

ന്യൂഡൽഹി:കേരള ഹൗസിൽ മുഖ്യമന്ത്രി വിഡി സതീശനെ അനുമതിയില്ലാതെ കാണാൻ ശ്രമിച്ച രണ്ട് ജീവനക്കാർക്കെതിരെ നടപടി. റെസിഡന്റ് കമ്മീഷണർ പുനീത് കുമാറിന്റെ നിർദ്ദേശപ്രകാരം കേരള ഹൗസ് കൺട്രോളർ ജീവനക്കാരോട് വിശദീകരണം തേടി. എന്നാൽ സംഭവം വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി ജീവനക്കാർക്കെതിരെ യാതൊരുവിധ തുടർനടപടികളും പാടില്ലെന്ന് റെസിഡന്റ് കമ്മീഷണർക്ക് കർശന നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുന്നതിന് മുൻപായി കൊച്ചിൻ ഹൗസിലെ മുറിയിലെത്തി രണ്ട് ജീവനക്കാർ അദ്ദേഹത്തെ കണ്ടതാണ് പുതിയ വിവാദത്തിന് കാരണമായത്. മുഖ്യമന്ത്രിക്കായുള്ള ഔദ്യോഗിക ചുമതലയിലില്ലാത്ത ജീവനക്കാരാണ് മുറിയിലെത്തി അദ്ദേഹത്തെ കണ്ടത്. ഇത് നിലവിലെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരായ സിബി ജോസ്, പിസി സുരേഷ് കുമാർ എന്നിവർക്ക് കൺട്രോളർ മെമോ നൽകിയത്.
മുഖ്യമന്ത്രി കേരള ഹൗസിലെത്തുമ്പോൾ സുരക്ഷയുടെയും തിരക്ക് നിയന്ത്രണത്തിന്റെയും ഭാഗമായി മുറിക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടരുതെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. കാരണം കാണിക്കൽ നോട്ടീസിന് ജീവനക്കാർ ഇന്നലെ മറുപടി നൽകിയിരുന്നു. ഇതിനിടെ സംഭവം വാർത്തയായതോടെയാണ് മുഖ്യമന്ത്രി ഇടപെട്ട് നടപടികൾ നിർത്തിവെക്കാൻ നിർദ്ദേശിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates