കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും അരൂരിലെ ഡിഎസ്ജെപി സ്ഥാനാർഥിയായിരുന്ന നടി പ്രിയങ്ക അനൂപ്. സ്ഥാനാർഥിയാകാൻ ആവശ്യപ്പെട്ടപ്പോൾ പറഞ്ഞിരുന്ന വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.
പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎൽഎ ആക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് നൽകിയത്. വിവാദ ദല്ലാൾ നന്ദകുമാറാണ് മത്സരിക്കാൻ പ്രേരിപ്പിച്ചതെന്നും പ്രിയങ്ക പറഞ്ഞു.
കുണ്ടറയിലെ ഡിഎസ്ജെപി സ്ഥാനാർഥിയായിരുന്ന ഷിജു എം. വർഗീസിന്റെ വാഹനത്തിന് നേരേ ബോംബേറ് നാടകം നടത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരായതാണ് പ്രിയങ്ക. ബോംബേറ് നാടകത്തിലെ ഗൂഢാലോചനയിൽ പങ്കുണ്ടോ എന്നറിയാനാണ് പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പ് ദിവസം പുലർച്ചയാണ് ഷിജുവിന്റെ കാറിന് നേരേ പെട്രോൾ ബോംബെറിഞ്ഞത്. സംഭവം നാടകമാണെന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഷിജു വർഗീസ് ഉൾപ്പടെ നാലുപേർ അറസ്റ്റിലായി.
വെണ്ണലയിലെ തന്റെ വീടിനടുത്തുള്ള മഹാദേവ ക്ഷേത്ര ഭാരവാഹിയായ നന്ദകുമാറിനെ ക്ഷേത്രത്തിൽ വെച്ചു കണ്ടുള്ള പരിചയമാണുള്ളതെന്ന് പ്രിയങ്ക പറഞ്ഞു. ഷിജു എം. വർഗീസുമായി യാതൊരു ബന്ധവുമില്ലെന്നും ചില കമ്മിറ്റികളിൽ കണ്ടിട്ടുണ്ടെന്നും നടി പൊലീസിനോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates