

തിരുവനന്തപുരം: മലയാള സിനിമയെ തകർത്തത് മമ്മൂട്ടിയും മോഹൻലാലും ചേരുന്ന താരാധിപത്യമെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി. സിനിമ ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പർ താരങ്ങളാണ് തീരുമാനിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് തന്നെയാണെന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു.
രാജ്യത്തെ മികച്ച നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും എന്നാൽ അവരല്ല സിനിമ വ്യവസായം ഭരിക്കേണ്ടത്. ഇന്ന് മലയാളത്തിൽ നിരവധി നായകന്മാരുണ്ട്. അവരെത്തിയതോടെ താര മേധാവിത്വം തകർന്നു തുടങ്ങിയെന്നും ഇനി പവർ ഗ്രൂപ്പ് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ നായകസ്ഥാനത്തെത്തുന്നത്. പിന്നീട് അദ്ദേഹം തന്‍റെ സിനിമയ്ക്ക് ഡേറ്റ് തന്നിട്ടില്ല.
പ്രേംനസീർ, സത്യന്‍, മധു എന്നിവർ തിളങ്ങി നിൽക്കുമ്പോഴാണ് താൻ മലയാള സിനിമയിലേക്ക് വരുന്നത്. മെഗാ സ്റ്റാർ, സൂപ്പർ സ്റ്റാർ എന്നീ പേരുകൾ പണ്ടില്ലായിരുന്നു. മമ്മൂട്ടിയും മോഹൻലാലും വന്നതിന് ശേഷമാണ് താര പദവികൾ ഉണ്ടായത്. രണ്ടു പേരും താനുൾപ്പെടെയുള്ള പഴയകാല നിർമാതാക്കളെ ഒതുക്കി. നായകനായിരുന്ന രതീഷിനെ വില്ലൻ സ്ഥാനത്തേക്ക് മാറ്റിയിട്ടാണ് മുന്നേറ്റത്തിൽ മമ്മൂട്ടിയെ നായകനാക്കിയത്. അതുവരെ വിനീതനായിരുന്ന മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ല. ഒരു സിനിമയിൽ പാട്ടെഴുതുന്നതിൽ നിന്ന് പോലും തന്നെ വിലക്കാൻ അദ്ദേഹം ശ്രമിച്ചു. കുറച്ചുകാലം സുരേഷ് ഗോപിയും ഈ നിരയിലുണ്ടായിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
അമ്മ മാക്ടയെ തകർത്തു. അമ്മയുടെ ആൾക്കാർ ഫെഫ്‌കയെ കൈപ്പിടിയിലൊതുക്കി. അവർ പറയുന്നവര്‍ സിനിമ സംവിധാനം ചെയ്യണമെന്നാണ് നിർദേശം. മലയാള സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ തനിക്ക് അവകാശമുണ്ട്. വനിതകളെ രക്ഷിക്കാനല്ല, പകരം മലയാളസിനിമയെ ഒന്നടങ്കം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങൾ മലയാള സിനിമയെ താറടിച്ചു കാണിക്കുകയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രമുഖ നടിമാരാരും പ്രധാന നടന്മാരെക്കുറിച്ച് പരാതി ഉന്നയിച്ചിട്ടില്ല. ജൂനിയർ ആർട്ടിസ്റ്റുകളാണ് പരാതിക്കാർ. മുമ്പൊന്നും സംവിധായകന്‍റെ മുന്നിൽ പോലും ഇവർ എത്താറില്ല. ഇപ്പോൾ നടന്‍റെ മുറിയിൽ പോകുന്നതെന്തിനാണ്. മലയാള സിനിമയിൽ പുരുഷാധിപത്യമുണ്ട്. നടന് കിട്ടുന്ന പ്രതിഫലത്തിന്‍റെ വളരെക്കുറവാണ് നടിമാർക്ക് കിട്ടുന്നത്. ഒരു സിനിമയുടെ നിർമാണച്ചെലവിന്‍റെ 10 ശതമാനമായിരുന്നു പ്രേംനസീറിന്‍റെ പ്രതിഫലം. കുറവല്ലാത്ത പ്രതിഫലം ഷീലയ്ക്കും ലഭിച്ചിരുന്നു.
ഇന്ന് നിർമാണച്ചെലവിന്‍റെ മൂന്നിലൊന്നാണ് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നത്. അവർ പണക്കാരാകുന്നു. 23 സിനിമകൾ നിർമിച്ച താൻ ഇപ്പോഴും ധനികനല്ലെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നുള്ള മോഹൻലാലിന്‍റെ രാജി ഭീരുത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടാതെ പൂഴ്ത്തിവച്ചത് തെറ്റാണ്. അതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതിൽ സർക്കാരാണ് മറുപടി പറയേണ്ടതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. ലൈംഗീകാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates