

കോഴിക്കോട്: കേരളത്തിലെ മുസ്ലീം സമൂഹത്തിന്റെ പരമോന്നത നേതാവാര്? സംസ്ഥാനത്തെ മുസ്ലീം മത വിശ്വാസികള്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചയാവുകയാണ് ഈ വിഷയം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകരും, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് വിഷയത്തില്‍ പോര് കനക്കുന്നത്. സോഷ്യല്‍ മീഡിയയിലാണ് പ്രധാനമായും ഇതിന്റെ അലയൊലികള്‍ ഉയരുന്നത്.
മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമാണ് ചര്‍ച്ചയിലെ കേന്ദ്ര ബിന്ദുക്കള്‍. സംസ്ഥാനത്തെ എല്ലാ സമൂഹങ്ങള്‍ക്കും സ്വീകാര്യനാണ് സാദിഖ് അലി തങ്ങള്‍, അദ്ദേഹത്തിനാണ് ഈ പദവിക്ക് അര്‍ഹത എന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ മതവിഷയങ്ങളില്‍ പണ്ഡിതന്‍ എന്ന നിലയിലും വിശ്വാസികളുടെ പിന്തുണയും പരിഗണിക്കുമ്പോള്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കാണ് അര്‍ഹത എന്നാണ് മറുവിഭാഗത്തിന്റെ വാദം.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഇതുവരെ പ്രതികരണത്തിന് ഇരു പക്ഷത്തെയും നേതാക്കള്‍ തയ്യാറായിട്ടില്ല. ചര്‍ച്ചകളില്‍ നിന്നും നേതാക്കള്‍ മനപ്പൂര്‍വം അകലം പാലിക്കുന്നു എന്നാണ് വിലയിരുത്തല്‍.
സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഒപിഎം അഷറഫ് പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വിഷയം ചര്‍ച്ചയിലേക്ക് എത്തിച്ചത്. സാദിഖ് അലി തങ്ങളെ വിമര്‍ശിക്കുന്ന വിധത്തിലുള്ളതായിരുന്നു പോസ്റ്റ്. ''സാദിഖ് അലി തങ്ങള്‍ കേരള മുസ്ലീങ്ങളുടെ പരമോന്നത നേതാവാണെന്നും സമസ്ത മുശാവറയ്ക്കും (കണ്‍സള്‍ട്ടേഷന്‍ ബോഡി) മറ്റ് സുന്നി സംഘടനകള്‍ക്കും മുകളിലാണെന്നും ചിലര്‍ പ്രചാരണം നടത്തുന്നു,'' എന്നായിരുന്നു പോസ്റ്റിലെ ആരോപണം. പാണക്കാട് തങ്ങളുടെ പേര് പറഞ്ഞ് സമസ്തയെ മോശമാക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്നോര്‍ക്കണം, സമസ്തയല്ലാതെ ഏത് മുസ്ലിം സംഘടനയാണ് പാണക്കാട് തങ്ങളെ അവരുടെ സുപ്രീം ലീഡറായി കാണുന്നത് എന്നും അദ്ദേഹം പോസ്റ്റില്‍ ചോദിക്കുന്നു.
ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദ് വിഭാഗങ്ങളുടെയും പരിപാടികളില്‍ പങ്കെടുത്തതിലൂടെ സാദിഖ് അലി സമസ്തയുടെ അംഗീകൃത മാനദണ്ഡങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. നിരവധി മഹല്ലുകളുടെ ഖാസിയാണെങ്കിലും ഒരു പണ്ഡിതന് ഉണ്ടായിരിക്കേണ്ട മതപരമായ അറിവ് അദ്ദേഹത്തിന് ഇല്ലെന്ന് അവരുടെ അഭിപ്രായം. സാദിഖ് അലി തങ്ങളും ജിഫ്രി തങ്ങളും പ്രവാചകന്റെ പിന്‍ഗാമികളില്‍ പെട്ടവരാണ്. ജിഫ്രി തങ്ങള്‍ വലിയ മത പണ്ഡിതനാണ്, അദ്ദേഹത്തെ കൂടുതല്‍ ബഹുമാനിക്കണമെന്നും മതത്തെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ള ഒരു നേതാവാണ് സമൂഹത്തെ നയിക്കേണ്ടതെന്നും ഇസ്ലാമിക പ്രഭാഷകന്‍ റഹ്മത്തുള്ള ഖാസിമിയും അടുത്തിടെ നിലപാട് എടുത്തിരുന്നു.
എന്നാല്‍, പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തെയും മുസ്ലീം സമൂഹത്തിനും കേരള സമൂഹത്തിനും അവര്‍ നല്‍കിയ സംഭാവനകളെയും ഓര്‍മ്മിപ്പിച്ചാണ് സാദിഖ് അലി തങ്ങളെ പിന്തുണയ്ക്കുന്ന സംഘം പ്രചാരണം നടത്തുന്നത്. പാണക്കാട്ടെ വീട്ടിലേക്ക് സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ആളുകളെത്തുന്നത് മാത്രം കണക്കിലെടുത്താല്‍ കൂടംബത്തിന്റെ സ്വീകാര്യതയ്ക്ക് തെളിവാണെന്നും ഇവര്‍ പറയുന്നു.
അതിനിടെ, കാസര്‍ഗോഡ് നടക്കാനിരിക്കുന്ന സമസ്തയുടെ ശതാബ്ദി ആഘോഷങ്ങളുടെ നടത്തിപ്പിനായി രൂപീകരിച്ച ഏകോപന സമിതിയുടെ ചെയര്‍മാനായി മുസ്ലീം ലീഗ് നേതാവ് മായിന്‍ ഹാജിയെ തെരഞ്ഞെടുത്തു. 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ നടക്കുന്ന ആഘോഷങ്ങള്‍ ക്രമീകരിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റികളില്‍ നിന്ന് ലീഗ് അനുയായികളെ മനഃപൂര്‍വ്വം ഒഴിവാക്കിയതായി ആരോപണമുയര്‍ന്നതിന് പിന്നാലയാണ് നീക്കം. നിലവിലെ കോര്‍ഡിനേറ്റര്‍ കെ. മൊയ്ന്‍കുട്ടിക്ക് നിരവധി ഉത്തരവാദിത്തങ്ങള്‍ ഉള്ളതിനാലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നായിരുന്നു ജിഫ്രി തങ്ങള്‍ ഇതിന് നല്‍കിയ വിശദീകരണം. സസ്പെന്‍ഡ് ചെയ്യപ്പെട്ട മുശാവറ അംഗം എം.പി. മുസ്തഫുള്‍ ഫൈസിയുടെ വിശദീകരണം ലഭിച്ച ശേഷം അദ്ദേഹത്തെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനമെടുക്കുമെന്നും ജിഫ്രി തങ്ങള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഈ വിഷയത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രസ്താവന വിശദീകരിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
