'അന്ന് ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘം നോമിനേഷന്‍ പിന്‍വലിച്ചു, എ കെ ജിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പരസ്യസഖ്യമുണ്ടാക്കി'

Congress-RSS relationship had existed since the 1960s elections'
AKG
Updated on
4 min read

കൊച്ചി: 1960കളിലെ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ്- ആര്‍എസ് എസ് ബന്ധമുണ്ടായിരുന്നുവെന്നും ഡീല്‍ നിലനിന്നിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് കുറിപ്പ് പങ്കുവയ്ച്ച് മാധ്യമപ്രവര്‍ത്തകനായ ബൈജു ചന്ദ്രന്‍. '1960 ലെ പട്ടാമ്പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ എം എസിനെ തോല്‍പ്പിക്കാന്‍ സ്വന്തം നോമിനേഷന്‍ പിന്‍വലിച്ച് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്ക് ജനസംഘം പിന്തുണ നല്‍കിയെന്നാന്നാണ് ഫെയ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

'1957ല്‍ പറഞ്ഞു കേള്‍ക്കാത്ത ചരിത്രമാണ് .1957ല്‍ കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തില്‍ നടന്നത്. ഹിന്ദു വര്‍ഗ്ഗീയതയും മുസ്ലീം വര്‍ഗ്ഗീയതയും കോണ്‍ഗ്രസ്സ് സോഷ്യലിസവും പി എസ് പി സോഷ്യലിസവുമെല്ലാം തമ്മില്‍ കെട്ടിപ്പുണരുന്ന കാഴ്ചയാണ് അന്ന് ജനങ്ങള്‍ കണ്ടത്. കോണ്‍ഗ്രസും പി എസ് പിയും മുസ്ലീം ലീഗും ആര്‍ എസ് എസ്സും പരസ്യമായി ഒരു സഖ്യമുണ്ടാക്കി. 1952 ലെ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജിയെ എങ്ങനെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് പല പരിപാടികളും ആസൂത്രണം ചെയ്‌തെന്നും' കുറിപ്പില്‍ പറയുന്നു.

ബൈജു ചന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

' 1. ഗാന്ധിജി മരിച്ച ദിവസം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.

2. ഗുരുജി ഗോള്‍വാള്‍ക്കര്‍ കാസര്‍ഗോഡ് സന്ദര്‍ശിച്ചപ്പോള്‍ മാലയിട്ടു സ്വീകരിച്ചു. പൊതുയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

3. ഗോവധ നിരോധനത്തിനു വേണ്ടി ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ നെഹ്റുവുമായി വലിയ അഭിപ്രായ വ്യത്യാസത്തിലുമാണ് . കൂടാതെ ഗോവധത്തെ എതിര്‍ക്കാനുള്ള

ആര്‍ എസ് എസ് ആഹ്വാനപ്രകാരം തന്റെ പശുക്കളെയും കാളകളെയും അഴിച്ചുവിട്ട് റോഡില്‍ കൂടി ഗംഭീരമായൊരു പ്രകടനം നടത്തി.

4. ചന്ദ്രഗിരിപ്പുഴക്ക് വടക്കുവശമുള്ള കേരളാ പ്രദേശം കര്‍ണ്ണാടക പ്രദേശത്തോട് ചേര്‍ക്കുന്നതിന് താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്ന് കാസര്‍ഗോഡിലുള്ള കര്‍ണ്ണാടകക്കാര്‍ക്ക് ഉറപ്പുനല്‍കിക്കൊണ്ട് കര്‍ണ്ണാടക ഭാഷയില്‍ പ്രസ്താവനയിറക്കുകയും, മലയാളികളുടെ താല്പര്യം സംരക്ഷിക്കാന്‍ ആ പ്രദേശം കേരളത്തില്‍ നിലനിറുത്താന്‍ പരമാവധി പരിശ്രമിക്കുമെന്ന് മലയാളത്തില്‍ മറ്റൊരു പ്രസ്താവനയിറക്കുകയും ചെയ്തു .'

1957 ല്‍ പുതുതായി രൂപം കൊണ്ട കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങിയ

ഡോ. ബി അച്ചുത ഷേണായിയുടെ ഗുണ ഗണങ്ങളാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയുടെ പേര് കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് മുഴുവന്‍ അന്ന് സുപരിചിതമായിരുന്നു . ഒന്നാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എ കെ ഗോപാലന്‍. വിപ്ലവത്തിന്റെ രക്തനക്ഷത്രമായ സഖാവ് എ കെ ജി.

കോണ്‍ഗ്രസ്സ് - ആര്‍ എസ് എസ് ബാന്ധവത്തിന്റെ ചരിത്രം ചികഞ്ഞു പോകുന്നവരെല്ലാം തുടങ്ങുന്നത് 1960 ലെ പട്ടാമ്പി നിയമസഭാ തിരഞ്ഞെടുപ്പിലാണ്. അന്ന് ഇ എം എസിനെ തോല്‍പ്പിക്കാന്‍ വേണ്ടി സ്വന്തം നോമിനേഷന്‍ പിന്‍വലിച്ച് കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയ ജനസംഘത്തിന്റെ കഥ ഈ ഇടത്തിലും എഴുതിയിരുന്നല്ലോ. എന്നാല്‍ അങ്ങനെയാരും പറഞ്ഞു കേള്‍ക്കാത്ത ചരിത്രമാണ് 1957ല്‍ കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തില്‍ നടന്നത്. ഹിന്ദു വര്‍ഗ്ഗീയതയും മുസ്ലീം വര്‍ഗ്ഗീയതയും കോണ്‍ഗ്രസ്സ് സോഷ്യലിസവും പി എസ് പി സോഷ്യലിസവുമെല്ലാം തമ്മില്‍ കെട്ടിപ്പുണരുന്ന കാഴ്ചയാണ് അന്ന് ജനങ്ങള്‍ കണ്ടത്. കോണ്‍ഗ്രസ്സും പി എസ് പിയും മുസ്ലീം ലീഗും ആര്‍ എസ് എസ്സും പരസ്യമായി ഒരു സഖ്യമുണ്ടാക്കി.

1952 ലെ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജിയെ എങ്ങനെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്സ് പല പരിപാടികളും ആസൂത്രണം ചെയ്തു.

ബദിയടുക്ക സ്വദേശിയായ ബി അച്ചുത ഷേണായ് എന്ന

എല്‍ എല്‍ എം ഡോക്ടര്‍ ഹോസ് ദുര്‍ഗ്ഗ് മണ്ഡലം കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റും കര്‍ണ്ണാടക സംസ്ഥാന കോണ്‍ഗ്രസ്സ് കമ്മിറ്റി അംഗവുമായിരുന്നു. കോണ്‍ഗ്രസ്സ് അദ്ദേഹത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയിട്ടാണ് നിറുത്തിയത്. അതിനു കാരണം ഷേണായിയുടെ ആര്‍ എസ് എസ് ബന്ധമായിരുന്നു. നേരത്തെ പറഞ്ഞതുപോലെ ഹിന്ദു മഹാസഭ നേതാക്കളെ സ്വീകരിക്കാനും ഗോള്‍വാള്‍ക്കര്‍ക്ക് പണക്കിഴി കൊടുക്കാനും ഗോവധ നിരോധന ദിവസം സ്വന്തം വീട്ടിലെ പശുക്കളുടെ നെറ്റിയില്‍ ചന്ദനക്കുറിയിട്ടു കൊടുത്ത് അണിനിരത്തിയ ആര്‍ എസ് എസ് ഘോഷയാത്രയുടെ മുന്നില്‍ നടക്കാനുമൊക്കെ ഏറെ ഉത്സാഹം കാണിച്ച കോണ്‍ഗ്രസ്സ് നേതാവായിരുന്നു ഷേണായ്. കര്‍ണ്ണാടക ഭൂരിപക്ഷമുള്ള മഞ്ചേശ്വരം, കാസര്‍ഗോഡ് അസംബ്ലി നിയോജക മണ്ഡലങ്ങളിലെ 1,20000 വോട്ടുകളും മുസ്ലീം ലീഗ് വഴി 63000 മുസ്ലീം വോട്ടുകളും കോണ്‍ഗ്രസ് ഡോ. ഷേണായ്ക്ക് ഉറപ്പുവരുത്തി. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവായ പി എസ് പി ഷേണായ്ക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചു. പി എസ് പി നേതാവായ എം പി ഗോവിന്ദ മേനോന്‍ കാഞ്ഞങ്ങാട്ട് വന്നു പ്രസംഗിച്ചു :

' എ കെ ഗോപാലന് അഞ്ചു കൊല്ലത്തെ വിശ്രമം കൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.'

ഫാദര്‍ ജോസഫ് വടക്കന്‍ നയിച്ച കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ കാലാള്‍പ്പടയില്‍പ്പെട്ട പള്ളീലച്ചന്മാരാണ് കുടിയേറ്റക്കാരുടെ വോട്ടു പിടിക്കാനിറങ്ങിയത്. 'എ കെ ഗോപാലന്‍ തോറ്റു കഴിഞ്ഞു' എന്ന് പോളിംഗിന്റെ കുറേ ദിവസങ്ങള്‍ക്കു മുമ്പ് തന്നെ വലിയ പ്രചാരണം നടന്നു.

അതുകൊണ്ടൊന്നും വിജയിക്കാന്‍ സാധ്യതയില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ്സ് കര്‍ണ്ണാടക പരിഷത്തുകാരുമായി ഒരു ഗൂഢാലോചന നടത്തി....

കേരള സംസ്ഥാനത്തെ ഭാഷാ ന്യൂനപക്ഷമായിരുന്നു അന്ന് കര്‍ണ്ണാടകക്കാര്‍. ചന്ദ്രഗിരി പുഴക്ക് വടക്കുള്ള മൂന്നു ഫര്‍ക്കകള്‍ മൈസൂര്‍ സ്റ്റേറ്റില്‍ ചേരേണ്ടതാണെന്ന് വിശ്വസിക്കുന്നവരായിരുന്നു അവര്‍. അത്രയും പ്രദേശങ്ങള്‍ കേരളത്തോട് ചേര്‍ത്തത് അവരെ അസ്വാസ്ഥ്യപ്പെടുത്തിയിരുന്നു . അവരുടെ ഒരു പ്രതിനിധി കേരള നിയമസഭയില്‍ വേണമെന്ന തത്വം അംഗീകരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി

ഡോ. എ സുബ്ബാറാവു പത്രിക പിന്‍വലിച്ചു. കര്‍ണ്ണാടക ഏകീകരണസമിതിയുടെ പ്രസിഡന്റ് ഉമേഷ് റാവു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഞ്ചേശ്വരം നിയോജക മണ്ഡലം ഉള്‍പ്പെട്ട കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തിലെ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി എ കെ ജിയെ സഹായിക്കാമെന്ന് കര്‍ണ്ണാടക ഏകീകരണസമിതിക്കാര്‍ വാക്കുകൊടുത്തിരുന്നു. തര്‍ക്കത്തില്‍പ്പെട്ട പ്രദേശങ്ങള്‍ ഏതു ഭാഗത്തുചേരണമെന്ന് തീരുമാനിക്കാന്‍ ഒരു അതിര്‍ത്തി കമ്മീഷനെ നിയോഗിക്കണമെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം അവര്‍ക്ക് സ്വീകാര്യമായിരുന്നു.

എ കെ ജി ക്ക് എതിരായി വോട്ടു ചെയ്യുകയാണെങ്കില്‍ കാസര്‍ഗോഡ് താലൂക്ക് മുഴുവന്‍ വിട്ടുകൊടുക്കാമെന്ന രഹസ്യകരാറില്‍ മലബാര്‍ കോണ്‍ഗ്രസ്സ് നേതാവ്

സി കെ ഗോവിന്ദന്‍ നായര്‍ ഒപ്പുവെച്ചു. ഇതുകൂടാതെ മലബാറിലെ ജന്മിമാരും സമ്പന്നവര്‍ഗ്ഗത്തില്‍പ്പെട്ടവരും ഒന്നടങ്കം എ കെ ജിക്ക് എതിരായി സര്‍വ്വ ശക്തിയും സമാഹരിച്ച് രംഗത്തുണ്ടായിരുന്നു.

'എ കെ ജിയ്‌ക്കെതിരായി കോണ്‍ഗ്രസ്സിന്റെ ശിഖണ്ഡി വേഷം' എന്ന തലക്കെട്ടില്‍ ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു.

'ആന്ധ്രയില്‍ സഖാക്കളുടെ കണക്കുതെറ്റി, കേരളത്തില്‍ സഖാക്കളുടെ തല തെറ്റും ',

' ഹംഗറിയില്‍ 25000 പേരെ കൊന്നവര്‍ക്ക് വോട്ടില്ല',

' കൊലയാളി ഗോപാലന് വോട്ടില്ല '

' നെഹ്റു വിന്റെ താടി വടിപ്പുകാരന്‍ ഗോപാലന് വോട്ടില്ല ' ഈ മുദ്രാവാക്യങ്ങള്‍ എഴുതിവെച്ചിട്ടുള്ളത് ഒരു പീടികച്ചുമരിലാണ്. അതിനകത്ത് നെഹ്റു വിന്റെ ചിത്രവും വികസന പദ്ധതികളുടെ ഒരു സ്‌കെച്ചും ഒരുമിച്ചുചേര്‍ന്ന ഒരു പോസ്റ്റര്‍ ഭംഗിയായി അലങ്കരിച്ചു വെച്ചിട്ടുണ്ട്.

വളരെ ബോധപൂര്‍വം എതിര്‍കക്ഷികളുടെ പ്രചരണങ്ങളെ നേരിടാനുള്ള ലഘുലേഖാ പ്രചരണങ്ങളും യോഗങ്ങളും നടത്തുക, ഏരിയാ കമ്മിറ്റികള്‍ വഴി വാര്‍ഡും വീടും ആളും എണ്ണി ചിട്ടയായ പ്രവര്‍ത്തനം നടത്തുക -- ഇതാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന രീതി.

മലബാറിലെ ഏറ്റവും വലിയ ബഹുജനസംഘടനയായ കര്‍ഷക പ്രസ്ഥാനവും തൊഴിലാളി സംഘടനയും ചിട്ടയായ പ്രവര്‍ത്തനവും പാര്‍ട്ടി ഘടകങ്ങളുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈമുതല്‍. മലബാറിലെയും കേരളത്തിലെയും ദേശീയ പ്രസ്ഥാനത്തിന്റെ നായകത്വം വഹിച്ചിരുന്നവരാണ് പാര്‍ട്ടിയണികളിലുള്ളത്. സഖാക്കള്‍ എ കെ ജി, ഇ എം എസ്, കെ പി ആര്‍, പി ആര്‍ നമ്പ്യാര്‍, കെ ദാമോദരന്‍ തുടങ്ങിയവരെക്കാള്‍ പ്രശസ്തിയുള്ള പ്രവര്‍ത്തകര്‍ മറ്റു പാര്‍ട്ടികളിലില്ല. അതേ സമയം ദേശീയ പ്രസ്ഥാനത്തെയും പുരോഗമന പ്രസ്ഥാനങ്ങളെയും എതിര്‍ത്തു നിന്നിട്ടുള്ള പലരും കോണ്‍ഗ്രസ്സ് അണികളിലെ സമുന്നതരാണ്. സര്‍ദാര്‍ ചന്ത്രോത്തും പാമ്പന്‍ മാധവനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ്.

പ്രധാനമന്ത്രി നെഹ്റുവിന്റെ കേരള പര്യടനവേളയില്‍ അദ്ദേഹം

എ കെ ജിക്ക് എതിരായി കാസര്‍ഗോഡ് മണ്ഡലത്തില്‍ പോയി പ്രചരണം നടത്തി.

' ഗോപാലന്‍ പാര്‍ലമെന്റില്‍ പോകുകയില്ലെ'ന്ന് കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് ചാണൂരനായ

എസ് കെ പാട്ടീല്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഭൂരിപക്ഷം പത്രങ്ങളും ഇതേ പല്ലവി ആവര്‍ത്തിച്ചു. അങ്ങനെ നെഹ്റു മുതല്‍ വടക്കനച്ചന്‍ വരെയുള്ള മഹാരഥന്മാര്‍ എ കെ ജിയെ പരാജയപ്പെടുത്താന്‍ ഒറ്റക്കെട്ടായി സര്‍വ്വശക്തിയും പ്രയോഗിക്കുകയായിരുന്നു.'

തിരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാരെ അനധികൃതമായി കടത്തി കൊണ്ടുവന്ന ജീപ്പുകള്‍, കാറുകള്‍, ലോറികള്‍ ഒക്കെ പോലീസ് തടഞ്ഞില്ലെങ്കിലും പാര്‍ട്ടി സഖാക്കള്‍ തടഞ്ഞു. പി എസ് പിക്കാര്‍ മുസ്ലീം ലീഗുമായി ചേര്‍ന്ന് മുസ്ലീം സ്ത്രീകളെ കൂട്ടം കൂട്ടമായി പോളിംഗ് ബൂത്തില്‍ കൊണ്ടു വന്നു.

കോണ്‍ഗ്രസ്സ് - ആര്‍ എസ് എസ് - പി എസ് പി -ലീഗ് സഖ്യത്തിന്റെ പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് മഞ്ചേശ്വരത്തും കാസര്‍ഗോഡും അറുപതു ശതമാനം വോട്ടും

എ കെ ജി നേടി. ഡോ. ഷേണായ് യുടെ സ്വന്തം ഗ്രാമത്തില്‍പ്പോലും

എ കെ ജിക്കായിരുന്നുഭൂരിപക്ഷം.

എ കെ ജിയുടെ തെരഞ്ഞെടുപ്പ് ഫലം കേരളമാകെ ഉല്‍ക്കണ്ഠയോടെ കാത്തിരിക്കുകയായിരുന്നു. വോട്ടെണ്ണല്‍ തുടങ്ങുന്നതിനു മുമ്പുതന്നെ 20000 വോട്ടിന്

എ കെ ജി തോറ്റെന്ന പ്രചരണം എതിരാളികള്‍ നടത്തി. ആദ്യ ദിവസം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍

എ കെ ജിക്ക് 15000 വോട്ടു മാത്രമേ കൂടുതലുള്ളൂവെന്ന വാര്‍ത്ത കോണ്‍ഗ്രസ്സ് കേന്ദ്രങ്ങളില്‍ വലിയ ആഹ്ലാദമുണ്ടാക്കിയിരുന്നു.

എ കെ ജിയുടെ തോല്‍വി സുനിശ്ചിത'മെന്ന് മലയാള മനോരമ എഴുതി. തിരുവനന്തപുരത്തെ

പി എസ് പിക്കാര്‍ എ കെ ജിയുടെ ഒരു വൈക്കോല്‍ പ്രതിമയുണ്ടാക്കി പരാജയവാര്‍ത്ത വന്നാലുടനെ കത്തിക്കാന്‍വേണ്ടി കാത്തിരിക്കുകയായിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പട്ടം താണുപിള്ള ഈശ്വരയ്യരോട് തോറ്റതിന് പ്രതികാരം ചെയ്യാന്‍ വേണ്ടിയായിരുന്നു അത്.

എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയബോധം, അവരുടെ സകല ശ്രമങ്ങളെയും അഭിമാനകരമായി അതിജീവിച്ചു. അവര്‍ എ കെ ജിയെ വിജയിപ്പിച്ചു. 5145 വോട്ടുകളായിരുന്നു എ കെ ജിയുടെ ഭൂരിപക്ഷം.

ജനയുഗം റിപ്പോര്‍ട്ട് ചെയ്യുന്നു.

'വോട്ടെണ്ണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കണ്ണൂരില്‍ മുതലാളിമാരുടെ കാറുകള്‍ വരിയിട്ട് പായുന്നുണ്ടായിരുന്നു. തലേന്നുതന്നെ മുതലാളിമാര്‍ വന്നു തമ്പടിച്ചിരുന്നു. രാത്രി ഒന്‍പതു മണിക്ക് നീലേശ്വരം ദ്വയാംഗ മണ്ഡലത്തിലെ വോട്ടെണ്ണി ക്കഴിഞ്ഞു. 14000 വോട്ടിനു എ കെ ജി മുന്നിട്ടു നില്‍ക്കുന്നു. സ്വതന്ത്രന്‍ 6000 വോട്ടിനു ജയിച്ചുവെന്ന ഫോണുകള്‍ കണ്ണൂരില്‍ നിന്ന് പല ഭാഗത്തേക്കും പാഞ്ഞുകൊണ്ടിരുന്നു. കാരണം കാസര്‍ഗോട്ടും ഹോസ് ദുര്‍ഗും 28000 വോട്ടുകള്‍ സ്വതന്ത്രന് കൂടുതലുണ്ട്.

കോണ്‍ഗ്രസ്സ് - ലീഗ് - പി എസ് പി നേതാക്കള്‍ ആര്‍ത്തു മദിച്ചു. അതിരു കടന്ന ആവേശത്തില്‍ അവരുടെ അനുയായി കളില്‍ ചിലര്‍ എ കെ ജിയുടെ പുല്‍ പ്രതിമകള്‍ തയ്യാറാക്കി. എടക്കാട് ഒരു സ്ഥലത്ത് എ കെ ജിയുടെയും ഭാര്യയുടെയും കുഞ്ഞിന്റെയും വൈക്കോല്‍ പ്രതിമകള്‍ ഉണ്ടാക്കി 'നാഭിക്ക് കോയപ്പടക്കവും കെട്ടി തോളത്ത് മാറാപ്പുമേറ്റി ' കാശിയിലേക്ക് എന്ന ലേബലുമൊട്ടിച്ച് ഒരുക്കി നിറുത്തുന്നത് വരെ ഈ വിജയലഹരി അവരെ എത്തിച്ചു.. പക്ഷെ ആ കോയപ്പടക്കത്തിന് തീ കൊടുക്കേണ്ടി വന്നില്ല.

നീലേശ്വരം വരെയുള്ള വോട്ടെണ്ണി ത്തീര്‍ന്നപ്പോള്‍ എ കെ ജി തോറ്റുവെന്ന് കരുതി അലമുറ യിട്ടുകരഞ്ഞ നൂറു നൂറു കുടുംബങ്ങള്‍ ജയിച്ചുവെന്നറിഞ്ഞപ്പോഴും പൊട്ടിക്കരഞ്ഞു. എ കെ ജി കോഴിക്കോട്ടുനിന്ന് കണ്ണൂരേക്ക് വരുന്നുണ്ടെന്ന് കേട്ട് വഴി നീളെ മാലയും പനിനീരുമായി ജനങ്ങള്‍ കാത്തുനിന്നു. അമ്മമാര്‍, കുട്ടികള്‍, വൃദ്ധന്മാര്‍, യുവാക്കള്‍ - സന്ധ്യക്ക്

എ കെ ജി കണ്ണൂരിലെത്തുമ്പോഴേക്കും പതിനായിരത്തോളം ജനങ്ങള്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.

തളികാവ് മൈതാനിയില്‍ തടിച്ചു കൂടിയ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് എ കെ ജി പറഞ്ഞു :

' എന്റെ വിജയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം വിജയമല്ല. ഈ നാട്ടിലെ ജനങ്ങളുടെ വിജയമാണ്. ജനങ്ങള്‍ അജയ്യരാണ്. '

Summary

'The deal also said that the Congress-RSS relationship had existed since the 1960s elections'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com