തിരുവനന്തപുരം: ടിപിആർ നോക്കി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന രീതി ശാസ്ത്രീയമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോക്ക്ഡൗൺ മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകരാറിലായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
സർക്കാർ പാക്കേജുകൾ പ്രഖ്യാപിക്കുന്നു. എന്നാൽ പണം മാറ്റിവയ്ക്കുന്നില്ല. പെൻഷനും മറ്റും എങ്ങനെയാണ് പാക്കേജിൽ ഉൾപ്പെടുത്തുക. പാക്കേജ് പ്രഖ്യാപനം ആളെ പറ്റിക്കാനെന്നും വിഡി സതീശൻ ആരോപിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സർക്കാർ അടിയന്തരമായി ചില നിയമ നിർമാണങ്ങൾ നടത്തണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ഇവിടെ നിക്ഷേപിച്ച എല്ലാവരുടെയും തുക തിരിച്ചു നൽകുമെന്ന് സർക്കാർ ഉറപ്പു നൽകണം. അല്ലെങ്കിൽ സഹകരണ മേഖലയിലെ വിശ്വാസ്യത നഷ്ടമാകും. സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്ന എല്ലാ നിക്ഷേപങ്ങൾക്കും സുരക്ഷിതത്വം ഉറപ്പാക്കണം. ബാങ്കുകൾക്ക് എന്തു സംഭവിച്ചാലും പണം എല്ലാവർക്കും തിരിക കിട്ടുമെന്ന് ഉറപ്പുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളുടെ ചിത്രങ്ങളടക്കം മാധ്യമങ്ങളിൽ വന്നിട്ടും അവരെ കോടതിയിൽ ഹാജരാക്കിയില്ല എന്നു പറഞ്ഞാൽ ഒന്നുകിൽ അവരെ അറസ്റ്റ് ചെയ്തിട്ടില്ല അല്ലെങ്കിൽ അവരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുകയാണ്. പ്രതികളെ പിടികൂടിയോ ഇല്ലയോ എന്ന് വ്യക്തമാക്കണം. സംഭവത്തിൽ സിപിഎമ്മിന് പേടിക്കാനൊന്നുമില്ലെങ്കിൽ അവരത് സിബിഐ അന്വേഷണത്തിനു വിടട്ടേയെന്നും സതീശൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates