

കോട്ടയം: സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലിം സംഘടനയായ സമസ്തയെ വിമര്‍ശിച്ച് ക്രൈസ്തവ സഭയുടെ നിയന്ത്രണത്തിലുള്ള ദീപിക. സ്‌കൂള്‍ സമയം സംബന്ധിച്ച് സമസ്തയുടെ വിയോജിപ്പ് ചര്‍ച്ച ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യപരമാണ്. ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍ തന്നെ, മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്നു പറയുകയാണോയെന്നും ദീപിക ദിനപ്പത്രത്തിന്റെ മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. സീസറിനുള്ളതു ദൈവത്തിനു വേണ്ട എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍.
സമയമാറ്റത്തിലെ അധിക അര മണിക്കൂര്‍ വൈകുന്നേരത്തേക്ക് മാറ്റണം. ഓണം, ക്രിസ്മസ്, മധ്യവേനല്‍ അവധികള്‍ വെട്ടിക്കുറച്ച് അധ്യയനസമയം വര്‍ധിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സമസ്ത പകരം മുന്നോട്ടുവെക്കുന്നതെന്നാണ് വാര്‍ത്തകള്‍. പ്രവൃത്തിദിനങ്ങളിലെ പൊതുവിദ്യാഭ്യാസ സമയംപോലും മതപഠനത്തിനനുസരിച്ച് ക്രമീകരിച്ചുകൊള്ളണം!. മുഖപ്രസംഗം വിമര്‍ശിക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം-2009 അനുസരിച്ച് ഹൈസ്‌കൂളില്‍ 1,100 മണിക്കൂര്‍ പഠനസമയം വേണം. പക്ഷേ ഒരിക്കലും നടപ്പായില്ല. ഹൈസ്‌കൂളുകളില്‍ 1,100 മണിക്കൂറിനുള്ള 220 പ്രവൃത്തിദിവസം ഉറപ്പാക്കാന്‍ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെയും ഉച്ചകഴിഞ്ഞും 15 മിനിറ്റ് വീതമാണ് ക്ലാസ് സമയം വര്‍ധിപ്പിച്ചത്. രാവിലെ 9.45 മുതല്‍ വൈകുന്നേരം 4.15 വരെയാണ് പുതിയ സമയം. ഇതിനെതിരെയാണ്, മതപഠനത്തിന്റെ സമയം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി സമസ്ത രംഗത്തു വന്നിരിക്കുന്നത്.
മദ്രസപഠനത്തിനു മതം നിഷ്‌കര്‍ഷിക്കുന്ന അത്രയും സമയം ഉണ്ടാക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് വാദിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. വെള്ളിയാഴ്ചകളില്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കു പ്രാര്‍ഥിക്കുന്നതിനുവേണ്ടി അധ്യയന സമയം ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്. അതിന് പുറമേയാണ് എല്ലാ മതസ്ഥര്‍ക്കും മതമില്ലാത്തവര്‍ക്കുംവേണ്ടിയുള്ള പൊതുവിദ്യാഭ്യാസത്തിന്റെ സമയം മദ്രസ പഠനത്തിനുവേണ്ടിയും ഒഴിവാക്കണമെന്ന ആവശ്യം. സമാന ആവശ്യങ്ങള്‍ മറ്റുള്ളവരും ഉന്നയിച്ചാല്‍ കാര്യങ്ങള്‍ എവിടെയെത്തുമെന്നും മുഖപ്രസംഗം ചോദിക്കുന്നു.
സിബിഎസ്ഇയില്‍ ഉള്‍പ്പെടെ കേന്ദ്ര സിലബസില്‍ പഠിക്കുന്ന മദ്രസ വിദ്യാര്‍ഥികള്‍ക്ക് മദ്രസ പഠനത്തിനു സമയമില്ലെങ്കിലും ആര്‍ക്കും പരാതിയുള്ളതായി കേട്ടിട്ടില്ല. മതപഠനത്തെ പൊതുവിദ്യാഭ്യാസവുമായി കൂട്ടിക്കുഴയ്ക്കാത്തവരുടെ ചെലവില്‍ മദ്രസ പഠനത്തിനു സമയം കണ്ടെത്താന്‍ ശ്രമിക്കരുത്. സമയമാറ്റത്തില്‍ വേണമെങ്കില്‍ സമസ്തയ്ക്കും സമാന സംഘടനകള്‍ക്കും കോടതിയെ സമീപിക്കാം. ജനാധിപത്യ-മതേതര സംവിധാനത്തില്‍ സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും കൊടുത്തേ മതിയാകൂ എന്നും ദീപിക എഡിറ്റോറിയലില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
