയിലേക്കില്ലെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും, 'എ' ഗ്രൂപ്പിന്റെ ഈ പുനരുജ്ജീവന നീക്കം കോൺഗ്രസിനുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates