തിരുവനന്തപുരം : സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ വന്‍ ക്രമക്കേട് നടന്നെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തുടര്‍നടപടി ഇന്ന് പ്രഖ്യാപിച്ചേക്കും. എല്ലാ മണ്ഡലങ്ങളിലുമായി നാലു ലക്ഷത്തോളം ഇരട്ടവോട്ടുകളുണ്ടെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഇതില്‍ 66 മണ്ഡലങ്ങളിലെ രണ്ടേകാല്‍ ലക്ഷത്തോളം ഇരട്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ ചെന്നിത്തല കമ്മീഷന് കൈമാറി.
ശേഷിക്കുന്ന മണ്ഡലങ്ങളിലെ വിവരങ്ങള്‍ ഉടന്‍ കൈമാറും. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ചെന്നിത്തല പരാതി നല്‍കിയിട്ടുണ്ട്. ഭരണകക്ഷിയില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ ക്രമക്കേട് നടന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ആക്ഷേപം ഉയര്‍ന്ന ജില്ലകളിലെ കളക്ടര്‍മാരോട് സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കിയിരുന്നു.
പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കളക്ടര്‍മാര്‍ കണ്ടെത്തിയതായി സൂചനയുണ്ട്. പല ഇടങ്ങളിലും ഒരാളുടെ പേരില്‍ തന്നെ ഒന്നിലധികം വോട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ പരിശോധന ആവശ്യമാണ്. ഒന്നിലധികം ഉള്ള വോട്ടുകള്‍ മരവിപ്പിക്കും.
ബോധപൂര്‍വം വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും. കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates