

കോട്ടയം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ചയില്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് അഭിപ്രായം തേടുന്നതിന് മുന്‍പ് തന്നെ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തി. ഘടകകക്ഷികളുടെ സമ്മര്‍ദ്ദം ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്നും ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ ആരാണ് കുഴപ്പം ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി കോണ്‍ഗ്രസിന് ആണെന്ന് നേരത്തെ ധാരണ ഉള്ളതല്ലേയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകകക്ഷികള്‍ എന്തിനു ഇടപെട്ടു. അവരുടെ ഇടപെടല്‍ ആണ് പ്രശ്‌നം ഉണ്ടാക്കിയത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ലീഗിന് അടക്കം എന്ത് കാര്യം. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണിതെന്നും ആര് വന്നാലും സ്വീകരിക്കാന്‍ ഘടകകക്ഷികള്‍ തയ്യാറാകണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഘടക കക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയത് അവഗണിക്കേണ്ട ഹൈക്കമാന്‍ഡ് അവരുടെ അഭിപ്രായം തേടി. ലീഗ് അടക്കം എന്തൊക്കെയോ മുന്നില്‍ കണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കാര്യങ്ങള്‍ തങ്ങളുടെ അധീനതയിലാകണമെന്ന് ആഗ്രഹിക്കുന്നവരൊക്കെ ഘടകകക്ഷികളിലുണ്ട്. ആരെ പിന്താങ്ങണമെന്നോ എതിര്‍ക്കണമെന്നോ എന്നതില്‍ ഘടകകക്ഷികള്‍ക്ക് എന്ത് കാര്യം. ഇതിലൊക്കെ വലിയ ദുരൂഹത ഉണ്ട്. ഫ്‌ലെക്‌സ് പോസ്റ്റര്‍ പ്രകടനം എല്ലാം ഇപ്പോഴും നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ 30 സീറ്റ് യുഡിഎഫിന് കുറയും. ഇനി ഒരു ഉപതെരെഞ്ഞെടുപ്പ് വന്നാലും ഈ വികാരം ഉണ്ടാകും. 102 സീറ്റിന്റെ മേന്മ നശിപ്പിച്ചു. ഇവിടെ ഇപ്പോള്‍ ഒരു ഭരണം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്‌കൂള്‍ തുറക്കാന്‍ പോകുമ്പോള്‍ എന്തെല്ലാം പ്രശ്‌നമാണ്. ഇതെല്ലാം പരിഹരിക്കാന്‍ ആളില്ല. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണം. മുന്‍പ് തന്നെ എന്‍എസ്എസ് ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കില്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates