

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ മതംമാറ്റം നടക്കുന്നത് ഹിന്ദു മതത്തിലേക്കാണെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന മതംമാറ്റങ്ങളില്‍ 47 ശതമാനവും ഹിന്ദുമതത്തിലേക്കാണെന്ന്, ഗസറ്റ് രേഖകള്‍ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം തെരഞ്ഞെടുപ്പു വിഷയമാവുന്നതിനിടെയാണ് പുതിയ കണക്കു പുറത്തുവന്നിരിക്കുന്നത്. 'ലൗ ജിഹാദ്' തടയാന്‍ നിയമം കൊണ്ടുവരുമെന്ന് എന്‍ഡിഎ പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്. പ്രധാന പ്രചാരണ വിഷയമായി എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങളില്‍ ഒന്നാണ് ഇത്. ചില ക്രിസ്ത്യന്‍ സഭകളും ഇതിനെ പിന്തുണച്ചു രംഗത്തുവന്നിരുന്നു.
2020ല്‍ 506 മതംമാറ്റങ്ങളാണ് സംസ്ഥാന ഗസറ്റില്‍ പരസ്യം ചെയ്തിട്ടുള്ളത്. ഇതില്‍ 241ഉം ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളില്‍നിന്ന് ഹിന്ദുമതത്തിലേക്കു മാറിയതാണ്. 144 പേരാണ് പുതുതായി ഇസ്ലാം മതം സ്വീകരിച്ചത്. 119 പേര്‍ ക്രിസ്ത്യാനികളായി.
ഹിന്ദുമതത്തിലേക്കു മാറിയവരില്‍ 72 ശതമാനവും ദലിത് ക്രിസ്ത്യാനികള്‍ ആണ്. ദലിത് ക്രിസ്ത്യാനികള്‍ക്കു സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതാവാം അവര്‍ തിരിച്ചു ഹിന്ദുമതത്തില്‍ എത്തിയതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്ലാമില്‍നിന്നു ഹിന്ദുമതത്തില്‍ എത്തിയത് 32 പേരാണ്.
മറ്റു മതങ്ങളില്‍ ചേരുന്നതിനു ക്രിസ്തുമതം ഉപേക്ഷിച്ചത് 242 പേരാണ്. ക്രിസ്തുമതത്തിലേക്കു പുതുതായി എത്തിയവര്‍ ആവട്ടെ 119 പേരും. ഇസ്ലാമിലേക്കു 144 പേര്‍ എത്തിയപ്പോള്‍ ഉപേക്ഷിച്ചത് 40 പേര്‍. രണ്ടു പേര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു.
ഇസ്ലാമിലേക്കു പുതുതായി എത്തിയവരില്‍ 77 ശതമാനവും ഹിന്ദുക്കളാണ്. അതില്‍ 63 ശതമാനവും സ്ത്രീകളും. ഈഴവ, തിയ്യ, നായര്‍ സമുദായങ്ങളില്‍നിന്നാണ് ഇവരില്‍ ഭൂരിഭാഗവും. 13 സ്ത്രീകള്‍ ഉള്‍പ്പെടെ 25 ഈഴവര്‍ ഇസ്ലാം മതം സ്വീകരിച്ചു. 11 സ്ത്രീകള്‍ ഉള്‍പ്പെട 17 തിയ്യരാണ് ഇസ്ലാമില്‍ എത്തിയത്. നായര്‍ സമുദായത്തില്‍നിന്ന് 12 സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായും കണക്കുകള്‍ പറയുന്നു.
ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്ലാമില്‍ എത്തിയ 33 പേരില്‍ ഒന്‍പതു പേര്‍ സിറിയന്‍ കത്തോലിക്കരാണ്. ഇതില്‍ രണ്ടു പേര്‍ വനിതകളും ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates