

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിയര്‍ക്കുന്നു. ജില്ലയിലെ നാലു മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്നത്. കൊച്ചി, വൈപ്പിന്‍, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നത്.
നോമിനികള്‍ക്കു വേണ്ടിയുള്ള പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദ്ദവും സാമുദായിക സന്തുലനവുമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണ്ണമാക്കുന്നത്. തന്റെ ഉറച്ച അനുയായിയായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് സീറ്റ് നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെടുന്നത്. കൊച്ചിയില്‍ ഷിയാസിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സതീശന്‍ ആഗ്രഹിക്കുന്നത്.
എന്നാല്‍ സാമുദായിക സന്തുലനം താളംതെറ്റുമെന്നാണ് കൊച്ചിയില്‍ മുഹമ്മദ് ഷിയാസിന്റെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല തൊട്ടടുത്ത മണ്ഡലമായ അരൂരില്‍ മുസ്ലിമായ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുന്നതും ഇവര്‍ സൂചിപ്പിക്കുന്നു. കൊച്ചി പൊതുവില്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമായാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ മുസ്ലിമായ ഷിയാസിനെ നിര്‍ത്തുന്നത് വിജയസാധ്യതയെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മുഹമ്മദ് ഷിയാസിന് വേണ്ടി നേരത്തെ കളമശ്ശേരി മണ്ഡലവും കൊച്ചിയും മുസ്ലിം ലീഗുമായി വെച്ചു മാറാന്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ സീറ്റു കൈമാറ്റത്തെ എതിര്‍ത്ത ലീഗ്, കളമശ്ശേരിയില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വി ഇ അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിയിലേക്ക് ദീപ്തി മേരി വര്‍ഗീസിന്റെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്. ജോസഫ് മാര്‍ട്ടിന്‍, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഹെന്റി ഓസ്റ്റിന്‍ തുടങ്ങിയവരും പരിഗണനയിലുണ്ട്.
പെരുമ്പാവൂരില്‍ സിറ്റിങ്ങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ലൈംഗിക പീഡനക്കേസാണ് തിരിച്ചടിയായിട്ടുള്ളത്. എല്‍ദോസിനെ മാറ്റി മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എല്‍ദോസ് കുന്നപ്പിള്ളിയെ ശക്തമായി പിന്തുണയ്ക്കുന്നു. ക്രൈസ്തവ സഭയുടെ സമ്മര്‍ദ്ദവും പെരുമ്പാവൂരിനുമേല്‍ ഉയരുന്നുണ്ട്.
വൈപ്പിനില്‍ ലത്തീന്‍ കത്തോലിക്ക സമുദായത്തില്‍പ്പെട്ട ഷാരോണ്‍ പനയ്ക്കലിനെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പിന്തുണയ്ക്കുന്നത്. കൊച്ചിയിലെ സ്ഥാനാര്‍ത്ഥിയെ അനുസരിച്ചിരിക്കും വൈപ്പിനിലിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. നിലവില്‍ കൊച്ചിയിലെയും അരൂരിലെയും സിപിഎം എംഎല്‍എമാരായ കെ ജെ മാക്‌സിയും ദലീമയും ലത്തീന്‍ സഭാംഗങ്ങളാണ്.
കെ ബാബു തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സങ്കീര്‍ണ്ണമായത്. എം ലിജു, ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായര്‍, കൊച്ചി ഡെപ്യൂട്ടി മേയര്‍ ദീപക് ജോയി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കെ ബാബു ഇതില്‍ ദീപക് ജോയി തന്റെ പിന്‍ഗാമിയായി വരണമെന്ന് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates