ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പു നല്‍കാനായില്ല, ജിയോളജിക്കല്‍ സര്‍വേയുടെ എഐ സംവിധാനം പാളി

പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ സ്ഥാപിച്ച അത്യാധുനിക സംവിധാനം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്
wayanad landslide
ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട്ടിലെ പ്രദേശംഎപി
Updated on
1 min read

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ സ്ഥാപിച്ച അത്യാധുനിക സംവിധാനം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമാണ് എന്ന് കണ്ട് പത്തുദിവസം മുന്‍പാണ് വയനാട്ടില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം സ്ഥാപിച്ചത്. എന്നാല്‍ കേരളം കണ്ടതില്‍ വച്ചുള്ള ഏറ്റവും വലിയ പ്രകൃതി ദുരന്തം ഇന്നലെ വയനാട്ടില്‍ സംഭവിച്ചത് മുന്‍കൂട്ടി അറിയിച്ച് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സംവിധാനത്തിന് സാധിച്ചില്ല.

വയനാട്ടിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന അപകടസാധ്യത മുന്നില്‍ കണ്ട് ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള അത്യാധുനിക സംവിധാനമാണ് അവതരിപ്പിച്ചത്. എന്നാല്‍ നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കരണ നടപടികളും കൃത്യത മെച്ചപ്പെടുത്തലുകളും കാരണം മുണ്ടക്കൈയില്‍ ഉണ്ടായ ദുരന്തം മുന്‍കൂട്ടി അറിയിക്കുന്നതില്‍ സംവിധാനം പരാജയപ്പെട്ടു.

'ഞങ്ങള്‍ ഇപ്പോഴും ഓട്ടോമേറ്റഡ് സംവിധാനം കാര്യക്ഷമമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ കഴിഞ്ഞില്ല. പ്രവചനത്തിന്റെ കൃത്യത മെച്ചപ്പെടുത്താന്‍ ഇതിനെ കുറച്ച് കൂടി പരിഷ്‌കരിക്കേണ്ടതുണ്ട്'- ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈ 19ന് കേന്ദ്ര കല്‍ക്കരി മന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് വയനാട്ടിലെ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. കൊല്‍ക്കത്തയിലെ ജിഎസ്‌ഐ ആസ്ഥാനത്ത് സ്ഥാപിച്ച ദേശീയ മണ്ണിടിച്ചില്‍ പ്രവചന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടൊപ്പമാണ് വയനാട് യൂണിറ്റും അവതരിപ്പിച്ചത്. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അപകട മുന്നറിയിപ്പ് മുന്‍കൂട്ടി നല്‍കുന്നതിനാണ് കൊല്‍ക്കത്തയില്‍ പുതിയ കേന്ദ്രം തുടങ്ങിയത്. പശ്ചിമഘട്ടവും ഹിമാലയന്‍ പ്രദേശവും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ജില്ലകളായ വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാനാണ് ജിഎസ്‌ഐ തീരുമാനിച്ചിരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജിഎസ്‌ഐയുടെ മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ എല്ലായ്‌പ്പോഴും മുണ്ടക്കൈയുടെ മുകള്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ മണ്ണിടിച്ചില്‍ പഠനത്തിനുള്ള നോഡല്‍ ഏജന്‍സിയാണ് ജിഎസ്‌ഐ. 2018 മുതല്‍ ചെറിയ തോതില്‍ സ്ഥിരമായി മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലം എന്ന നിലയിലാണ്് മുണ്ടക്കൈ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പട്ടികയില്‍ ഇടംപിടിച്ചത്.

'ഞങ്ങള്‍ ഒന്നിലധികം സര്‍വേകള്‍ നടത്തുകയും മണ്ണിടിച്ചില്‍ സാധ്യതയുള്ള ദേശീയ ഭൂപടത്തില്‍ ഈ പ്രദേശത്തെ അടയാളപ്പെടുത്തുകയും ചെയ്തു, ഏറ്റവും പുതിയ മണ്ണിടിച്ചില്‍ നദിയുടെ ഗതിയെ വിനാശകരമായ രീതിയില്‍ മാറ്റിമറിച്ചു.'- ഉദ്യോഗസ്ഥന്‍ പറഞ്ഞു. മേഖലയില്‍ ദുരന്താനന്തര പഠനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ജിഎസ്‌ഐ അറിയിച്ചു.

wayanad landslide
മരണം 180, കാണാതായവര്‍ 225; സ്ഥീരീകരിച്ച് റവന്യൂവകുപ്പ്; രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഹായമെത്തിക്കണമെന്ന് ഗവര്‍ണര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com