തിരുവനന്തപുരത്തെ റോഡിന് ഹെഡ്‌ഗെവാറിന്റെ പേരിട്ടത് കോണ്‍ഗ്രസ് പിന്തുണയില്‍, ഒപ്പം നിന്ന് മുസ്ലിം ലീഗ്; ചരിത്രം തിരിഞ്ഞുകൊത്തുന്നു

Hedgewar road in thiruvananthapuram
Updated on
3 min read

തിരുവനന്തപുരം: പാലക്കാട് നഗരസഭയിലെ ബിജെപി ഭരണ സമിതി ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗെവാറിന്റെ പേരിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധ രംഗത്തുള്ള കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്തി ചരിത്രം. തിരുവനന്തപുരം നഗരസഭയില്‍ റോഡിന് ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള ബിജെപി പ്രമേയം പാസായത് കോണ്‍ഗ്രസിന്റെയും ഒപ്പം മുസ്ലിം ലീഗിന്റെയും പിന്തുണയില്‍. 1992 -93 കാലത്താണ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് മുന്നിലുള്ള പ്രധാന റോഡിനെ ഡോക്ടര്‍ ഹെഡ്‌ഗെവാര്‍ റോഡ് എന്നു നാമകരണം ചെയ്തത്.

പാലക്കാട്ടെ നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗെവാറിന്റ പേര് നല്‍കിയത് ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ബിജെപി ജില്ലാ നേതൃത്വവും തമ്മില്‍ പരസ്യപോരും ഇരു പാര്‍ട്ടികളും തെരുവില്‍ കടുത്ത പ്രതിഷേധവും നടത്തുകയാണ്. എന്നാല്‍ ഇതേ കോണ്‍ഗ്രസിന്റെ പരിപൂര്‍ണ പിന്തുണയോടെ ബിജെപി നേതൃത്വം ഹെഡ്‌ഗേവാറിന്റെ പേര് ഒരു റോഡിന് ഇടാനുള്ള പ്രമേയം തിരുവനന്തപുരം നഗരസഭയില്‍ കൊണ്ട്‌വരികയും സിപിഎം എതിര്‍പ്പ് മറികടന്ന് പാസാക്കുകയും ചെയ്യുകയായിരുന്നു, അന്ന്. ബിജെപി പ്രമേയം പാസാവുന്നത് ഉറപ്പ് വരുത്തിയത് മുസ്‌ലിം ലീഗിന്റെ കൂടി പിന്തുണയായിരുന്നു.

സിപിഎമ്മിന്റെ രണ്ട് പ്രമുഖ നേതാക്കള്‍ യുഡിഎഫ്, ബിജെപി പക്ഷത്തേക്ക് കൂറുമാറിയതിനും രണ്ട് യുഡിഎഫ് കണ്‍സിലര്‍മാരെ സിപിഎം തട്ടികൊണ്ട് പോവുന്നതിനും സാക്ഷ്യം വഹിച്ച 1988-1993 കാലഘട്ടത്തിലെ തിരുവനന്തപുരം നഗരസഭയുടെ ഭരണസമതി കാലത്താണ് കോലിബി സഖ്യം ഡോക്ടര്‍ ഹെഡ്‌ഗെവാര്‍ റോഡ് എന്ന പേര് തിരുവനന്തപുരത്ത് ആറാട്ടിന് മുമ്പ് പള്ളി വേട്ട നടക്കുന്ന ഫോര്‍ട്ട് ഹൈസ്‌ക്കൂള്‍ മുതല്‍ വാഴപ്പിളളി ജംഗ്ഷന്‍ വരെയുള്ള റോഡിന് (ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടക്ക് മുന്നിലുള്ള പ്രധാന റോഡ്) നല്‍കുന്ന പ്രമേയം പാസാക്കി നല്‍കിയത്. ഈ റോഡിലാണ് ആര്‍എസ്എസ് കാര്യാലയം സ്ഥിതിചെയ്യുന്നത്.

1988 ല്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണസമിതിയാണ് തിരുവനന്തപുരം നഗരസഭാ ഭരണം പിടിച്ചത്. ആകെ 50 വാര്‍ഡുകളാണ് അക്കാലത്ത് നതിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉണ്ടായിരുന്നത്. സിപിഎമ്മിനെ കൂടാതെ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷവും ആറംഗങ്ങളുള്ള ബിജെപിയും രണ്ടംഗങ്ങളുള്ള മുസ്‌ലിംലീഗും സഭയിലുണ്ടായിരുന്നു.

അക്കാലത്ത് മേയര്‍ പദവി കാലാവധി ഒരു വര്‍ഷം ആയിരുന്നതിനാല്‍ അഞ്ച് വര്‍ഷം അഞ്ച് മേയര്‍മാര്‍ അധികാരമേല്‍ക്കുകയായിരുന്നു പതിവ്. 1988 ല്‍ സി ജയന്‍ബാബുവിനെ മേയറാക്കാന്‍ സിപിഎം തീരുമാനിച്ചു. പാര്‍ട്ടിയിലെ അതികായരായിരുന്ന സ്റ്റാന്‍ലി സത്യനേശന്‍, എംപി പത്മനാഭന്‍ എന്നിവരുടെ പിടിയില്‍ നിന്ന് നഗസഭാ ഭരണത്തെ മോചിപ്പിച്ചുകൊണ്ടുള്ള തീരുമാനം അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസ് അച്യുതാനന്ദന്റ കൂടിയായിരുന്നു. 1989-1990 ല്‍ സിപിഐയുടെ മകസ്‌വെല്ലും 1990-1991 ല്‍ സിപിഎമ്മിന്റ നെടുങ്കാട് കരുണാകരന്‍ നായരും മേയറായി. ഇതിനിടെ ഹെഡ്‌ഗെവാറിന്റെ ജന്‍മശതാബ്ദി വര്‍ഷമായ 1988 ല്‍ റോഡ് നാമകരണത്തിനായി ബിജെപിയുടെ കോട്ടയ്ക്കകം കൗണ്‍സിലര്‍ വെങ്കട്ടരാമന്‍ പ്രമേയാനുമതി തേടിയെങ്കിലും സിപിഎം ഭരണസമിതി അവതരണ അനുമതി പോലും നല്‍കാതെ അവഗണിക്കുകയായിരുന്നു. 'ഞങ്ങള്‍ ആ പ്രമേയം പരിഗണനയ്ക്ക് പോലും എടുക്കേണ്ടന്ന തീരുമാനം ആണ് എടുത്തത്,' അക്കാലത്ത് കൗണ്‍സിലറായിരുന്ന ജില്ലയിലെ പ്രധാന സിപിഎം നേതാവ് കരമന ഹരി സമകാലിക മലയാളത്തോട് പറഞ്ഞു. 'കേരളവും തീരുവനന്തപുരവും ആയി ബന്ധമില്ലാത്ത ഒരാളുടെ പേരില്‍ റോഡ് നാമകരണം ചെയ്യാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞു,'- അദ്ദേഹം ഓര്‍ക്കുന്നു.

എന്നാല്‍ 1991ല്‍ സ്റ്റാന്‍ലി സത്യനേശനെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പേരൂര്‍ക്കട സദാശിവന്റ ഭാര്യ കൂടിയായ ലളിത സദാശിവനെ മേയര്‍ സ്ഥാനത്തേക്ക് പാര്‍ട്ടി ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ചു. സിപിഎമ്മില്‍ സ്റ്റാന്‍ലി സത്യനേശന്റെ അതൃപ്തി മനസിലാക്കിയ ബിജെപി കൗണ്‍സിലര്‍ എംഎസ് കുമാര്‍ കരുക്കള്‍ നീക്കി. 'ഞങ്ങള്‍ സ്റ്റാന്‍ലിയെ ബന്ധപ്പെട്ടു,' എംഎസ് കുമാര്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 'കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ വാഴോട്ട്‌കോണം രവിയുമായും മുസ്‌ലിംലീഗിന്റെ ബീമാപള്ളി റഷീദ് അടക്കം രണ്ട് കൗണ്‍സിലര്‍മാരുമായി സംസാരിച്ചു ധാരണയിലെത്തി. മേയര്‍ തെരഞ്ഞെടുപ്പിന്റെ ദിവസം വരെ രണ്ട് നാള്‍ സ്റ്റാന്‍ലി സത്യനേശനെയും സി.പി.എം പാങ്ങോട് കണ്‍സിലര്‍ കൃഷ്ണന്‍കുട്ടിയെയും ഞങ്ങള്‍ സുരക്ഷിതമായ ഒരു വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചു. ഇകെ നായനാര്‍ സര്‍ക്കാര്‍ ആയിരുന്നു ഭരണത്തില്‍. സിപിഎം അവരുടെ സംഘടനാ ശേഷിയും ഭരണത്തിലെ പിടിയും വെച്ച് നാട് മുഴുവന്‍ തപ്പിയെങ്കിലും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. ഇന്നും ആ വീട് ഏതെന്ന് ഞാന്‍ പറയില്ല,' അദ്ദേഹം പറഞ്ഞു.

മേയര്‍ തെരഞ്ഞെടുപ്പിന്റെ അന്ന് കോണ്‍ഗ്രസ് ബിജെപി ലീഗിന്റെ സ്ഥാനാര്‍ത്ഥിയായ സ്റ്റാന്‍ലിയെയും ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായ കൃഷ്ണന്‍ കുട്ടിയെയും കൗണ്‍സില്‍ ഹാളില്‍ ഹാജരാക്കാനുള്ള ചുമതല പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് പിറകുവശത്ത് അന്ന് ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്ത പ്രവര്‍ത്തകരെയാണ് ഏല്‍പ്പിച്ചത് -എംഎസ് കുമാര്‍ പറഞ്ഞു. വോട്ടെടുപ്പില്‍ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ആറ് പേര്‍ സിപിഎം പക്ഷത്ത് നിന്ന് കൂറുമാറി സ്റ്റാന്‍ലിക്ക് അനുകൂലമായി വോട്ട് ചെയതത് സിപിഎം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു. ആരൊക്കെയാണ് കൂറുമാറി വോട്ട് ചെയ്തതെന്ന് പാര്‍ട്ടിക്ക് ഒരിക്കലും കണ്ടുപിടിക്കാനും കഴിഞ്ഞില്ല.

Hedgewar road in thiruvananthapuram
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തു

1992 ല്‍ അടുത്ത മേയര്‍ തെരഞ്ഞെടുപ്പിലും കോലിബി സഖ്യം സിപിഎമ്മിനെ ഞെട്ടിച്ചു. സിപി.എമ്മിന്റ മറ്റൊരു പ്രമുഖ നേതാവായ എംപി പത്മനാഭനെ അടര്‍ത്തി എടുത്ത് കൂറുമാറ്റി മേയറാക്കാന്‍ എംഎസ് കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞു. ഡെപ്യുട്ടി മേയറായി ശാന്തമ്മയെയും അവര്‍ വിജയിപ്പിച്ചു. പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ കൂറുമാറിയതോടെ സി.പിഎം പരാജയം രുചിച്ചു. തുടര്‍ന്നാണ് ഭരണസമിതിയുടെ അവസാന വര്‍ഷമായ 1992-1993 ല്‍ ബിജെപി കൗണ്‍സിലറും സിപിഎമ്മിനെ തറപറ്റിച്ച രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയയാളുമായ എംഎസ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് മുന്നിലുള്ള പ്രധാന റോഡിനെ ഡോക്ടര്‍ ഹെഡ്‌ഗെവാര്‍ റോഡ് എന്ന് നാമകരണം ചെയ്യണമെന്ന പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. സി.പി.എം ഉള്‍പടെ ഇടതുപക്ഷം എതിര്‍ത്തുവെങ്കിലും കോണ്‍ഗ്രസിന്റെയും മുസ്‌ലീംലീഗിന്റെയും മുഴുവന്‍ അംഗങ്ങളുടെയും ബി.ജെ.പിയുടെയും പിന്തുണയോടെ പ്രമേയം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗീകരിച്ചു. പ്രമേയം പാസായ ശേഷം, കൂറുമാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കിയ എംഎസ് കുമാറിന് സുപ്രധാനമായ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദവിയും ലഭിച്ചു.

ഈ രാഷ്ട്രീയ വിഷയം സാമൂഹ്യമാധ്യമത്തില്‍ എംഎസ് കുമാര്‍ കുറിച്ചത് ഇങ്ങനെ: '25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദേശീയ നേതാവിനെ, സ്വാതന്ത്ര്യസമര സേനാനിയെ ആദരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്നതിന് അവര്‍ക്ക് കഴിയാത്തത് അവര്‍ ചെന്നുപെട്ടിരിക്കുന്ന രാഷ്ട്രീയ ഭീകരതയെ തുറന്ന് കാട്ടുന്നതാണ്. ചരിത്രം പഠിക്കുകയും അറിയുകയും ചെയ്യാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലുള്ള നേതാക്കള്‍ പാലക്കാട് സമരം ചെയ്യുന്നണത് കാണുമ്പോള്‍ പഴയ ചിലത് ഓര്‍ത്തുവെന്നേയെുള്ളൂ'വെന്ന് എംഎസ് കുമാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com