സിപിഎം പദവികൾ ഒഴിയാൻ സന്നദ്ധത അറിയിച്ച് കോടിയേരിയുടെ വിശ്വസ്തൻ ; സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു

ജൂനിയർ നേതാക്കളെ പരിഗണിച്ചിട്ടും തഴഞ്ഞതിൽ അതൃപ്തിയെന്ന് സൂചന
M Raghavan
M Raghavan
Updated on: 
1 min read

തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി 15 വർഷത്തോളം പ്രവർത്തിച്ച മുതിർന്ന പാർട്ടി നേതാവ് എം. രാഘവൻ എല്ലാ ഔദ്യോഗിക പദവികളും ഒഴിയാൻ സന്നദ്ധതയറിയിച്ചു. ഒക്ടോബർ 15, 16 തീയതികളിലായി നടന്ന സിപിഎം കാസർഗോഡ് വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗം സമാപിച്ച് 24 മണിക്കൂറിനകമാണ് പാർട്ടി സ്ഥാനങ്ങളും മറ്റ് സംഘടനാ ചുമതലകളും ഉപേക്ഷിച്ചുകൊണ്ട് രാഘവൻ നേതൃത്വത്തിന് കത്ത് നൽകിയത്.

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാ സെക്രട്ടറി എം. രാജഗോപാലന് കത്ത് കൈമാറിയിട്ടുള്ളത്. പാർട്ടി പദവികൾക്ക് പുറമെ കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ഡയറക്ടർ ബോർഡ് അംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. ഹോസ്ദുർഗ് ഏരിയ കമ്മിറ്റി, ഏരിയ സെന്റർ എന്നിവയിലെ പ്രധാന അംഗമാണ് രാഘവൻ.

ജില്ലാ കമ്മിറ്റിയിലേക്ക് തഴഞ്ഞതിൽ പ്രതിഷേധമെന്ന് സൂചന

കാസർഗോഡ് ചേർന്ന വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ ആറ് പുതിയ നേതാക്കളെ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സീനിയോറിറ്റിയുണ്ടായിട്ടും രാഘവനെ ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിച്ചില്ല. പാർട്ടിയിൽ താരതമ്യേനെ ജൂനിയറായ ആളുകള്‍ ജില്ലാ കമ്മിറ്റിയിലെത്തിയപ്പോള്‍ പരിചയസമ്പത്തുണ്ടായിട്ടും രാഘവനെ മനപൂർവ്വം തഴയുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

എന്നാൽ രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങൾ മാത്രമാണെന്നാണ് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് രാഘവൻ വ്യക്തമാക്കി. രാജി സമർപ്പിച്ചതിന് പിന്നാലെ അദ്ദേഹം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുമായി ഫോണിൽ സംസാരിച്ചിരുന്നു. 2001 മുതൽ 2016 വരെയുള്ള കാലയളവിൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായും പ്രതിപക്ഷ ഉപനേതാവായും സേവനമനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ദീർഘകാലം ഒപ്പം പ്രവർത്തിച്ച വിശ്വസ്തനാണ് എം. രാഘവൻ.

കത്ത് ലഭിച്ചിട്ടില്ലെന്ന് ജില്ലാ നേതൃത്വം

അതേസമയം, എം. രാഘവന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു രാജിക്കത്ത് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ പ്രതികരിച്ചു. രാഘവനെ പാർട്ടി വേണ്ടവിധം പരിഗണിച്ചില്ലെന്ന പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ, പാർട്ടി എല്ലായ്പ്പോഴും അദ്ദേഹത്തെ വേണ്ടരീതിയിൽ സംരക്ഷിച്ചിട്ടുണ്ടെന്നും ജില്ലാ കമ്മിറ്റിയിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നത് പാർട്ടിയുടെ സംഘടനാ മാനദണ്ഡങ്ങൾ അനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.

Kodiyeri aide M Raghavan seeks to quit CPM posts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com