തിരുവനന്തപുരം: സംസ്ഥാനത്ത് 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഓൺലൈൻ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയും ബുക്ക് ചെയ്യാം. സ്മാർട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കംപ്യൂട്ടർ വഴിയോ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
2007ലോ അതിന് മുൻപോ ജനിച്ചവർക്കേ രജിസ്റ്റർ ചെയ്യാനാകൂ. വാക്‌സിനേഷനായി കുടുംബാംഗങ്ങൾ നേരത്തേ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഉപയോഗിക്കാം. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
ഓൺലൈനിൽ ബുക്ക് ചെയ്യുന്നതെങ്ങനെ?
* https://www.cowin.gov.in എന്ന ലിങ്കിൽ പോകുക. ഹോം പേജിന് മുകൾ വശത്തായി കാണുന്ന രജിസ്റ്റർ/സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
* അപ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക. മൊബൈൽ നമ്പർ നൽകി Get OTP ക്ലിക്ക് ചെയ്യുമ്പോൾ നമ്മൾ നൽകിയ മൊബൈലിൽ ഒരു ഒടിപി നമ്പർ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പർ അവിടെ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.
* ഫോട്ടോ ഐഡി പ്രൂഫ് കോളത്തിൽ ആധാറോ സ്‌കൂൾ ഐഡി കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പെൺകുട്ടിയാണോ ആൺകുട്ടിയാണോ അദേഴ്‌സ് ആണോ എന്നും ജനിച്ച വർഷവും നൽകുക. അതിനുശേഷം രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.
* ഇതോടെ ആ ആളുടെ പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇതുപോലെ ആഡ് മോർ ഓപ്ഷൻ നൽകി മറ്റു മൂന്നു പേർക്കു കൂടി രജിസ്റ്റർ ചെയ്യാം.
വാക്‌സിനേഷനായി എങ്ങനെ അപ്പോയ്‌മെന്റെടുക്കാം?
* വാക്‌സിൻ എടുക്കാനുള്ള അപ്പോയ്മെന്റ് രജിസ്റ്റർ ചെയ്ത പേരിന് തൊട്ടുതാഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ താമസ സ്ഥലത്തെ പിൻകോഡ് നൽകുക. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സെർച് ചെയ്യാം.
* ഓരോ തീയതിയിലും വാക്‌സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാൻ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫേം ബട്ടൺ ക്ലിക്ക് ചെയ്യാം. അപ്പോൾ കൺഫേം ചെയ്ത സന്ദേശം ആ പേജിലും, എസ്എംഎസ് ആയും വരും.
* എന്തെങ്കിലും കാരണത്താൽ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം മൊബൈൽ നമ്പറും ഒടിപി നമ്പരും നൽകി കോവിൻ സൈറ്റിൽ കയറി ബുക്ക് ചെയ്യാം.
* വാക്‌സിനേഷൻ നടക്കുന്നതുവരെ റജിസ്‌ട്രേഷന്റെയും അപ്പോയിന്റ്മെന്റിന്റെയും രേഖകൾ എഡിറ്റ് ചെയ്യാൻ കഴിയും.
* വാക്‌സിനെടുക്കാനായി വാക്‌സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ റജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റർ ചെയ്ത ഫോട്ടോ ഐഡി കൈയിൽ കരുതണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates