

തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് കോൺഗ്രസ് നേതാക്കൾ. ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തനായ നേതാവായിരുന്നു മൻമോഹൻ സിങ്ങെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. "രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍.
ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിങ് എന്നും ഓര്‍മിക്കപ്പെടും. അതിനപ്പുറം ജീവിതത്തിൽ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിൻ്റെ മനസിൽ മായാതെ നിൽക്കും"- വിഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ വികസനഭാഗധേയം നിശ്ചയിച്ച, പുതിയ സാമ്പത്തിക നയത്തിന്റെ ശില്‍പിയാണ് വിട പറഞ്ഞതെന്ന് രമേശ് ചെന്നിത്തലയും അനുസ്മരിച്ചു. "രാജ്യത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ സാമ്പത്തിക ബുദ്ധിജീവികളിലൊരാളായിരുന്ന അദ്ദേഹം കര്‍മ്മകുശലതയും രാഷ്ട്രതന്ത്രജ്ഞതയും കൊണ്ടാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കുയര്‍ന്നു വന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്ന ആദ്യ സിഖ് വംശജനായി. ജവഹാര്‍ലാല്‍ നെഹ്‌റുവിനു ശേഷം രണ്ടു ഫുള്‍ ടേം ഇന്ത്യ ഭരിച്ച ആദ്യ പ്രധാനമന്ത്രിയായി.
ലൈസന്‍സ് രാജിനെ വലിച്ചെറിഞ്ഞും വ്യാപാര നയങ്ങളെ ഉദാരവല്‍കരിച്ചും വിദേശനിക്ഷേപത്തിനായി വാതില്‍ തുറന്നിട്ടും മന്‍മോഹന്‍ സിങ് ഇന്ത്യ നേരിട്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധികളിലൊന്നില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചു. പിന്നീട് ലോക ഭൂപടത്തിലേക്ക് സാമ്പത്തിക ശക്തിയായി ഉയര്‍ന്ന ഇന്ത്യയുടെ തുടക്കം അവിടെ നിന്നായിരുന്നു. 2004 മുതല്‍ 2014 വരെ ഇന്ത്യ ഭരിച്ച മന്‍മോഹന്‍ സിങ് ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ നേതാവായി.
രാഷ്ട്രത്തലവന്‍മാര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കൈകോര്‍ത്തു. ലോകം മുഴുവന്‍ തകര്‍ന്നു പോയ 2008 ലെ ലോക സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കാര്യമായ പരിക്കില്ലാതെ ഇന്ത്യയെ രക്ഷിച്ചത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ഒന്നു കൊണ്ടുമാത്രമായിരുന്നു. അമേരിക്കയുമായി ഒപ്പുവെച്ച സിവില്‍ ന്യൂക്‌ളിയര്‍ കരാര്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഈ രംഗത്ത് ഇന്ത്യയുടെ ഒറ്റപ്പെടല്‍ അവസാനിപ്പിച്ചു. അന്ന് കനത്ത എതിര്‍പ്പുകള്‍ ഉണ്ടായെങ്കിലും ദീര്‍ഘകാലപ്രയോജനങ്ങള്‍ ഈ കരാര്‍ ഇന്ത്യയ്ക്കു നേടിത്തന്നു.
അദ്ദേഹവുമായി വളരെ അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു. അടിയുറച്ച മതേതരവാദിയും മിതഭാഷിയും കുലീനനുമായിരുന്നു. മന്‍മോഹന്‍ സിങ് യാത്ര പറയുമ്പോള്‍ ഒരു വലിയ ചരിത്രമാണ് അവസാനിക്കുന്നത്. History will judge me kindly എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ വാക്കുകള്‍ ഓര്‍ക്കുന്നു. പ്രിയപ്പെട്ട മന്‍മോഹന്‍സിങ് ജി - ചരിത്രം അങ്ങയെ ഇന്ത്യയെ മാറ്റിമറിച്ച മഹാനായി തന്നെ ഓര്‍ക്കും! വിട!"- രമേശ് ചെന്നിത്തല കുറിച്ചു.
ഇത്രയും സമാധാനപരമായി ശാന്തമായി മനുഷ്യത്വപരമായി പെരുമാറാനും ഭരിക്കാനും ജനവിശ്വാസം നേടാനുമായ മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞു. "എല്ലാ രംഗത്തും അദ്ദേഹം ജനങ്ങളെ കീഴടക്കി. നഷ്ടം ഇന്ത്യയ്ക്ക് കനത്തതാണ്. ലോകത്തിനു മുൻപിൽ തലയുയർത്തി നിൽക്കാൻ പറ്റുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യയെ വളർത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം"…- സുധാകരൻ പറഞ്ഞു.
