

തിരുവനന്തപുരം: മുൻപിലുള്ളത് നിർണായകമായ മൂന്നാഴ്ചകളാണെന്ന് ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാലവർഷം എത്തുന്നതോടെ കോവിഡിനു പുറമേ ഡെങ്കിപ്പനിയും പടരാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇനിയുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈഡേ ആയിരിക്കണമെന്നും വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്നത് വൃത്തിയാക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ഡെങ്കിപ്പനി മൂന്നോ നാലോ വർഷങ്ങൾ കൂടുമ്പോൾ ശക്തമാകുന്ന സ്വഭാവമുള്ള പകർച്ചവ്യാധിയാണ്. ഇതിനു മുൻപ് കേരളത്തിൽ ഡെങ്കിപ്പനി വ്യാപകമായ തോതിൽ ബാധിച്ചത് 2017ൽ ആണ്. അതിനാൽ ഈ വർഷം ആ രോഗം വീണ്ടും ശക്തമാകാനുള്ള സാധ്യത വളരെ കൂടുതലാണ്, മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊതുകു നിവാരണ പ്രവർത്തനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളും റസിഡൻഷ്യൽ അസോസിയേഷനുകളും ഓരോ കുടുംബവും അവരുടെ ഉത്തരവാദിത്വമായി ഏറ്റെടുത്ത് നിറവേറ്റണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് അടച്ചിട്ട മുറികളിൽ എളുപ്പത്തിൽ വ്യാപിക്കുമെന്നതിനാൽ എല്ലാ തൊഴിൽ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫാനുകളും വായു പുറന്തള്ളാൻ സഹായിക്കുന്ന എക്സ്ഹോസ്റ്റ് ഫാനുകളും ഉപയോഗിക്കണം. ലോക്ക്ഡൗൺ കാലത്ത് പ്രവർത്തിക്കേണ്ടിവരുന്ന വർക്ക് ഫ്രം ഹോം സംവിധാനങ്ങൾ പ്രായോഗികമല്ലാത്തവർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates