

കണ്ണൂര്‍: ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ചിത്രം പങ്കുവച്ച് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി കെ ശ്രീമതി. വിവേചനമില്ലാത്ത ഇടം, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന അയ്യപ്പന്റെ സന്നിധാനം എന്ന കുറിപ്പിന് ഒപ്പമാണ് സിപിഎം നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
സമാദരണീയയായ രാഷ്ട്രപതി ദ്രൗപദി മുര്‍മു സാധാരണക്കാരില്‍ സാധാരണക്കാരിയായി പതിനെട്ടുപടിയും ചവിട്ടി അയ്യപ്പസന്നിധിയില്‍ എത്തിയെന്നും പി കെ ശ്രീമതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്ന് രാവിലെ പമ്പയിലെത്തിയ രാഷ്ട്രപതി 11.45നാണ് പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തിയത്.
ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ ശബരിമല തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. അംഗരക്ഷകരും രാഷ്ട്രപതിക്കൊപ്പം ഇരുമുടി കെട്ടേന്തിയാണ് പതിനെട്ടാം പടി കയറിയത്. ദേവസ്വം മന്ത്രി വി എന്‍ വാസവനും രാഷ്ട്രപതിയെ അനുഗമിച്ചിരുന്നു.
പ്രത്യേക വാഹനത്തില്‍ 15 മിനിറ്റ് കൊണ്ടാണ് രാഷ്ട്രപതി ശബരിമലയില്‍ എത്തിയത്. പമ്പാ സ്നാനത്തിന് ശേഷം പമ്പയില്‍ വച്ച് കെട്ടുനിറച്ചായിരുന്നു രാഷ്ട്രപതി പ്രത്യേക വാഹന വ്യൂഹത്തില്‍ മലകയറിയത്. ഉപദേവതകളെയും വാവരു സ്വാമി നടയിലും തൊഴുത ശേഷം വൈകീട്ട് വരെ സന്നിധാനത്ത് വിശ്രമിച്ച ശേഷം മലയിറങ്ങി തിരുവനന്തപുരത്തേക്ക് മടങ്ങി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