ഡോ മൻമോഹൻ സിങ്, ചരിത്രം താങ്കളോടല്ല ദയ കാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണെന്ന് ശശി തരൂരും കുറിച്ചു. മൻമോഹൻ സിങിന് ഇന്ത്യൻ രാഷ്ട്രീയത്തെ ആയിരുന്നില്ല, ഇന്ത്യൻ രാഷ്ട്രീയത്തിന് മൻമോഹൻ സിങിനെയായിരുന്നു ആവശ്യമെന്ന് കെ സി വേണുഗോപാൽ അനുസ്മരിച്ചു.
ശശി തരൂർ എംപിയുടെ കുറിപ്പ്
ഡോ. മൻമോഹൻ സിങ്, ചരിത്രം താങ്കളോടല്ല ദയകാണിച്ചിരിക്കുന്നത്, താങ്കൾ ചരിത്രത്തോടാണ്... വ്യാജചരിത്ര നിർമിതികൾ പരത്തുന്ന ഇരുട്ടിൽ സത്യത്തിൻ്റെ കെടാവിളക്കുകൾ തെളിയിച്ച്, അംബരചുംബിയായൊരു ദീപസ്തംഭമായി ,അങ്ങ് ചരിത്രത്തിനു വഴി കാട്ടുന്നു. താങ്കൾ ചരിത്രത്തിനു മുമ്പേ നടന്നയാളാണ്...
ഡോ. സിങ്, താങ്കൾ ഞങ്ങളെ സാമ്പത്തിക വിപ്ലവത്തിൻ്റെ വഴിയിലൂടെ നയിച്ചു. അങ്ങയുടെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കുവാൻ താങ്കൾക്ക് കഴിഞ്ഞു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും, ഭക്ഷ്യ ഭദ്രതാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും , വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെ ഞങ്ങളെ ശാക്തീകരിച്ചു.
ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, താങ്കൾ ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നു. അങ്ങയുടെ സാമ്പത്തിക മാന്ത്രികതയിൽ സർവ മേഖലയിലും ഇന്ത്യ കുതിച്ചുയർന്നപ്പോൾ ലോകനേതാക്കൾ അങ്ങയെ ആരാധനയോടെ കണ്ടു. സൗമ്യതയോടെ അതിവൈകാരികതയില്ലാതെ ഇന്ത്യയെ മുന്നോട്ടുനയിച്ച മൃദുഭാഷിയെങ്കിലും ദൃഢചിത്തനായ രാഷ്ട്രനേതാവായിരുന്നു താങ്കൾ.
അങ്ങു നയിച്ച മന്ത്രിസഭയിൽ രണ്ടു തവണയായി മൂന്നു വർഷക്കാലം അങ്ങയുടെ സഹപ്രവർത്തകനായിരുന്ന എനിക്ക് താങ്കൾ വഴികാട്ടിയായിരുന്നു. ഇന്ത്യക്കു ഗുണകരമായ തീരുമാനങ്ങൾ എത്ര ശക്തമായ എതിർപ്പുണ്ടായിട്ടും മാറ്റാതെ ഒരു മഹാമേരുവായി ഉറച്ചുനിന്നു നടപ്പിലാക്കിയ ഡോ. സിങ് താങ്കളാണ് കരുത്തനായ പ്രധാനമന്ത്രി.
അനേകം മഹായുദ്ധങ്ങൾ ജയിക്കുന്നതിലും ഉന്നതമായിരുന്നു അങ്ങു നമുക്കായി നേടിയ സാമ്പത്തിക യുദ്ധവിജയം. ശത കോടിക്കണക്കിനു മനുഷ്യരെ ദരിദ്ര്യരേഖയ്ക്കു മുകളിലേക്ക് കൈപിടിച്ചുയർത്തിയ അങ്ങയോട് അന്നത്തെ മാധ്യമങ്ങളും പ്രതിപക്ഷവും ജനങ്ങളും നീതി കാണിച്ചില്ല. കൂരമ്പുകൾ ഒന്നൊന്നായി നെഞ്ചിലേൽക്കുമ്പോഴും അങ്ങ് സ്വന്തം കർത്തവ്യത്തിൽ മാത്രം മുഴുകി.
വാചാലമായ എത്രയെത്ര പത്ര സമ്മേളനങ്ങൾ എങ്കിലും അങ്ങയെ അവർ മൗനി എന്നുവിളിച്ചു. കരുത്തുറ്റ അനേകം തീരുമാനങ്ങൾ എടുത്തുവെങ്കിലും അവർ താങ്കളെ ദുർബലൻ എന്നു വിളിച്ചു. ജനാധിപത്യം സാഹോദര്യം, പുരോഗമനം എല്ലാം തികഞ്ഞൊരു ഭരണാധികാരിയായിരുന്നു താങ്കൾ. കാലവും ചരിത്രവും സാക്ഷി പറയുന്നു ... താങ്കളായിരുന്നു ശരി എന്ന്... നൻമ നിറഞ്ഞ ശരി....പ്രണാമം ഡോ. മൻമോഹൻ സിങ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates