

കേരളത്തിലെ മിക്ക വലതുപക്ഷക്കാരുടെയും ആഗ്രഹം ഇടതുപക്ഷക്കാരനായി അറിയപ്പെടുക എന്നതായി മാറിയിട്ടുണ്ടെന്ന് ഡോക്ടര്‍ ഇക്ബാല്‍ ബാപ്പുക്കുഞ്ഞ്. അതിനുള്ള കുറുക്കു വഴിയാണ് പുസ്തക വായനയെന്നും അദ്ദേഹം പരിഹാസരൂപേണ പറയുന്നു. കഴിഞ്ഞ ദിവസം പ്രമുഖ പുസ്തകം വായിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശന്‍, കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടേയും വായനയേയും പുസ്തക രചനയേയും പരിഹസിക്കുന്നതാണ് ഇക്ബാല്‍ ബാപ്പുക്കുഞ്ഞിന്റെ വാക്കുകള്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇക്ബാല്‍ ബാപ്പുക്കുഞ്ഞിന്റെ പരിഹാസം. ആ വാക്കുകളിലേക്ക്:
ഇടതുപക്ഷമാകാന്‍ പുസ്തകം വായിക്കുന്നവര്‍: കേരളീയ പൊതുബോധത്തിലെ വൈരുദ്ധ്യങ്ങള്‍
സവിശേഷതകള്‍ ഏറെയുള്ളത് കൊണ്ട് ലോകശ്രദ്ധ നേടുന്ന പ്രദേശമാണല്ലോ നമ്മുടെ കേരളം. അതേസമയം തന്നെ നിരവധി പ്രതിസന്ധികളും വിചിത്രമായ സ്വഭാവങ്ങളും ഒരേസമയം പ്രകടിപ്പിക്കുന്ന ഇടം കൂടിയാണിത്. സത്യത്തില്‍, ഒരു തരിമ്പെങ്കിലും നര്‍മ്മബോധമുള്ളവര്‍ക്ക് നമ്മുടേത് പോലെ ചിരിക്കാന്‍ ഇത്രയേറെ അവസരം നല്‍കുന്ന മറ്റൊരു നാടുണ്ടാകില്ല. ഒരു ഉദാഹരണം ഒരു ഉദാഹരണം മാത്രം ഇവിടെ സൂചിപ്പിക്കട്ടെ.
ഇടതുപക്ഷ തത്വശാസ്ത്രത്തിന് വലിയ മേധാവിത്വമുള്ള സംസ്ഥാനമാണ് കേരളം. ഞാനൊരു ഇടതുപക്ഷക്കാരനായത് കൊണ്ട് അല്പം സ്വയംവിമര്‍ശനത്തോടെ പറയട്ടെഇടതുകാരല്ലാത്തവര്‍ക്കൊന്നും വലിയ വിവരമോ മൂല്യബോധമോ ഇല്ലെന്നൊരു ധാരണ നമ്മളില്‍ രൂഢമൂലമാണ്. വരായ ഇടതുപക്ഷക്കാര്‍ മോശം വലതുപക്ഷക്കാര്‍ എന്നീങ്ങനെ കേരള സമൂഹത്തെ വിഭജിച്ച് ഇപ്പോഴത്തെ സാഹിത്യഭാഷയില്‍ പറഞ്ഞാല്‍ നല്ലകേരളസമൂഹത്തെ ഒരുതരത്തിലുള്ള അപരവല്‍ക്കരണത്തിനു തന്നെ ഞങ്ങള്‍ വിധേയമാക്കിയുണ്ട്. ഇതൊരു പൊതുബോധമായി തന്നെ മാറിയതോടെ വലതുപക്ഷക്കാരായ മിക്കവരുടെയും ആഗ്രഹം ഒരു ഇടതുപക്ഷക്കാരനായി അറിയപ്പെടുക എന്നതായി മാറിയിട്ടുണ്ട്.
എന്നാല്‍ രാഷ്ട്രീയമായി ഇടതുപക്ഷ ആശയങ്ങള്‍ സ്വീകരിക്കുക ഇവര്‍ക്ക് അത്ര എളുപ്പമല്ല. അതുകൊണ്ട് അവര്‍ ഒരു കുറുക്കുവഴി കണ്ടെത്തിയിട്ടുണ്ട്: ശരാശരി ഇടതുപക്ഷക്കാരന്റെ മുഖമുദ്രയായ 'പുസ്തകവായന' സ്വന്തം ശീലമാക്കുക! സമീപകാലത്ത് പ്രമുഖ വലതുപക്ഷ നേതാക്കളടക്കം തങ്ങള്‍ വലിയ വായനക്കാരാണെന്ന് അവകാശപ്പെട്ടു തുടങ്ങുന്നത് ഇതിന്റെ ഭാഗമായാണ്.
കഴിഞ്ഞദിവസം വന്ദേഭാരത് എക്‌സ്പ്രസ്സില്‍ തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് യാത്ര ചെയ്തപ്പോഴാണ് ഈ മാറ്റം ഞാന്‍ നേരിട്ട് കണ്ടത്. എന്റെ ബോഗിയില്‍ എനിക്ക് നേരിട്ട് പരിചയമുള്ള ഏഴ് വലതുപക്ഷ പ്രവര്‍ത്തകര്‍ സമീപകാലത്തെ ഗൗരവമേറിയ കൃതികള്‍ അതീവ ശ്രദ്ധയോടെ വായിക്കുന്നത് കണ്ടു. അതിലൊരാള്‍ എന്റെ ഫേസ്ബുക്കിലെ 'ഞായര്‍ വായന' പതിവായി നോക്കാറുണ്ടെന്നും അതില്‍ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ വാങ്ങി വായിക്കാറുണ്ടെന്നും സാക്ഷ്യപ്പെടുത്തി.
കഴിഞ്ഞദിവസം ഒരു പ്രമുഖ നേതാവ് പുസ്തകം വായിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ. മാത്രമല്ല ഇടതുപക്ഷക്കാരെക്കാള്‍ വലിയ ഇടത് പക്ഷം തങ്ങളാണെന്നും പലരും അവകാശപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
ഇങ്ങനെ വലതുപക്ഷക്കാര്‍ക്കിടയില്‍ വായന ശക്തമാകുന്നതോടെ, ഭാവിയില്‍ അവര്‍ മൊത്തത്തില്‍ ഇടതുപക്ഷമായി മാറി കേരളം ഒരു 'സമ്പൂര്‍ണ്ണ ഇടതു ജനാധിപത്യ റിപ്പബ്ലിക്' ആയി മാറാനുള്ള സാധ്യതയുണ്ട്! ലോകത്തിന് മുന്നില്‍ നമുക്ക് മറ്റൊരു ലോകോത്തര മാതൃക കൂടി കാട്ടാന്‍ അവസരം ലഭിക്കും
എന്നാല്‍ ഇതിന്റെ മറുവശം അല്പം വൈക്ലബ്യത്തോടെ ചൂണ്ടിക്കാട്ടട്ടെഞങ്ങള്‍ ഇടതുകാരുടെ വായനശീലത്തില്‍ വലിയ കുറവ് വന്നിട്ടുണ്ട്. അതേ വന്ദേഭാരത് യാത്രയില്‍ എന്റെ ബോഗിയിലുണ്ടായിരുന്ന പതിനൊന്ന് ഇടതുപക്ഷ സുഹൃത്തുക്കളില്‍ ഒരാള്‍ പോലും പുസ്തകം വായിക്കുന്നത് ഞാന്‍ കണ്ടില്ല. മിക്കവരും മൊബൈല്‍ ഫോണില്‍ മുഴുകിയിരിക്കുകയായിരുന്നു.
ഈ പ്രവണത തുടര്‍ന്നാല്‍, ഭാവിയില്‍ 'പുസ്തകം വായിക്കുന്ന വലതുപക്ഷക്കാരും പുസ്തകം വായിക്കാത്ത ഇടതുപക്ഷക്കാരും' എന്ന പുതിയൊരു വര്‍ഗ്ഗ വിഭജനം കേരളത്തിലുണ്ടായേക്കാം. പ്രായം നല്‍കുന്ന പരിമിതികള്‍ കൊണ്ട് ആ കാലം കണ്ട് ആസ്വദിക്കാനോ ദുഃഖിക്കാനോ എനിക്ക് കഴിഞ്ഞു എന്ന് വരില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates