'വിരാട് കോലിയുടെയും ഹണി റോസിന്റെയും ഉന്ത് നല്ലതും തൊപ്പിയുടെത് വെറും തള്ളും ആവേണ്ടതില്ല'

തൊപ്പി ഒരു എക്‌സ്ട്രീംലി ടാലന്റഡ് ഗെയിമറായിരിക്കാം. അതാവുകയെന്നത് അത്ര എളുപ്പവുമല്ല
തൊപ്പി ഉദ്ഘാടന വേദിയില്‍/വിഡിയോ ദൃശ്യം
തൊപ്പി ഉദ്ഘാടന വേദിയില്‍/വിഡിയോ ദൃശ്യം
Updated on
2 min read

കോവിഡ് ലോക്ഡൗണ്‍ കാലത്തിനു ശേഷം പൊതുവെ ചുമരുകള്‍ക്കുള്ളില്‍ മൊബൈലിനുള്ളിലേക്ക് ഉള്‍വലിഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നൊരു ശീലം കുട്ടികള്‍ക്കിടയില്‍ കൂടിയിട്ടുണ്ടെന്നും അവരിലേക്ക് ഇഞ്ചക്ട് ചെയ്യപ്പെടുന്ന നെഗറ്റീവ് വിഷയങ്ങളെ ഭയക്കണമെന്നും ഡോക്ടര്‍ ഷിംന അസീസ്. പരിധികള്‍ ലംഘിക്കുന്നുണ്ടെങ്കില്‍ പൂട്ട് വീണേ തീരൂവെന്ന് ഡോ. ഷിംന ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തൊപ്പി എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ ഉദ്ഘാടനത്തിന് എത്തിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാമര്‍ശിച്ചാണ് ഷിംന അസീസീന്റെ പ്രതികരണം.   
എട്ടുംപൊട്ടും തിരിയാത്ത കുട്ടികള്‍ ഇയാളെപ്പോലുള്ളവരോട് അന്ധമായ ആരാധന വെച്ച് പുലര്‍ത്തുന്നേരം മക്കള്‍ക്ക് കൈവിട്ട് പോകുന്ന അതിരുകളെ തിരിച്ച് പിടിക്കാന്‍ നമുക്കാവണമെന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പ്: 

'തൊപ്പി' അഥവാ നിഹാദ് ഒരു ഗെയിമറാണ്. നിലവില്‍ ഇഷ്ടം പോലെ ഹേറ്റേഴ്‌സും അതിലേറെ ഫാന്‍സും അയാള്‍ക്കുണ്ട്. 
ചൈല്‍ഡ്ഹുഡ് ട്രോമ ആവശ്യത്തിലേറെ അനുഭവിച്ച, ചെറുപ്പത്തില്‍ നടത്തിയ ഒരു മോഷണശ്രമത്തിന്റെ പേരില്‍ പത്ത് വര്‍ഷമായി സ്വന്തം പിതാവ് തന്നോട് മിണ്ടാതിരിക്കുന്ന, ഏക സുഹൃത്ത് ആത്മഹത്യ ചെയ്ത തികച്ചും ഏകാകിയായ തൊപ്പി. അവന്റെ വിഷമങ്ങള്‍ മുഴുവന്‍ വാതിലടച്ചിരുന്ന് ഗെയിം കളിക്കുമ്പോഴുള്ള ഒച്ചയിടീലില്‍ തീര്‍ക്കുന്നവന്‍.
ഈ പയ്യനൊരു വളിപ്പാട്ട് പാടിയെന്നതിന്റെ പേരില്‍ എതിര്‍ക്കപ്പെടുന്നത് കണ്ടു. തേന്മാവിന്‍ കൊമ്പത്തില്‍ മോഹന്‍ലാല്‍ 'വളീ.....' എന്ന് പറയുമ്പോള്‍ ക്യൂട്ട് ആവുകയും അതേ വാക്ക് പാടുമ്പോള്‍ അശ്‌ളീലമാവുകയും ചെയ്യുന്നത് എങ്ങനെയാണ് !! ഇവിടെ പല വിഷയങ്ങള്‍ ഒരൊറ്റ വണ്ടിയില്‍ കൂട്ടിക്കെട്ടാതെ ഇഴപിരിച്ച് നോക്കേണ്ടതുണ്ട്. 
'ഫേസ്ബുക്ക് അമ്മാവന്മാരും അമ്മായിമാരും'  എന്ന് ഇന്‍സ്റ്റാഗ്രാം ഡിസ്‌കോര്‍ഡ് തലമുറ സൂചിപ്പിക്കുന്ന എയ്റ്റീസ് നൈന്റീസ് തലമുറക്കാര്‍ പണ്ടേക്ക് പണ്ട് ദിവസങ്ങള്‍ നീണ്ട് നിന്ന ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ ലീവെടുത്ത് ടെലിവിഷനും റേഡിയോയ്ക്കും കീഴെ കുത്തിയിരുന്നിട്ടുണ്ടെങ്കില്‍, ഇന്നും ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന മാസങ്ങളില്‍ തെരുവില്‍ ആള്‍ത്തിരക്കില്ലാതെ കച്ചവടം കുറയുന്നുണ്ടെങ്കില്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്ന സ്ട്രീം കാണാന്‍ പുതിയ ജനറേഷനും സമാനമായ ആവേശം കാണും. സച്ചിനും  മെസ്സിക്കും ആരാധകരുണ്ടായത് പോലെ, ഇവിടെ മികച്ച ഓണ്‍ലൈന്‍ ഗെയിം കളിക്കാര്‍ക്ക് അതിഷ്ടപ്പെടുന്ന ഫാന്‍ ഫോളോവിംഗും കാണും. ഏതൊരു സെലിബ്രിറ്റി പൊതുപരിപാടിക്ക് വന്നാലും ആ സെലിബ്രിറ്റിയെ കാണാന്‍ ആളും ആരവവും ഉന്തും തള്ളുമൊക്കെ ഉണ്ടാവും. അവിടെ വിരാട് കോലിയുടെയും ഹണി റോസിന്റെയും ഉന്ത് നല്ലതും തൊപ്പിയുടെത് വെറും തള്ളും ആവേണ്ടതില്ല. 
തൊപ്പി ഒരു എക്‌സ്ട്രീംലി ടാലന്റഡ് ഗെയിമറായിരിക്കാം. അതാവുകയെന്നത് അത്ര എളുപ്പവുമല്ല. അങ്ങനെ എളുപ്പമല്ലാത്തത് കാണാന്‍ ചരിത്രാതീത കാലം തൊട്ട് ആളുണ്ടായിട്ടുമുണ്ട്. അതൊരു തെറ്റുമല്ല. എന്നാല്‍, ഈ ഗെയിമിനിടയില്‍ അയാളുപയോഗിക്കുന്ന സോ കോള്‍ഡ് തെറിപ്പദങ്ങളും വയലന്റായ ശരീരഭാഷയും കുട്ടികളില്‍ നിന്ന് മറച്ച് പിടിക്കേണ്ടവയാണ്. അവ കുട്ടികള്‍ കേള്‍ക്കരുതെന്നും അവരത് പൊതുമദ്ധ്യത്തില്‍ ഉപയോഗിക്കരുതെന്നും ഒരു സിവിലൈസ്ഡ് സമൂഹത്തിന് നിര്‍ബന്ധമുണ്ട്. 
ഇങ്ങനെയൊരു വിഷയം എടുത്തിട്ടാലുടനെ ഈ നാട്ടില്‍ ചുരുളിയില്ലേ വയലന്‍സ്  സെക്‌സ് സിനിമകളില്ലേ എന്ന ചോദ്യവുമായി ഇറങ്ങാനും ആളുണ്ട്. ഉവ്വ്, അവയെല്ലാം ഇവിടെ നിയമവിധേയമായിത്തന്നെ ഉണ്ട്, പക്ഷേ അവിടെയൊരു വ്യത്യാസമുണ്ടല്ലോ...  ഈ നാട്ടില്‍ ഒരു സിനിമയിറങ്ങുമ്പോള്‍ അതില്‍ വയലന്‍സും തെറിയുമൊക്കെ വരുമ്പോള്‍ അതിലുപയോഗിക്കുന്ന ഭാഷയും രംഗങ്ങളും അനുസരിച്ച് അത് 13+, 16+, 18+ എന്നിങ്ങനെ തരം തിരിച്ചാണതിന് അനുമതി നല്‍കുന്നത്. ചില വാക്കുകള്‍ക്കും അവയിലൂന്നിയ ആശയങ്ങള്‍ക്കും കണ്ണുകളിലും കാതുകളിലുമെത്താന്‍ അതത് പ്രായം ആവുക തന്നെ വേണം.
അങ്ങനെയൊരു സെന്‍സര്‍ഷിപ്പ് ഇല്ലാതെ വായില്‍ തോന്നിയതെന്തും വിളിച്ച് പറയുന്ന, വയലന്റായ ശരീരഭാഷയും ചേഷ്ടയുമായി മുന്നില്‍ വരുന്ന ഒരാളെ കേള്‍ക്കാന്‍ പിഞ്ചു പ്രായത്തിലുള്ള കുട്ടികള്‍ മത്സരിക്കുന്ന സ്ഥിതി അപകടമാണ്. ഉദ്ഘാടനത്തിന് തടിച്ച് കൂടിയ പല കുട്ടികളും ആവേശത്തിനിടയില്‍ വിളിച്ച് പറയുന്ന ഭാഷയും ചേഷ്ടയും കണ്ട് അമ്പരന്ന് ഭയപ്പെട്ട് പോയവരുണ്ട്, അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. 
കോവിഡ് ലോക്ഡൗണ്‍ കാലത്തിനു ശേഷം പൊതുവെ ചുമരുകള്‍ക്കുള്ളില്‍ മൊബൈലിനുള്ളിലേക്ക് ഉള്‍വലിഞ്ഞിരിക്കാന്‍ ഇഷ്ടപ്പെടുന്നൊരു ശീലം കുട്ടികള്‍ക്കിടയില്‍ വല്ലാതെ കൂടിയിട്ടുണ്ട്. ആ മക്കളിലേക്ക് ഇഞ്ചക്ട് ചെയ്യപ്പെടുന്ന നെഗറ്റീവ് വിഷയങ്ങളെ ഭയക്കണം. അവിടെ പരിധികള്‍ ലംഘിക്കുന്നുണ്ടെങ്കില്‍ പൂട്ട് വീണേ തീരൂ. എട്ടുംപൊട്ടും തിരിയാത്ത കുട്ടികള്‍ ഇയാളെപ്പോലുള്ളവരോട് അന്ധമായ ആരാധന വെച്ച് പുലര്‍ത്തുന്നേരം നമ്മുടെ മക്കള്‍ക്ക് കൈവിട്ട് പോകുന്ന അതിരുകളെ തിരിച്ച് പിടിക്കാന്‍ നമുക്കാവണം.
കുട്ടികളുടെ മുന്നിലെത്തുന്ന ഗെയിമിങ്ങിന്റെ രസം തെറിയല്ല, പെര്‍ഫോമന്‍സാണ്. കാര്യങ്ങള്‍ ശക്തമായും വ്യക്തമായും തന്നെ പറഞ്ഞ് മക്കളെ മനസ്സിലാക്കി കൊടുക്കുക. 
തൊപ്പിയിടുന്നത് നല്ലതാവുന്നത്, അത് ജീവിതത്തില്‍ തോറ്റ് തൊപ്പിയിടല്‍ ആവാത്തിടത്തോളമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com