

കൊച്ചി: സീല്‍ ചെയ്ത് ലഭിച്ച ഫ്രൂട്ട് മിക്‌സ് ഭക്ഷ്യ ഉല്‍പ്പന്നത്തില്‍ ചത്ത പുഴുവിനെ കണ്ടെത്തിയെന്ന പരാതിയില്‍ ഉപഭോക്താവിന് നഷ്ടപരിഹാരം വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. കര്‍ണ്ണാടകയിലെ പഗാരിയ ഫുഡ് പ്രൊഡക്ട്‌സിനെതിരെ എറണാകുളം നെട്ടൂര്‍ സ്വദേശി ശ്രീരാജ് പ്രദീപ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഉപഭോക്താവ് 2024 ജൂലൈ 18-ന് നെട്ടൂരിലെ ബിസ്മി ഹൈപ്പര്‍മാര്‍ട്ടില്‍ നിന്നാണ് ഉല്‍പ്പന്നം വാങ്ങിയത്. ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാണ തീയതി 2024 ഏപ്രില്‍ 6 ഉം എക്‌സ്‌പൈറി തീയതി 2025 ജനുവരി 5 ഉം ആണ് രേഖപ്പെടുത്തിയിരുന്നത്.
ഫ്രൂട്ട് മിക്‌സ് ഉപയോഗിച്ചപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ പാക്കറ്റിനുള്ളില്‍ ചത്ത പുഴുവിനെ കണ്ടെത്തി.
ഉടന്‍ തന്നെ തൃപ്പൂണിത്തുറ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതരെ സമീപിച്ചു. ഭക്ഷ്യസുരക്ഷാ ലാബോറട്ടറിയില്‍ നടന്ന പരിശോധനയില്‍ വാങ്ങിയ പാക്കറ്റില്‍ ചത്ത പുഴുവിന്റെ സാന്നിധ്യം കണ്ടെത്തുകയും ഭക്ഷ്യയോഗമല്ല എന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഈ വിവരങ്ങള്‍ കമ്പനിയെ അറിയിച്ചപ്പോള്‍ അവര്‍ ശാരീരികവും മാനസികമായ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ പ്രൊഡക്റ്റ് മാറ്റി നല്‍കുക മാത്രമാണ് ചെയ്തത്.
എതിര്‍കക്ഷിയുടെ ഈ പ്രവൃത്തി ഉപഭോക്താവിനെ ആരോഗ്യപരമായും മാനസികമായും ബുദ്ധിമുട്ടിലേക്ക് എത്തിച്ചു എന്ന് ഡി ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
ഉത്പന്ന വിലയായ 265.50 ഉപഭോക്താവിന് തിരികെ നല്‍കാനും, മാനക്ലേശത്തിനും, സാമ്പത്തിക, ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്കും നഷ്ടത്തിനും 20,000/ രൂപ നഷ്ടപരിഹാരവും, കോടതി ചെലവായി 10,000 രൂപയും 45 ദിവസത്തിനകം നല്‍കാന്‍ കോടതി ഉത്തരവിട്ടു. സുരക്ഷിതവും വിശ്വസനീയവുമായ ഭക്ഷണം ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates