

തിരുവനന്തപുരം: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കന്‍ ആവശ്യപ്പെട്ടു. ഒന്നുകില്‍ രാജിവെച്ചു പോകുക,അല്ലെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുകയാണ് വേണ്ടത്. വ്യക്തികള്‍ ചെയ്യുന്ന തെറ്റ് അവര്‍ തന്നെ അനുഭവിക്കണം. ആ വിഴുപ്പ് കോണ്‍ഗ്രസ് ചുമക്കേണ്ട ആവശ്യമില്ലെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു.
കൃത്യമായ പരാതി കിട്ടാത്തത് കൊണ്ടാണ് നടപടിയെടുക്കുന്നതില്‍ പാര്‍ട്ടിയില്‍ താമസമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തകളില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലേബലില്‍ ഒരു വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കാനാവില്ല. ഉപതെരഞ്ഞെടുപ്പ് വരുന്നതിനെക്കുറിച്ച് ആശങ്കകള്‍ ഇപ്പോഴില്ലെന്നും ജോസഫ് വാഴക്കന്‍ പറഞ്ഞു.
രാഹുൽ എത്രയും വേഗം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി എം സുധാരനും വ്യക്തമാക്കി. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരെയാണ് വിഎം സുധീരൻ ഇക്കാര്യം അറിയിച്ചത്. നിരവധി ആരോപണങ്ങൾ വന്ന സ്ഥിതിക്ക് രാഹുൽ പൊതുപ്രവർത്തന രംഗത്തു നിന്നും മാറിനിൽക്കണമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ ഒരുനിമിഷം മുന്‍പുതന്നെ രാജിവെക്കണം എന്നാണ് തന്റെ നിലപാടെന്ന് ഉമ തോമസ് എംഎൽഎ അഭിപ്രായപ്പെട്ടു. മറ്റു പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടത്. കോണ്‍ഗ്രസ് എന്നും സ്ത്രീകളെ ചേര്‍ത്തുപിടിച്ചിട്ടേയുള്ളൂ. ഇന്നലെ തന്നെ അങ്ങനെയൊരു തീരുമാനം ഉണ്ടാകുമെന്നാണ് വിചാരിച്ചിരുന്നത്. ജനങ്ങള്‍ തിരഞ്ഞെടുത്താണ് എംഎല്‍എ സ്ഥാനത്ത് എത്തിയത്. ഒന്നിനുപിറകേ ഒന്നായി ആരോപണങ്ങള്‍ ഉയരുമ്പോള്‍ ധാര്‍മികമായ ഉത്തരവാദിത്വത്തോടെ അത് രാജിവെച്ച് മാറിനില്‍ക്കണം.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണെങ്കില്‍ ആ നിമിഷംതന്നെ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്തിട്ടില്ലല്ലോ. അപ്പോള്‍ ഇത് ശരിയാണെന്നാണ് കരുതേണ്ടത്. ഈ മൗനം ശരിയല്ല. ഉത്തരവാദിത്വത്തോടുകൂടി മാറി നില്‍ക്കുകതന്നെ വേണം. പാർട്ടി രാജി ആവശ്യപ്പെടുക തന്നെ വേണം. ഇന്നലെ പത്രസമ്മേളനം നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെ അത് മാറ്റിവെച്ചത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും ഉമ തോമസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
