

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം കെ സുധാകരന്‍ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
ഇതുസംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ട്. പരാതിക്കാരുടെ ഗാഡ്ജറ്റില്‍ നിന്നും ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ വീണ്ടെടുത്തിട്ടുണ്ട്. അനൂപ് പണം നല്‍കിയത് 2018 നവംബര്‍ 22 ഉച്ചയ്ക്ക് രണ്ടു മണിക്കാണെന്നും അന്വേഷണ സംഘം പറഞ്ഞു.
അനൂപും മോന്‍സണും സുധാകരനും ഒരുമിച്ച് ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. 25 ലക്ഷം രൂപ അനൂപ് മോന്‍സന് നല്‍കി. അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്ന് മോന്‍സന്റെ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. നോട്ടുകള്‍ എണ്ണുന്ന മോന്‍സന്റെ ജീവനക്കാരുടെ ചിത്രങ്ങളും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ടെന്നാണ് വിവരം.
അതിനിടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 23 ന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് നോട്ടീസ്. ചോദ്യം ചെയ്യലിനായി ഇന്നു ഹാജരാകാന്‍ കഴിയില്ലെന്നും, ഒരാഴ്ചത്തെ സാവകാശം വേണമെന്നും ചൂണ്ടിക്കാട്ടി സുധാകരന്‍ നേരത്തെ അന്വേഷണ സംഘത്തിന്റെ നോട്ടീസിന് മറുപടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് അയച്ചിട്ടുള്ളത്.
കേസില്‍ പ്രതി ചേര്‍ത്തുകൊണ്ട് ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് കെ സുധാകരന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതു ലഭിക്കുന്ന മുറയ്ക്ക് സുധാകരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. അതിനിടെ, വഞ്ചനാക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരായ ഐജി ജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി എസ് സുരേന്ദ്രനും ക്രൈംബ്രാഞ്ച് ഇന്ന് നോട്ടീസ് അയച്ചേക്കും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
