

തലശേരി: തലശേരി നഗരസഭ ചെയര്‍മാനായി സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്‍ ചുമതലയേറ്റു. 53 കൗണ്‍സിലര്‍മാരില്‍ 32 വോട്ടുകള്‍ നേടിയാണ് കാരായി ചന്ദ്രശേഖരന്റെ വിജയം. 52 പേരാണ് ഇന്ന് നടപടിക്രമങ്ങള്‍ക്കായി ഹാജരായത്. സൈദാര്‍ പള്ളിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസിലെ ഗൂഡാലോചന കേസിലെ പ്രതിയാണ് കാരായി ചന്ദ്രശേഖരന്‍.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബാലം വാര്‍ഡിലെ എസ്ഡിപിഐ പ്രതിനിധി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നപ്പോള്‍ ബിജെപിയുടെ പ്രതിനിധി പ്രശാന്ത് ജയിലിലായതിനാല്‍ ഹാജരായിരുന്നില്ല.
സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ബിജെപി അംഗമായി വിജയിച്ചെത്തിയ പ്രശാന്ത്. നഗരസഭാ അംഗമായിരുന്ന കൊങ്ങല്‍വയലിലെ പി രാജേഷ്, സഹോദരന്‍ പി രഞ്ജിത്ത്, പിതൃസഹോദരി ചന്ദ്രി എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരെ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. കേസില്‍ പതിനൊന്നാം പ്രതിയാണ് പ്രശാന്ത്. ആദ്യമായാണ് പ്രശാന്ത് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.