കൊച്ചി: നിയമനത്തില്‍ വിഷയ വിദഗ്ധര്‍ പ്രത്യേകമായല്ല, ഇന്റര്‍വ്യൂ ബോര്‍ഡാണ് തീരുമാനമെടുക്കുകയെന്ന് എഴുത്തുകാരനും മുന്‍ പിഎസ് സി അംഗവുമായ അശോകന്‍ ചരുവില്‍. താന്‍ കൂടുതല്‍ മാര്‍ക്കു കൊടുത്ത ഉദ്യോഗാര്‍ഥിക്ക് ഒന്നാം റാങ്കു കൊടുത്തില്ല എന്ന വിഷയ വിദഗ്ധന്റെ പരാതി നാണം കെട്ട പരാതിയാണെന്ന് അശോക് ചരുവില്‍ കുറിപ്പില്‍ പറഞ്ഞു.
''കാലടി സര്‍വ്വകലാശാല അധ്യാപക നിയമനത്തില്‍ 'വിഷയ വിദഗ്ധസമിതിയുടെ തീരുമാനം തിരുത്തി' എന്ന് ചില മാധ്യമങ്ങള്‍ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു. അങ്ങനെയൊരു സമിതിയും അവരുടേതായ പ്രത്യേക തീരുമാനവും ഉണ്ടോ? ഞാന്‍ കരുതുന്നത് വിഷയവിധഗ്ദര്‍ അടങ്ങിയ ഇന്റര്‍വ്യൂ ബോര്‍ഡാണ് തീരുമാനം എടുക്കുന്നത് എന്നാണ്. അതില്‍ വി.സി.അടക്കം ഏഴുപേര്‍ ഉണ്ടായിരുന്നു. വി.സി. മാര്‍ക്ക് നല്‍കിയില്ല. മറ്റ് ആറുപേര്‍ നല്‍കിയ മാര്‍ക്കുകള്‍ കൂട്ടി റാങ്കു നിശ്ചയിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡിലെ വി.സി.യും വകുപ്പു മേധാവിയും ഗവര്‍ണ്ണറുടെ നോമിനിയും അടക്കം എല്ലാവരും ഭാഷാപണ്ഡിതരും വിഷയവിദഗ്ധര്യം തന്നെയാണ്. കൊമ്പുള്ള വിദഗ്ധരും കൊമ്പില്ലാത്ത വിദഗ്ധരും എന്ന വിഭജനം ഉണ്ടായിരുന്നോ എന്നറിഞ്ഞുകൂടാ. ലിസി മാത്യു പഠിച്ച മലയാളത്തിനപ്പുറം ഉമര്‍ തറമേല്‍ പഠിച്ചിട്ടുണ്ടോ എന്നു നിശ്ചയമില്ല.- കുറിപ്പില്‍ പറയുന്നു.
താന്‍ കൂടുതല്‍ മാര്‍ക്കു കൊടുത്ത ഉദ്യോഗാര്‍ത്ഥിക്ക് ഒന്നാം റാങ്കു കൊടുത്തില്ല എന്നാണല്ലോ വിഷയവിദഗ്ധനായ തറമേലിന്റെ പരാതി. എന്തൊരു വക നാണം കെട്ട പരാതിയാണത്. ഇക്കാര്യത്തില്‍ ഇത്രയധികം വാശിപ്പിടിച്ച് വിലപിക്കുന്നതു കാണുമ്പോള്‍ പല സംശയങ്ങളും ഉണ്ടാകും. റാങ്കുപട്ടികയില്‍ ഒന്നാമനാക്കാമെന്ന് ഇദ്ദേഹം ഏതെങ്കിലും ഉദ്യോഗാര്‍ത്ഥിക്ക് വാക്കു കൊടുത്തിട്ടുണ്ടാ? അതിനു വേണ്ടി മറ്റു രണ്ട് വിദഗ്ധരുമായി ഗൂഡാലോചന നടത്തിയിട്ടുണ്ടോ?
'വിഷയവിദഗ്ധന്‍' എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ആറുവര്‍ഷം നീണ്ട പി.എസ്.സി.ക്കാലമാണ് ഓര്‍മ്മ വരുന്നത്. നിരവധി വിദഗ്ധരുമായും വകുപ്പു പ്രതിനിധികളുമായും സഹകരിച്ച് നൂറു കണക്കിന് ഇന്റര്‍വ്യൂ നടത്താന്‍ അവസരമുണ്ടായിട്ടുണ്ട്. വിദഗ്ധര്‍ ഒട്ടുമിക്കവാറും യൂണിവേഴ്‌സിറ്റികളിലെ അധ്യാപകര്‍ ആയിരിക്കും.
മാര്‍ക്ക് നിര്‍ണ്ണയിക്കുന്നതിന് ബോര്‍ഡിനെ സഹായിക്കുക എന്നതു മാത്രമാണ് അവിടെ വിദഗ്ധന്റെ ചുമതല. ഇന്റര്‍വ്യൂ കഴിഞ്ഞാല്‍ ചെറിയസമയം കൂടിയാലോചന. തുടര്‍ന്ന് മാര്‍ക്ക് നിര്‍ണ്ണയിക്കുന്നതിന്റെ പൂര്‍ണ്ണമായ അധികാരം പി.എസ്.സി.മെമ്പറായ ഇന്റര്‍വ്യൂ ബോര്‍ഡ് ചെയര്‍മാനുള്ളതാണ്.
ചില വിദഗ്ധര്‍ തെറ്റിദ്ധാരണയോടെയും അതിന്റെ ഭാഗമായ അമിതാവേശത്തോടെയും അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ പ്രത്യേക താല്‍പ്പര്യത്തോടെയുമാണ് ഇന്റവ്യൂവിന് എത്തുക. അവരെ ബോധവല്‍ക്കരിക്കാനായി ബന്ധപ്പെട്ട റൂള്‍സ് ഒരു ഷീറ്റില്‍ അച്ചടിച്ച് വന്നയുടനെ നല്‍കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates