

കൊണ്ടോട്ടി: നെടിയിരുപ്പ് മേഖലയിലുണ്ടായ വൻ മുഴക്കത്തിന്റെ ഉറവിടം തേടി പൊലീസ്. ശക്തമായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും സ്ഫോടനത്തെ തുടർന്നുള്ള പ്രകമ്പനമാണെന്നും ജിയോളജി വകുപ്പ് റിപ്പോർട്ട് നൽകിയത്തോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞയാഴ്ചയാണ് ജനങ്ങളെ ആശങ്കയിലാക്കും വിധം വലിയ പ്രകമ്പനമുണ്ടായത്. ജനുവരി 23ന് രാത്രി പത്തിന് ശേഷമാണ് നെടിയിരുപ്പ്, മൊറയൂർ മേഖലയിൽ വൻ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്. ഭൂചലനമെന്ന് കരുതി നാട്ടുകാർ റോഡിലിറങ്ങി. പൊലീസ് എത്തിയാണ് രാത്രി നാട്ടുകാരെ വീടുകളിലേക്ക് തിരിച്ചയച്ചത്.
24ന് തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ അധികൃതർ പരിശോധന നടത്തി. വീടുകൾക്കോ കെട്ടിടങ്ങൾക്കോ കേടുപാടുകളൊന്നും പരിശോധനയിൽ കണ്ടെത്തിയില്ല. ഭൂചലനമല്ലെന്ന് ജിയോളജി അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായി. സ്ഫോടനത്തെ തുടർന്നാണ് മുഴക്കവും പ്രകമ്പനവുമുണ്ടായതെന്നാണ് അനുമാനമെങ്കിലും ഇത് ഉറപ്പിക്കാൻ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല.
ക്വാറികളിലോ കുഴൽകിണറിലോ നടത്തിയ സ്ഫോടനത്തെ തുടർന്നാണ് ഭൂചലനം അനുഭവപ്പെടുത്തും വിധം പ്രകമ്പനം ഉണ്ടായതെന്നാണ് പൊലീസ് നിഗമനം. മേഖലയിൽ നിരവധി ക്വാറികൾ സ്ഥിതി ചെയ്യുന്നുണ്ട്. അന്വേഷണത്തിന് പോലീസ് ബോംബ് സ്ക്വാഡിന്റെ സഹായം തേടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates