

തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധക്കാർക്ക് നേരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ മുൻ എഡിജിപി എംആർ അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി. അജിത്കുമാറിൻറെ സസ്പെൻഷൻ സംബന്ധിച്ച സർക്കാർ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ കേരള സ്റ്റേറ്റ് ബെവറേജസ് കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇദ്ദേഹം.
മുൻപ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരായ ഇൻസ്പെക്ടർ കെപി ടോംസൺ, ഡിവൈഎസ്പി അരുൺ കെഎസ് ഡിവൈഎസ്പി സുനിൽരാജ് എന്നിവർ എസ്ഐടിക്ക് നൽകിയ മൊഴികളാണ് എഡിജിപിക്ക് വിനയായത്. കേസ് ഡയറി നേരിട്ട് പരിശോധിച്ച അന്നത്തെ എഡിജിപി എംആർ. അജിത് കുമാർ, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന കണ്ടെത്തിയതിൽ അതൃപ്തി പ്രകടിപ്പിക്കുകയും അന്വേഷണ ദിശ ചോദ്യം ചെയ്യുകയും ചെയ്തതായി ഇൻസ്പെക്ടർ കെപി. ടോംസൺ മൊഴി നൽകി. "മുഖ്യമന്ത്രിയുടെ പി.എസ്.ഒമാർക്കെതിരെയുള്ള കേസ് നാളെത്തന്നെ റഫർ ചെയ്യണം", "അന്വേഷണം പൂർത്തിയായെന്നും റഫർ നോട്ടീസിനായി മാത്രമാണ് കാത്തിരിക്കുന്നതെന്നും കരുതുന്നു" എന്നിങ്ങനെയുള്ള സന്ദേശങ്ങൾ എഡിജിപിയുടെ ഓഫീസിൽ നിന്നും എസ്.പിമാർ വഴി ലഭിച്ചിരുന്നതായി ഡിവൈ.എസ്.പി സുനിൽരാജും വെളിപ്പെടുത്തി. എ.ഡി.ജി.പിയുടെ ഓഫീസിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ ഗിരീഷ്, സബ് ഇൻസ്പെക്ടർ ശ്രീകാന്ത് എന്നിവരും കേസ് അട്ടിമറിച്ച് 'റഫർ റിപ്പോർട്ട്' തയ്യാറാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതായി എസ്.ഐ.ടി റിപ്പോർട്ടിലുണ്ടെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
എസ്ഐടിയുടെ കണ്ടെത്തലുകളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നൽകിയ മെമ്മോയ്ക്ക് എം.ആർ. അജിത് കുമാർ നൽകിയ ഇടക്കാല മറുപടി തൃപ്തികരമല്ലെന്ന് ഡിജ.പി സർക്കാരിനെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കണമെന്ന അജിത്കുമാറിൻറെ ആവശ്യവും ഡിജിപി തള്ളി. "സി.ആർ.പി.സി സെക്ഷൻ 36 പ്രകാരം ഒരു മേലുദ്യോഗസ്ഥന് അന്വേഷണത്തിൽ ഇടപെടാമെങ്കിലും അത് നിയമപരവും നീതി ഉറപ്പാക്കുന്നതിനും വേണ്ടിയായിരിക്കണം. എന്നാൽ ഇവിടെ എം.ആർ. അജിത് കുമാറിന്റെ ഇടപെടൽ നിയമവിരുദ്ധവും ഇരകൾക്ക് നീതി നിഷേധിക്കുന്നതിനും പ്രതികളെ രക്ഷിക്കുന്നതിനും കാരണമായി. അതിനാൽ ഓൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) റൂൾസ്, 1969 പ്രകാരം ഇയാളെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യുന്നു." - ഉത്തരവ് വ്യക്തമാക്കുന്നു. സസ്‌പെൻഷൻ കാലയളവിൽ ചട്ടപ്രകാരമുള്ള ഉപജീവന ബത്തയ്ക്ക് അജിത് കുമാറിന് അർഹതയുണ്ടായിരിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates