

കൊച്ചി: ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി. ഇതടക്കമുള്ള നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കാസർകോട്ട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ മാതാവ് നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ്, മുൻ ഉത്തരവിലെ നിർദേശം കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.
ഷവർമ നിർമിക്കുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാവിഭാഗം ഏപ്രിൽമുതൽ ഒക്ടോബർവരെ നടത്തിയ പരിശോധനയിൽ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഇത്തരമൊരു ഹർജി നൽകിയതിന് ഹർജിക്കാരിയെ അഭിനന്ദിച്ച കോടതി, കോടതി ചെലവായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഹർജിക്കാരിക്ക് നഷ്ടപരിഹാരം നൽകുന്നത്, കേസ് പരിഗണിക്കുന്ന കാസർകോട് അഡീഷണൽ സെഷൻസ് കോടതി രണ്ടുമാസത്തിനകം പരിഗണിക്കണം എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. 2022 മേയ് ഒന്നിനാണ് ഷവർമ കഴിച്ചതിനെത്തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
