കോവിഡിനെതിരായ പോരാട്ടം; വീണുപോയിട്ടും തളര്‍ന്നില്ല; യുവ ഡോക്ടര്‍ വീണ്ടും സേവനത്തിന്

സംസാരിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ. നെഞ്ചുവേദനയും ശ്വാസം മുട്ടും വിട്ടുമാറുന്നില്ല. വിശദമായ ഹൃദയ പരിശോധനയില്‍ മൈനര്‍ ഹൃദയാഘാതത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയാണ് മനസിലായത്
കോവിഡിനെതിരായ പോരാട്ടം; വീണുപോയിട്ടും തളര്‍ന്നില്ല; യുവ ഡോക്ടര്‍ വീണ്ടും സേവനത്തിന്
Updated on
1 min read


കൊച്ചി: കോവിഡിനെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയ യുവ ഡോക്ടര്‍ക്ക് മഹാമാരി വരുത്തി വച്ചത് കടുത്ത ശാരീരിക പ്രശ്‌നങ്ങള്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന  മയോകാര്‍ഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെ മരണമുഖത്തു വരെ ചെന്ന നാളുകള്‍. ദുരിതം നിറഞ്ഞ കോവിഡ് കാലത്തിനെ അതിജീവിക്കാനായത് സ്വന്തം മനക്കരുത്തു കൊണ്ടും സഹപ്രവര്‍ത്തകരുടെ സഹകരണം കൊണ്ടും മാത്രം. അസുഖങ്ങളെയെല്ലാം തുരത്തി വീണ്ടും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാകുകയാണ് 33 കാരിയായ തൃപ്പൂണിത്തുറ സ്വദേശി ഡോ.രാശി കുറുപ്പ്. 

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി 2020 ഒക്ടോബര്‍ 23 നാണ് രാശി കലൂര്‍ പി.വി.എസ് കോവിഡ് അപെക്‌സ് സെന്ററില്‍ എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത്, സന്നദ്ധ പ്രവര്‍ത്തകയായിട്ടായിരുന്നു പ്രവേശനം. ഒന്നര വയസുള്ള മകളുടെ സംരക്ഷണം വീട്ടുകാരെ ഏല്‍പ്പിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയതില്‍ ഭര്‍ത്താവ് ശ്യാംകുമാറിന്റെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ചെറിയ പനി പോലെ തോന്നിയത്. ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു ഫലം. പനി മാറിയെങ്കിലും കനത്ത ശ്വാസതടസവും നെഞ്ചുവേദനയും വിട്ടുമാറിയില്ല. തുടര്‍ന്ന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്തു. അതില്‍ കോവിഡ് പോസിറ്റീവായി. പി.വി.എസ് ആശുപത്രിയില്‍ തന്നെ കോവിഡ് രോഗിയായി രാശിയെത്തി. രണ്ട് ശ്വാസകോശത്തിലും ന്യൂ മോണിയ ബാധിച്ച് അസുഖം കൂടുതല്‍ ഗുരുതരമായി. സി കാറ്റഗറിയില്‍ പെട്ട കോവിഡ് രോഗിയായിട്ടാണ് രാശിയെ പരിഗണിച്ചത്. പത്തു ദിവസം ഐസിയുവില്‍ ചികിത്സ. ആശുപ ത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരുടെയും പൂര്‍ണ പിന്തുണ ആ സമയത്തു ലഭിച്ചെന്ന് രാശി പറയുന്നു. ഒന്നിനും ഒരു കുറവും ഇല്ലാതെയാണ് സംരക്ഷിച്ചത്. ഒരു ഡോക്ടര്‍ ചെയ്യുന്ന സേവനത്തിന്റെ വില മനസിലാക്കിയത് രോഗിയായപ്പോഴാണ്.

പിന്നീട് റൂമിലേക്ക് മാറ്റി അഞ്ച് ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയപ്പോഴാണ് കോവിഡ് ശരീരത്തില്‍ അവശേഷിപ്പിച്ച  മറ്റ് അസുഖങ്ങള്‍ പുറത്തു വരുന്നത്. സംസാരിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ. നെഞ്ചുവേദനയും ശ്വാസം മുട്ടും വിട്ടുമാറുന്നില്ല. വിശദമായ ഹൃദയ പരിശോധനയില്‍ മൈനര്‍ ഹൃദയാഘാതത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയാണ് മനസിലായത്. കോവിഡ് ഭേദമായ ചിലരിലെങ്കിലും കാണുന്ന അവസ്ഥ. കുഞ്ഞിനെ താലോലിക്കാന്‍ പോലും കഴിയാതെ മുഴുവന്‍ സമയ വിശ്രമവുമായി പിന്നീട് കഴിച്ചുകൂട്ടി. മരുന്നുകള്‍ കൊണ്ട് ആശ്വാസം കിട്ടിയെങ്കിലും പൂര്‍ണമായും ഭേദമായില്ല. ഇപ്പോഴും സംസാരിക്കുമ്പോഴും കിതപ്പാണ്. നെഞ്ചുവേദന കുറഞ്ഞു വരുന്നു. മരുന്നുകള്‍ തുടരുകയാണ്. 

വീണ്ടും ജോലിയില്‍ തുടരണോ എന്ന് നിരവധി പേര്‍ സംശയം ചോദിച്ചു.  പക്ഷേ രാശി സംശയമില്ലാതെ തീരുമാനമെടുത്തു. വീണ്ടും ജോലിയില്‍ പ്രവേശിക്കണം. രോഗിയായിരുന്നപ്പോള്‍ എനിക്കു ലഭിച്ച പരിചരണം തന്നെയാണ് തീരുമാനത്തിനു പിന്നില്‍. സഹപ്രവര്‍ത്തകര്‍ തന്ന സാന്ത്വനം വളരെ വലുതാണ്. ഇനിയും അവരോടൊപ്പം നിന്ന് രോഗികളെ ശുശ്രൂഷിക്കണം. കോവിഡിനെതിരെയുള്ള പോരാട്ടം തുടരാന്‍ രാശി കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ജോലിയില്‍ പ്രവേശിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com