

രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ധാര്‍മികതയുടെയും നീതിയുടെയും വിജയമെന്ന് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോ-ഓര്‍ഡിനേര്‍ താരാ ടോജോ അലക്‌സ്. പാര്‍ട്ടി നിലപാടിനെ പ്രശംസിക്കുന്ന താര രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരിക്കുന്നത്. അഹങ്കാരിയും ധിക്കാരിയുമായ ഒരു ലൈംഗിക മനോരോഗി എന്നാണ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോ-ഓര്‍ഡിറ്റർ രാഹുലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
രാഹുലിനെതിരെ നേരത്തെ ശബ്ദം ഉയര്‍ത്തിയപ്പോള്‍ താന്‍ സൈബറിടങ്ങളില്‍ ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു. സ്ത്രീകളെ ബഹുമാനിക്കാത്ത, മനുഷ്യരെ ബഹുമാനിക്കാത്ത, മനുഷ്യ മൂല്യങ്ങളെ ബഹുമാനിക്കാത്ത ഒരു വ്യക്തിയെ തിരിച്ചറിഞ്ഞുകൊണ്ടാണ് അയാള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത്. ഇതിന് പിന്നാലെ ഒറ്റപ്പെടുത്തുകയും, അവന്റെ അനുയായികളെ കൊണ്ട് എന്നെ ആക്രമിക്കുകയും, എന്നിലെ കോണ്‍ഗ്രസുകാരിയുടെ അസ്തിത്വം പോലും ചോദ്യം ചെയ്യുന്നതുവരെ അവരുടെ നിന്ദകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടായി. അറിഞ്ഞുകൊണ്ടുതന്നെ തെറ്റിന്റെ വഴിയിലൂടെ നടക്കുന്നവരെ സത്യം ഒരുനാള്‍ പിടികൂടും. അതാണ് സംഭവിച്ചത്. നീതിയിലുറച്ച ഓരോ കോണ്‍ഗ്രസ് നേതാവിന്റെയും പ്രവര്‍ത്തകന്റെയും വിജയമാണ് പാര്‍ട്ടി നടപടി. അഹങ്കാരത്തെ തോല്‍പ്പിച്ച സത്യത്തിന്റെ, ഭയത്തെ തോല്‍പ്പിച്ച ധൈര്യത്തിന്റെ വിജയമാണിതെന്നും താര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് പൂര്‍ണരൂപം-
ഇന്ന് ഒരു ചരിത്ര ദിനമാണ്.
അഹങ്കാരിയും ധിക്കാരിയുമായ ഒരു ലൈംഗിക മനോരോഗിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികതയും നീതിയുമാണ് ഇന്ന് വിജയിച്ചത്.
മൂന്ന് തലമുറകളായി കോണ്‍ഗ്രസ് പാരമ്പര്യം കൊണ്ടുനടക്കുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ പ്രസ്ഥാനം ഇന്ത്യയിലെ മനുഷ്യര്‍ക്ക് വേണ്ടി, അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നീതി ലഭിക്കാന്‍ വേണ്ടി ഉടലെടുത്ത പ്രസ്ഥാനമാണ്.
സ്ത്രീകളെ ബഹുമാനിക്കാത്ത, മനുഷ്യരെ ബഹുമാനിക്കാത്ത, മനുഷ്യ മൂല്യങ്ങളെ ബഹുമാനിക്കാത്ത ഒരു വ്യക്തിയെ തിരിച്ചറിഞ്ഞുകൊണ്ട് അയാള്‍ക്കെതിരെ ഞാന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍, എന്നെ ഒറ്റപ്പെടുത്തുകയും, അവന്റെ അനുയായികളെ കൊണ്ട് എന്നെ ആക്രമിക്കുകയും, എന്നിലെ കോണ്‍ഗ്രസുകാരിയുടെ അസ്തിത്വം പോലും ചോദ്യം ചെയ്യുന്നതുവരെ അവരുടെ നിന്ദകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടായി.
പക്ഷേ സത്യം എത്ര വൈകിയാലും വഴിമാറില്ലെന്നും, നീതി ഒരിക്കലും പരാജയപ്പെടില്ലെന്നും എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു.
എതിരെ നില്‍ക്കുന്നവന്‍ അവന്‍ എത്ര ശക്തന്‍ ആണെങ്കിലും,
എത്ര പിന്തുണയുള്ളവനാണെങ്കിലും... ആകാശവും ഭൂമിയും കീഴ്‌മേയില്‍ മറിക്കാന്‍ കേല്‍പ്പുള്ളവന്‍ ആണെങ്കിലും....
സത്യം അവനെ വെറുതെ വിടില്ല എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു...
അറിഞ്ഞുകൊണ്ടുതന്നെ തെറ്റിന്റെ വഴിയിലൂടെ നടക്കുന്നവരെ സത്യം ഒരുനാള്‍ പിടികൂടും.
അത് ഇന്ന് സംഭവിച്ചു.
സത്യം മുന്നില്‍ നില്‍ക്കുമ്പോള്‍ കള്ളത്തിനും അഹങ്കാരത്തിനും ഒരു നിമിഷത്തിന് പോലും നിലനില്‍പ്പില്ല.
Justice may take time, But it never fails.
ഇന്ന്, സത്യം കേട്ടും തിരിച്ചറിഞ്ഞും, ഒരു നിമിഷം പോലും വൈകരുതെന്ന് മനസ്സിലാക്കി എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി, അത് രാഷ്ട്രീയ ബോധമുള്ള ആത്മാഭിമാനബോധമുള്ള ശബ്ദം മങ്ങാത്ത ഓരോ സ്ത്രീയുടെയും വിജയമാണ്.
നീതിയിലുറച്ച ഓരോ കോണ്‍ഗ്രസ് നേതാവിന്റെയും പ്രവര്‍ത്തകന്റെയും വിജയമാണ്.
അഹങ്കാരത്തെ തോല്‍പ്പിച്ച സത്യത്തിന്റെ,
ഭയത്തെ തോല്‍പ്പിച്ച ധൈര്യത്തിന്റെ വിജയം.
ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളാല്‍, ജനങ്ങളുടെ പാര്‍ട്ടി ആയ കോണ്‍ഗ്രസ് ജനങ്ങളുടെ വാക്കുകള്‍ കേള്‍ക്കും. തെറ്റുകാര്‍ ആരായാലും എന്റെ പാര്‍ട്ടി അവരെ സംരക്ഷിക്കില്ല.
ഈ വിഷയത്തില്‍ ഇരയാക്കപ്പെട്ട സ്ത്രീകള്‍...ഇരകളോടൊപ്പം നിന്ന് അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ സ്ത്രീകള്‍....
എന്നിലെയും നിങ്ങളിലെയും സ്ത്രീത്വത്തിനും അന്തസ്സിനും വേണ്ടി ഒരുമിച്ച് കൈകോര്‍ത്തു നിന്ന എന്റെ പ്രിയപ്പെട്ട പെണ്ണുങ്ങളെ ..
നമ്മുടെ ശബ്ദം, നമ്മുടെ ധൈര്യം, നമ്മുടെ സത്യം... അത് ജയിച്ചിരിക്കുകയാണ്...
Thank you.....??
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates