പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം, എബിസി തിരിച്ച് വിദഗ്ധ ചികിത്സ; മൂന്നാം തരംഗം നേരിടാന്‍ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
Published on

തിരുവനന്തപുരം: ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കുന്നത്. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയിട്ടുള്ളത്. മൂന്നാം തരംഗം കൂടി മുന്നില്‍ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ചികിത്സാ പ്രോട്ടോകോളിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയര്‍) എന്നിങ്ങനെ എ, ബി, സി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് കോവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നത്. നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം മതി. അവര്‍ക്ക് ആന്റിബയോട്ടിക്കുകളോ, വിറ്റാമിന്‍ ഗുളികകളോ ഒന്നും തന്നെ നല്‍കേണ്ടതില്ല. എന്നാല്‍ കൃത്യമായ നിരീക്ഷണവും ഐസൊലേഷനും ഉറപ്പ് വരുത്തണം. അവര്‍ക്ക് അപായ സൂചനകളുണ്ടെങ്കില്‍ (റെഡ് ഫ്ളാഗ്) നേരത്തെ തന്നെ കണ്ടുപിടിക്കാനുള്ള ഗൈഡ് ലൈന്‍ പുറത്തിറക്കിയിരുന്നു. ഇത് കൃത്യമായി പാലിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്.

രോഗ സ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണമാണ് ഉറപ്പ് വരുത്തുന്നത്. രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹോം കെയര്‍ ഐസൊലേഷന്‍ മാത്രം മതിയാകും. എന്നാല്‍ വീട്ടില്‍ ഐസോലേഷന് സൗകര്യമില്ലാത്തവരെ ഡി.സി.സി.കളില്‍ പാര്‍പ്പിക്കേണ്ടതാണ്. കാറ്റഗറി എയിലെ രോഗികളെ സി.എഫ്.എല്‍.ടി.സി.കളിലേക്കും കാറ്റഗറി ബിയിലെ രോഗികളെ സി.എസ്.ടി.എല്‍.സി. എന്നിവിടങ്ങളിലും കാറ്റഗറി സിയിലുള്ള ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിലുമായിരിക്കും ചികിത്സിക്കുക.

ഗര്‍ഭിണികളെ മരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ പ്രത്യേക ക്രിട്ടിക്കല്‍ കെയര്‍ മാര്‍ഗ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമേഹ രോഗികളിലെ കോവിഡ് മരണനിരക്ക് കുറയ്ക്കാന്‍ പ്രമേഹ രോഗ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്.

കുട്ടികളുടെ ക്രിട്ടിക്കല്‍ കെയര്‍, ഇന്‍ഫെക്ഷന്‍ മാനേജ്മെന്റ്, പ്രായപൂര്‍ത്തിയായവരുടെ ക്രിട്ടിക്കല്‍ കെയര്‍, ശ്വാസതടസമുള്ള രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സ, ആസ്പര്‍ഗില്ലോസിസ്, മ്യൂകോര്‍മൈക്കോസിസ് ചികിത്സ എന്നിവയും പുതിയ പ്രോട്ടോകോളില്‍ വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com