കൊച്ചി: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായ സംവിധായകൻ ലിജു കൃഷ്ണ കുറ്റം സമ്മതിച്ചതായി പൊലീസ്. പരാതിക്കാരിയായ യുവതിയുമൊത്തു ഒന്നിച്ച് താമസിച്ചിട്ടുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുള്ള ഒരുക്കത്തിലാണു പൊലീസ്. അതിജീവിതയുടെ രഹസ്യമൊഴി ഇന്നു മജിസ്ട്രേട്ടിനു മുൻപിൽ രേഖപ്പെടുത്തും.
ലിജുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻഫോപാർക്ക് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയതെങ്കിലും പീഡനം നടന്നതു തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ഫ്ലാറ്റിലായതിനാൽ കേസ് അന്വേഷണച്ചുമതല തൃക്കാക്കര പൊലീസിനു കൈമാറും.
സംഭവത്തിൽ അതിജീവിതയോടൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ രംഗത്ത് എത്തി. 'പടവെട്ട്' എന്ന സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്‍ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്‍തതായി ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ അറിയിച്ചു. ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കറും സെക്രട്ടറി ജി എസ് വിജയനുമാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. യുവതിക്ക് പിന്തുണയുമായി സിനിമയിലെ വനിത പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയും രംഗത്തെത്തി. കേസ് തീർപ്പാക്കുന്നതുവരെ ലിജുവിനെ സിനിമ മേഖലയിൽ വിലക്കേർപ്പെടുത്തണമെന്നും എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. ലിജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. നിവിൻ പോളി നായകനായി എത്തുന്ന ചിത്രം നടൻ സണ്ണി വെയിനാണ് നിർമിക്കുന്നത്. ലിജു അറസ്റ്റിലായതിന് പിന്നാലെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു.
തനിക്കു നേരിടേണ്ടിവന്ന ക്രൂര പീഡനത്തെക്കുറിച്ച് വിമൺ എഗെയ്ൻസ്റ്റ് സെഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിൽ യുവതി തുറന്നു പറഞ്ഞു. പ്രണയം നടിച്ച് താമസസ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി എന്നാണ് പരാതിയിൽ യുവതി പറയുന്നത്. 2020 ജൂൺ 21നാണ് സിനിമയുടെനിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി വാടകക്കെടുത്ത വീട്ടിൽ വച്ച് പീഡനത്തിന് ഇരയാക്കുന്നത്. ഇയാൾ പലപ്രാവശ്യം ബലപ്രയോഗത്തിലൂടെ ഇയാളുടെ പീഡനം തുടർന്നു. അതിനിടെ ഗർഭച്ഛിദ്രത്തിന് വിധേയയായെന്നും ഇത് മാനസികവും ശാരീരികവുമായി തന്നെ തളർത്തിയെന്നുമാണ് യുവതി പറയുന്നത്. 60 കിലോ ഭാരമുണ്ടായിരുന്ന താനിപ്പോൾ 32 കിലോ ആയി. നേരെ ഇരിക്കാനോ നടക്കാനോ കഴിയാത്ത നിലയിൽ എന്റെ ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നും യുവതി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates