

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഇ–സർവീസ് ബുക്ക് നടപ്പാക്കി ധനവകുപ്പ്. ഈ വർഷം ജനുവരി ഒന്ന് മുതൽ സർവീസിൽ കയറിയവർക്ക് ഇ–സർവീസ് ബുക്ക് മാത്രമാവും ഉണ്ടാവുകയെന്ന് ഉത്തരവിൽ ധനവകുപ്പ് വ്യക്തമാക്കി. 2023 ഡിസംബർ 31നോ അതിന് മുൻപോ വിരമിക്കുന്നവർക്ക് ഇപ്പോഴത്തെ സർവീസ് ബുക്ക് തുടരാമെന്നാണ് നിർദേശം.
ഇൻക്രിമെന്റ്, സ്ഥാനക്കയറ്റം, ഗ്രേഡ് എന്നീ മാറ്റങ്ങൾ വഴി ശമ്പളത്തിൽ ഉണ്ടാകുന്ന വ്യത്യാസം അടുത്ത മാസം ഒന്നു മുതൽ ഇ സർവീസ് ബുക്കിൽ രേഖപ്പെടുത്തും. കഴിഞ്ഞ ജനുവരിയിൽ സർവീസിൽ കയറിയവരോ 2023 ഡിസംബറിൽ സർവീസ് അവസാനിക്കുന്നവരോ അല്ലാത്തവർക്ക് സാധാരണ സർവീസ് ബുക്കും ഇ–സർവീസ് ബുക്കും ഉണ്ടാകും. ഇവരുടെ ഇപ്പോഴത്തെ സർവീസ് ബുക്കിലുള്ള എല്ലാ വിവരങ്ങളും 2022 ഡിസംബർ 31നു മുൻപായി ഇ–സർവീസ് ബുക്കിൽ ചേർക്കണം.
ഇ–സർവീസ് ബുക്കിലെ വിവരങ്ങൾ ജീവനക്കാർക്ക് അവരുടെ സ്പാർക് ലോഗിൻ വഴി കാണാൻ കഴിയും. സ്പാർക്കിൽ മൊബൈൽ നമ്പറും ഇ–മെയിലും അടക്കമുള്ള വിവരങ്ങൾ നൽകിയാണ് ലോഗിൻ തയ്യാറാക്കേണ്ടത്. ധന വകുപ്പിലെ (പെൻഷൻ ബി) വിഭാഗത്തിനാണ് ഇ സർവീസ് ബുക്കിന്റെ ചുമതല. ഇ–സർവീസ് ബുക്കിലെ മാറ്റങ്ങൾ രണ്ട് മാസം കൂടുമ്പോൾ ധനവകുപ്പ് വിലയിരുത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates