ഹൃദയമിടിപ്പ് കൂടി നെഞ്ചിൽ വെള്ളം കെട്ടി‌; അരിത്മിയ ബാധിച്ച 53കാരിക്ക് ക്രയോഅബ്ലേഷൻ ചികിത്സ 

ആസ്റ്റർ മെഡ്‌സിറ്റിയിലാണ് ഈ നൂതന ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

കൊച്ചി: അസാധാരണമായ ഹൃദയമിടിപ്പ് കാരണം നെഞ്ചിൽ വെള്ളം കെട്ടി അപകടകരമായ നിലയിലെത്തിയ 53കാരിക്ക് ക്രയോഅബ്ലേഷൻ നടത്തി. മലപ്പുറം വളാഞ്ചരി സ്വദേശിയിലാണ് ക്രയോഅബ്ലേഷൻ എന്ന ചികിത്സാരീതി നടത്തിയത്. ആസ്റ്റർ മെഡ്‌സിറ്റിയിലാണ് ഈ നൂതന ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. 

രോഗിയുടെ അപകടാവസ്ഥയും, രോഗാവസ്ഥ ഇനിയും ഉണ്ടാകാനുള്ള സാധ്യതയും, സുരക്ഷയും  കണക്കിലെടുത്താണ് ക്രയോഅബ്ലേഷൻ നടത്താമെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. രാജ്യത്ത് തന്നെ ആദ്യമായി ക്രയോഅബ്ലേഷൻ ചികിത്സാരീതി വിജയകരമായി അവതരിപ്പിക്കുന്ന സെന്ററുകളിലൊന്നാണ് ആസ്റ്റർ മെഡ്‌സിറ്റിയെന്ന് കാർഡിയോളജി വിഭാഗം തലവൻ ഡോ അനിൽകുമാർ വ്യക്തമാക്കി. 

എന്താണ് ക്രയോഅബ്ലേഷൻ?

ക്രയോഅബ്ലേഷൻ എന്ന പദം രൂപപ്പെടുന്നത് 'ക്രയോ' എന്നർത്ഥം വരുന്ന തണുപ്പ് എന്നും നീക്കം ചെയ്യൽ എന്നർത്ഥം വരുന്ന 'അബ്ലേഷൻ 'എന്നും രണ്ട് പദങ്ങൾ ചേർന്നാണ്.  പക്ഷാഘാതത്തിനും മറ്റ് ഹൃദയതകരാറുകൾക്കും കാരണമാകുന്ന  അസാധാരണമായ വൈദ്യുത പാതകളെ തടസ്സപ്പെടുത്തിയതിന് ശേഷം സാധാരണ നിലയിലുള്ള ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കാൻ സഹായിക്കുന്ന ഏറ്റവും നൂതനവും വിജയകരവുമായ പ്രക്രിയയാണ് ബലൂൺ ക്രയോഅബ്ലേഷൻ . രോഗിയുടെ കാലിലെ രക്തധമനിയിലൂടെ കടത്തിവിടുന്ന കത്തീറ്റർ നൂതന ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൃദയത്തിലേക്ക് നയിക്കപ്പെടുന്നു. സാധാരണയിൽ നിന്ന് വിപരീതമായി നൈട്രസ് ഓക്‌സൈഡ് വാതകത്തിന്റെ സഹായത്താൽ രക്തം കട്ടപിടിച്ചിരിക്കുന്ന ഭാഗം തണുപ്പിക്കുന്നു. കുറഞ്ഞ താപനിലയിൽ തന്നെ ബലൂണിന്റെ സഹായത്താൽ പ്രക്രിയ പൂർത്തിയാക്കുന്നതിനാൽ മറ്റ് കോശങ്ങൾക്ക് നാശം സംഭവിക്കുന്നില്ല എന്നതാണ് ഈ ചികിത്സാരീതിയുടെ ഗുണം. പ്രക്രിയ പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാനുമാകും.

വേദനാരഹിതവും സുരക്ഷിതവും

ചെറിയ സുഷിരത്തിലൂടെയുള്ള പ്രക്രിയ ആയതിനാൽ തന്നെ വേദനാരഹിതവും, മറ്റ് ഹൃദയശസ്ത്രക്രിയകളെ അപേക്ഷിച്ച് തികച്ചും സുരക്ഷിതമാണെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റും ഇലക്ടോഫിസിയോളജിസ്റ്റുമായ ഡോ.പ്രവീൺ ശ്രീകുമാർ പറഞ്ഞു. നൂതനമായ ഈ ചികിത്സാ പ്രക്രിയ്ക്ക് ശേഷം ഭൂരിഭാഗം രോഗികൾക്കും മരുന്നുകൾ ഒഴിവാക്കാനാകും. പ്രാരംഭഘട്ടത്തിൽ കൃത്യമായ രോഗനിർണയത്തിലൂടെ ഈ പ്രക്രിയ ചെയ്യുന്ന രോഗികളിൽ രോഗാവസ്ഥ വീണ്ടും ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നും ഡോ. പ്രവീൺ ശ്രീകുമാർ വ്യക്തമാക്കി. അസാധാരണമായ ഹൃദയമിടിപ്പ് സംഭവിക്കുന്ന അരിത്മിയ എന്ന അവസ്ഥയുള്ള രോഗികളിലാണ് ഈ ചികിത്സാമാർഗം സ്വീകരിക്കുന്നത്. 

എന്താണ് അരിത്മിയ?

ഹൃദയത്തിലെ ഞരമ്പുകൾ തെറ്റായി പ്രവർത്തിക്കുമ്പോഴാണ് ക്രമരഹിതമായ ഹൃദയമിടിപ്പ് സംഭവിക്കുന്നത്. കാലക്രമേണ ഇതു മൂലം ഹൃദയത്തിനുള്ളിൽ രക്തം കട്ടപിടിക്കുന്നതിലൂടെ ജീവൻ അപകടപ്പെടുത്തുന്ന പക്ഷാഘാതത്തിനും മറ്റ് അനുബന്ധ ഹൃദയതകരാറുകൾക്കും ശാരീരികാവസ്ഥകൾക്കും കാരണമാകുന്നു. ഇത്തരം രോഗികളിൽ സാധാരണയായി രക്തം നേർപ്പിക്കുന്നതിനുള്ള മരുന്നുകളാണ് നൽകാറുള്ളത്. സ്ഥിതി ഗുരുതരമായവരിൽ പേസ്‌മേക്കർ അടക്കമുള്ള ചികിത്സാരീതികളും നിർദേശിക്കുമെങ്കിലും ശാസ്വതമായ പരിഹാരമാർഗമല്ലെന്നും ബോധ്യപ്പെടുത്താറുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ പുതിയ ചികിത്സാമാർഗം.

സാധാരണഗതിയിൽ 80 വയസിന് മുകളിൽ പ്രായമുള്ളവരിൽ പത്ത് ശതമാനം രോഗികളിൽ അട്രിയൽ ഫൈബ്രിലേഷൻ ( എഎഫ്) പ്രശ്‌നങ്ങൾ ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തരം രോഗാവസ്ഥകൾ അപൂർവ്വമായി ചെറുപ്പക്കാരിലും ഇപ്പോൾ കാണപ്പെടുന്നുണ്ട്. ഉയർന്നതോ മന്ദഗതിയിലുള്ളതോ ആയ ഹൃദയമിടിപ്പ്, നെഞ്ച് വേദന, ശ്വാസം മുട്ടൽ, ക്ഷീണം, തലയിൽ ഭാരമില്ലാത്തത് പോലെ തോന്നൽ, ബോധക്ഷയം, തലകറക്കം എന്നിവയാണ് അരിത്മിയയുടെ മറ്റ് ലക്ഷണങ്ങൾ. ചെറുപ്രായത്തിൽ തുടങ്ങി പ്രായമാകുമ്പോൾ ഈ അവസ്ഥ മൂർച്ഛിക്കുന്ന സ്ഥിതിയുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com