

തിരുവനന്തപുരം: ആധാരം ഹാജരാക്കിയ ദിവസം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി തിരികെ നല്‍കുന്നതിനായി രജിസ്‌ട്രേഷന്‍ നടപടികള്‍ ലഘൂകരിക്കുകയും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയും ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് രജിസ്‌ട്രേഷന്‍ സഹകരണം മന്ത്രി വി എന്‍ വാസവന്‍. നിയമസഭയില്‍ ഒഎസ് അംബിക, എം രാജഗോപാലന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, പിപി സുമോദ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ മന്ത്രി വിശദീകരിച്ചത്.
രജിസ്ട്രാറുടെ മുന്നില്‍ ഹാജരാകേണ്ടതില്ലാത്ത ആധാരങ്ങള്‍ക്ക് പൂര്‍ണമായും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ എല്ലാ ഓഫീസുകള്‍ക്കും ഇ ഓഫീസ് സൗകര്യം ഉറപ്പാക്കും. എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ റിക്കോര്‍ഡ് മുറികളിലും ആധുനിക രീതിയിലുള്ള കോംപാക്ടറുകള്‍ സ്ഥാപിക്കും. ജനസൗഹൃദമാക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. വെബ്‌സൈറ്റ് കൂടുതല്‍ മികവുറ്റതാക്കുന്നതിനും റവന്യൂ, സര്‍വെ വകുപ്പുകളുടെ ആധുനിക വല്‍ക്കരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആധാരങ്ങള്‍ സംസ്ഥാനത്തെ ഏത് ഓഫീസിലും രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. നിലവില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രജിസ്ട്രാര്‍ ഓഫീസുകള്‍ സ്വന്തം കെട്ടിടങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാറ്റി സ്ഥാപിക്കും.
രജിസ്‌ട്രേഷന്‍ വകുപ്പില്‍ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും നിന്ന് വായ്പകളുമായി ബന്ധപ്പെട്ട കരാറുകള്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ ഡിജിറ്റല്‍ രൂപത്തില്‍ കരാര്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നു. എല്ലാ ആധാരങ്ങളുടെയും ഡിജിറ്റല്‍ സാങ്കേതിക രൂപം തയ്യാറാക്കുകയും മുന്‍ ആധാര വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്ന പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കും. ആധാര പകര്‍പ്പുകള്‍ക്കായി ഓഫീസുകളില്‍ വരാതെ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. വിവാഹ രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനിലാക്കും. പാര്‍ട്ട്ണര്‍ ഷിപ്പ്, സൊസൈറ്റി രജിസ്‌ട്രേഷന്‍, ചിട്ടി രജിസ്‌ട്രേഷന്‍ എന്നിവയ്ക്ക് ഡിജിറ്റലാക്കി ഓണ്‍ലൈനില്‍ സേവനങ്ങള്‍ നല്‍കും.
ഒരു ലക്ഷത്തിന് താഴെയുള്ള രജിസ്‌ട്രേഷന് ഇ സ്റ്റാമ്പിങ് പരിഗണനയില്‍
ഒരു ലക്ഷം രൂപയ്ക്ക് താഴെ മുദ്രവില വരുന്ന രജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് ഇ സ്റ്റാമ്പിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.ഇപ്പോള്‍ വിരലില്‍ മഷി പുരട്ടി വിരലടയാളം എടുക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇനി മുതല്‍ രജിസ്‌ട്രേഷനായി ആധാരം ഹാജരാക്കുമ്പോള്‍ കക്ഷികളുടെ വിരലടയാളം ഇലക്ട്രോണിക്ക് ഉപകരണത്തിന്റെ സഹായത്തോടെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി സര്‍ട്ടിഫിക്കറ്റിന്റെ പുറത്തെഴുത്തില്‍ ഫോട്ടോയും വിരലടയാളം പ്രിന്റ് ചെയ്ത് അവലംബിക്കുന്ന രീതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates