

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എക്‌സൈസ് കമ്മീഷണറായ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴിപ്പകര്‍പ്പ് പുറത്ത്. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസിനുള്ളിലെ ഗൂഢാലോചനയാണ്. തനിക്കെതിരെ വ്യാജരേഖകള്‍ ചമച്ചത് പൊലീസിനുള്ളില്‍ നിന്നു തന്നെയാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അജിത് കുമാര്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ആവശ്യപ്പെടുന്നു.
കവടിയാറില്‍ വീട് നിര്‍മ്മിച്ച ഭൂമി അനധികൃതമായി സമ്പാദിച്ചതല്ല. ഭാര്യാപിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ഭാര്യയ്ക്ക് നല്‍കിയതാണെന്ന് അജിത് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. തനിക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് ഇഷ്ടപ്പെടാത്ത പൊലീസിലെ ഏതാനും ഉദ്യോഗസ്ഥരും പി വി അന്‍വറും ചേര്‍ന്നുള്ള ഗൂഢാലോചനയെത്തുടര്‍ന്നാണ് തനിക്കെതിരെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതെന്നും അജിത് കുമാര്‍ പറയുന്നു.
പി വി അന്‍വറുമായി അനുനയ ചര്‍ച്ച നടത്തിയിരുന്നുവെന്നും എം ആര്‍ അജിത് കുമാര്‍ വ്യക്തമാക്കി. അന്‍വര്‍ ഉന്നയിച്ച സംശയങ്ങള്‍ ദൂരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നായിരുന്നു സുഹൃത്തിന്റെ വീട്ടില്‍ വെച്ച് ചര്‍ച്ച നടന്നത്. പി വി അന്‍വറിന്റ ഗൂഢതാല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ടാണ് തനിക്കെതിരെ ആരോപണങ്ങള്‍ക്ക് തുടക്കമിട്ടതെന്നും എം ആര്‍ അജിത് കുമാര്‍ ആരോപിക്കുന്നു.
ഫ്‌ലാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സര്‍ക്കാരിനെ യഥാസമയം അറിയിച്ചിരുന്നതാണ്. ഫ്‌ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ല. കവടിയാറിലെ ഭൂമി തന്റെ ഭാര്യയ്ക്ക് ലഭിച്ച സമയത്തും. അവിടെ വീടു നിര്‍മ്മാണം ആരംഭിക്കാന്‍ തുടങ്ങിയപ്പോഴും അക്കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ രേഖകളെല്ലാം സര്‍ക്കാരിലുണ്ടെന്നും എം ആര്‍ അജിത് കുമാര്‍ പറയുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസുമായി ഗാഢമായ ബന്ധമുള്ളതായി എം ആര്‍ അജിത് കുമാറിന്റെ മൊഴിയിലൂടെ, കുറ്റസമ്മതം പോലെ വ്യക്തമാകുന്നതാണെന്ന് ഹര്‍ജിക്കാരനായ അഭിഭാഷകന്‍ നാഗരാജ് പറഞ്ഞു. വെളിപ്പെടുത്തല്‍ വന്ന സാഹചര്യത്തില്‍ അനുനയത്തിലൂടെ ഒത്തുതീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞുവെന്നാണ് മൊഴിയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടുള്ള അഴിമതിയാണ് നടന്നിരിക്കുന്നത്. അതുകൊണ്ടാണ് അജിത് കുമാറിനെ രക്ഷിച്ചെടുക്കാനായി മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരുന്നതെന്നും നാഗരാജ് പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത്കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് കഴിഞ്ഞദിവസം തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് അംഗീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. അൻവർ ആരോപിച്ച വീട് നിര്‍മ്മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
ഈ റിപ്പോർട്ടിനെതിരെയാണ് അഭിഭാഷകനായ നാഗരാജ് വിജിലൻസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വഴിവിട്ട് സഹായിച്ചെന്നും അഭിഭാഷകനായ നാഗരാജ് ഹർജിയിൽ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി റിപ്പോർട്ട് അംഗീകരിച്ചിരുന്നു എന്ന വിജിലൻസ് ഡയറക്ടറുടെ വാദത്തെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണെങ്കിലും അത് ഭരണപരമായ കാര്യങ്ങള്‍ക്കു മാത്രമാണെന്നും കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
